ഇന്ത്യ തിരിച്ചു വരുന്നു? 2021 - 22ല്‍ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ 11 ശതമാനം

സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയോടെ സാമ്പത്തിക സര്‍വെ

Update: 2021-01-29 12:39 GMT

കോവിഡ്19നെ തുടര്‍ന്നുള്ള സാമ്പത്തിക തളര്‍ച്ചയില്‍ നിന്നും രാജ്യം തിരിച്ചു വരുമെന്ന് പ്രവചിച്ച് സാമ്പത്തിക സര്‍വേ. 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളര്‍ച്ച നേടുമെന്ന പ്രതീക്ഷയാണ് സാമ്പത്തിക സര്‍വേയിലുള്ളത്. ഫെബ്രുവരി 1ന് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വേ സമര്‍പ്പിച്ചു.

അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്നും സര്‍വേ പറയുന്നു. റിസര്‍വ് ബാങ്കിന്റേയും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റേയും കണക്കുകള്‍ക്ക് സമാനമാണിത്. ഇന്ത്യയുടെ ജിഡിപി ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം ഇടിയുമെന്ന് റിസര്‍വ് ബാങ്കും 7.7 ശതമാനം ഇടിയുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസും നേരത്തെ പറഞ്ഞിരുന്നു.

2021- 22ന്റെ ആദ്യ പകുതിയില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 14.2 ശതമാനം ആയിരിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രവചനം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്ത് അതിവേഗം വളര്‍ച്ച കൈവരിക്കുന്ന രാജ്യമായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിച്ചിരുന്നു. ഇന്ത്യ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 11.5 ശതമാനവും 2022 - 23ല്‍ 6.8 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ സഹായത്തോടെ ഇന്ത്യയുടെ സാമ്പത്തിക തിരിച്ചു വരവ് 'V' ആകൃതിയില്‍ കുതിച്ചു കയറുമെന്ന് സര്‍വേ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ആഗോള മഹാമാരി മൂലം കടുത്ത സാമ്പത്തിക ആഘാതം ഉണ്ടായിയെങ്കിലും സ്ഥിരതയുള്ള രൂപയുടേയും വര്‍ദ്ധിക്കുന്ന വിദേശ നാണ്യ ശേഖരത്തിന്റേയും സഹായത്തോടെ സാമ്പത്തിക വ്യവസ്ഥ തിരിച്ചു വരുമെന്ന് സര്‍വേ പറയുന്നു.

202021 സാമ്പത്തിക വര്‍ഷത്തില്‍ സേവന, നിര്‍മ്മാണ, മാനുഫാക്ചറിങ് മേഖലകള്‍ തകര്‍ന്നപ്പോള്‍ കാര്‍ഷിക മേഖല മാത്രമാണ് പിടിച്ചു നിന്നത്.

ദാരിദ്ര്യത്തില്‍ നിന്നും കൂടുതല്‍ പേരെ പുറത്ത് കൊണ്ടു വരുന്നതിനുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് ഇന്ത്യ തുടര്‍ന്നും ശ്രദ്ധിക്കണമെന്ന് സര്‍വേ പറയുന്നു.

നൂറ്റാണ്ടിലൊരിക്കല്‍ ഉണ്ടാകുന്ന മഹാമാരിക്ക് ഇടയിലും രോഗത്തിന്റെ രണ്ടാം തരംഗത്തെ ഒഴിവാകുന്നതും അതേസമയം സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചുവരുന്നതും തന്ത്ര പ്രധാന നയങ്ങളുടെ രൂപീകരണത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനം നല്‍കുമെന്ന് സര്‍വേ തയ്യാറാക്കിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വിവിധ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന ക്രെഡിറ്റ് റേറ്റിങ്ങുകള്‍ യഥാര്‍ത്ഥ വസ്തുതകളെ പ്രതിഫലിക്കുന്നില്ലെന്ന് സര്‍വേ വാദിക്കുന്നു.


Tags:    

Similar News