വന്‍ സംഭവമാകാന്‍ മോദിയുടെ ഗിഫ്റ്റ് സിറ്റി; കുതിക്കുന്നു ഗുജറാത്ത്

രാജ്യാന്തര സാമ്പത്തിക സേവന-ഐ.ടി കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ് മോദിയുടെ പ്രിയപ്പെട്ട പദ്ധതിയായ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി എന്ന ഗിഫ്റ്റ് സിറ്റി

Update:2024-02-25 14:30 IST
അടുത്ത ഏതാനും വര്‍ഷം കൊണ്ട് ദുബൈയെയും സിംഗപ്പൂരിനെയും മറികടക്കുന്ന രാജ്യാന്തര സാമ്പത്തിക സേവന- സാങ്കേതിക വിദ്യാ കേന്ദ്രമാകാനുള്ള ഒരുക്കത്തിലാണ് ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തില്‍ വിരിഞ്ഞ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി എന്ന ഗിഫ്റ്റ് സിറ്റി (GIFT ctiy) പൂര്‍ണതയിലെത്തുമ്പോള്‍ രാജ്യത്തിന്, പ്രത്യേകിച്ച് ഗുജറാത്തിന് അത് വലിയൊരു നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 20 മിനുട്ട് യാത്ര ചെയ്താല്‍ എത്തിപ്പെടാവുന്ന സ്ഥലത്ത് ആയിരം ഏക്കറിലാണ് ഇപ്പോള്‍ ഗിഫ്റ്റ് സിറ്റി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നിരവധി കമ്പനികളുടെ ഓഫീസുകള്‍ക്ക് പുറമേ റെസിഡന്‍ഷ്യല്‍ പദ്ധതികള്‍, സ്‌കൂള്‍, ആശുപത്രികള്‍ തുടങ്ങിയവയൊക്കെ നിര്‍മിച്ചുവരുന്നു. 2007ല്‍ പ്രഖ്യാപിച്ച പദ്ധതി, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നു.
സാമ്പത്തിക സേവന രംഗത്തുള്ള നിരവധികമ്പനികള്‍ ഇപ്പോള്‍ തന്നെ ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വിവിധ കമ്പനികളിലായി 26,000 പേര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2020 ഏപ്രില്‍ മുതല്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്‌സ് അതോറിറ്റി (IFSCA) പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയില്‍ ബിസിനസ്-നിക്ഷേപ സൗഹൃദമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം ഇതിനുകീഴില്‍ നടക്കുന്നു.
നിയമങ്ങളിലും നികുതിയിലും ഇളവ്
വിദേശ സംരംഭങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ മികച്ചതും വ്യക്തതയുള്ളതുമായ നിയമങ്ങളും നികുതി ഇളവുകളും ബിസിനസ് സൗഹൃദ അന്തരീക്ഷവുമൊക്കെയാണ് ഗിഫ്റ്റ് സിറ്റിയുടെ ആകര്‍ഷണം. അതുകൊണ്ടു തന്നെ നിരവധി വിദേശ സ്ഥാപനങ്ങള്‍ ഗിഫ്റ്റ് സിറ്റിയില്‍ കണ്ണുവെയ്ക്കുന്നുണ്ട്. യു.എ.ഇയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ പ്രവര്‍ത്തനം ഉടന്‍ ഇവിടെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ജപ്പാനിലെ മിഷുഓ ബാങ്ക് ഐ.എഫ്.എസ്.സി ബാങ്കിംഗ് യൂണിറ്റും യു.എ.ഇ ആസ്ഥാനമായുള്ള ട്രാന്‍സ്‌വേള്‍ഡ് ഗ്രൂപ്പ് എയര്‍ക്രാഫ്റ്റ്, ഷിപ്പ് ലീസിംഗ് യൂണിറ്റും തുടങ്ങാനുള്ള പദ്ധതിയിലാണ്. ഒ.എന്‍.ജി.സി വിദേശ്, വിപ്രോ, ആക്‌സഞ്ചര്‍ തുടങ്ങിയവയെല്ലാം ഇവിടെ പ്രവര്‍ത്തനം തുടങ്ങും. കൂടാതെ കേന്ദ്രം ഫിന്‍ടെക് ലബോറട്ടറിയും തുറക്കും.
വരുന്നൂ, ലോകോത്തര കമ്പനികള്‍
ഇവിടെ പ്രവര്‍ത്തിക്കുന്ന ഗിഫ്റ്റ് ഐ.എഫ്.എസ്.സി പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു രാജ്യാന്തര ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ മൂന്ന് എക്‌സ്‌ചേഞ്ചുകള്‍, ഒമ്പത് വിദേശ സ്ഥാപനങ്ങള്‍ ഉൾപ്പെടെ 25 ബാങ്കുകള്‍, 29 ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, രണ്ട് വിദേശ സര്‍വകലാശാലകള്‍, 26 എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനികള്‍ 40 ഫിന്‍ടെക് കമ്പനികള്‍, 50 പ്രൊഫഷണല്‍ സേവനദാതാക്കള്‍ ഉള്‍പ്പെടെ 580 സ്ഥാപനങ്ങള്‍ക്ക് ഇവിടെ സാന്നിധ്യമുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍െപ്പടെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ മികച്ച അവസരമായാണ് ഗിഫ്റ്റ് സിറ്റിയെ കാണുന്നത്. പരിധികളില്ലാതെ വിദേശ നാണ്യ വിനിമയത്തിനുള്ള സൗകര്യം ലഭ്യമാകുന്നതു കൊണ്ടുതന്നെ രാജ്യാന്തര തലത്തില്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമാകും. നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി മൗറീഷ്യസ്, യു.എ.ഇ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ആസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ ഗിഫ്റ്റ് സിറ്റിയിലേക്ക് ആസ്ഥാനം മാറ്റുന്നതിനുള്ള സാധ്യതകളും തെളിഞ്ഞുവരുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
കുറഞ്ഞ നിരക്കില്‍ വായ്പ
സംരംഭങ്ങള്‍ക്ക് പല തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഇവിടെ ലഭിക്കുന്നത്. ബാങ്കുകള്‍ക്ക് 10 വര്‍ഷത്തെ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതുവഴി അവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ കഴിയുന്നു. അതിലൂടെ കൂടുതല്‍ ബിസിനസ് കണ്ടെത്താനും കഴിയും. ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നേരിട്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാം എന്ന നിര്‍ദേശവും അടുത്തിടെ പുറപ്പെടുവിച്ചിട്ടുണ്ട്. 2024 ഏപ്രിലോടെ ഇത് സാധ്യമായേക്കും. ഇവിടെ പ്രവര്‍ത്തിക്കുന്ന ബി.എസ്.ഇയുടെ ഇന്ത്യ ഐ.എന്‍.എക്‌സ്, എന്‍.എസ്.ഇയുടെ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് എന്നിവ ലയിച്ച് ഗിഫ്റ്റ് നിഫ്റ്റി എന്നപേരില്‍ ഒന്നാകും. ഏകദേശം 20 ശതകോടി ഡോളറാണ് ഇതിലെ വിറ്റുവരവ്. കൂടുതലും ഡോളറിലാണ് വ്യാപാരം നടക്കുന്നത് എന്നതുകൊണ്ടു തന്നെ വിദേശ നിക്ഷേപകരെ ഇത് ആകര്‍ഷിക്കും.
വൈവിധ്യമാര്‍ന്ന കമ്പനികള്‍
ബാങ്കിംഗ് ഫിനാന്‍സ് സേവനങ്ങള്‍ക്ക് പുറമേ ഗിഫ്റ്റ് സിറ്റി ഇന്‍ഷുറന്‍സ് സേവനദാതാക്കളുടെ ഇടമായും മാറും. റിഇന്‍ഷുറന്‍സ് മേഖലയുടെ ഹബ് ആയി ഗിഫ്റ്റ് സിറ്റിയെ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെല്ലാം ഇവിടെ സാന്നിധ്യം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.
നിരവധി വിദേശ സര്‍വകലാശാലകളും ഇവിടേക്ക്വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വൂലങ്‌ഗോങ് എന്നിവ ക്യാമ്പസ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. കപ്പല്‍, വിമാനം എന്നിവ പാട്ടത്തിന് നല്‍കുന്ന കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗം. ഇതിനായി വിദേശ കമ്പനികളെ ആശ്രയിച്ചിരുന്നിടത്ത് ഇപ്പോള്‍ ഗിഫ്റ്റ് സിറ്റിയില്‍ സേവനം ലഭ്യമാക്കുന്നു. കപ്പലുമായി ബന്ധപ്പെട്ട എട്ട് കമ്പനികളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 3430 ഏക്കറിലേക്ക് ഗിഫ്റ്റ് സിറ്റി വ്യാപിപ്പിക്കാനാണ് പദ്ധതി. ഇവിടേക്കുള്ള മെട്രോ ലൈനിന്റെ നിര്‍മാണവും നടന്നുവരുന്നുണ്ട്.
ഗിഫ്റ്റ് സിറ്റിയില്‍ മദ്യവും!
ഗുജറാത്ത് സംസ്ഥാനത്ത് മദ്യ നിരോധനം നിലനില്‍ക്കെ ഗിഫ്റ്റ് സിറ്റിയിലെ ഹോട്ടലുകള്‍, ക്ലബുകള്‍, റെസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ അനുശാസിക്കുന്ന നിബന്ധനകള്‍ക്ക് അനുസരിച്ച് വേണം മദ്യം വില്‍ക്കാന്‍. ഇതിനായി ഗാന്ധിനഗറിലെ സൂപ്രണ്ട് ഓഫ് പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് നല്‍കുന്നലൈസന്‍സ് ആവശ്യമാണ്. ഗിഫ്റ്റ് സിറ്റിയിലെ ജീവനക്കാര്‍, ഓഫീഷ്യലുകള്‍, ഔദ്യോഗിക സന്ദര്‍ശകര്‍ എന്നിവര്‍ക്ക് മാത്രമേ മദ്യം ലഭ്യമാക്കുകയുള്ളൂ. എന്നാല്‍ ഇവിടെ വില്‍ക്കുന്ന മദ്യം ഗിഫ്റ്റ് സിറ്റി ക്യാംപസിന് പുറത്ത് കൊണ്ടുപോകാന്‍ അനുദിക്കില്ല.
(This article was originally published in Dhanam Magazine February 15th issue)
Tags:    

Similar News