സ്വര്‍ണ്ണ വായ്പ കൂടും, എന്‍ ബി എഫ് സികള്‍ക്ക് നേട്ടമാകും

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണവായ്പയില്‍ വളര്‍ച്ചയുണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍;

Update:2020-10-29 10:52 IST

രാജ്യത്ത് അണ്‍ലോക്കിംഗ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ, സ്വര്‍ണവായ്പയില്‍ മുന്നേറ്റമുണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. അത്യാവശ്യമായ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വ്യക്തികളും പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ വേണ്ടി സൂക്ഷ്മ സംരംഭകരും സ്വര്‍ണവായ്പയെ കൂടുതലായി ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്ന് ക്രിസില്‍ അനുമാനിക്കുന്നു. അതുകൊണ്ട് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണപ്പണയ വായ്പാ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ അസറ്റ് അണ്ടര്‍മാനേജ്‌മെന്റ് (എയുഎം)ല്‍ 15-18 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ക്രിസില്‍ റിപ്പോര്‍ട്ട്.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ സ്വര്‍ണപ്പണയ വായ്പ വിതരണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നില്ല. സ്വര്‍ണ വായ്പാ തിരച്ചടവില്‍ എന്‍ ബി എഫ് സികള്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയില്ലെന്നാണ് ക്രിസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വായ്പാ പുതുക്കി വെയ്ക്കല്‍ പ്രവണതയും കൂടുന്നുണ്ട്. ഇത് എന്‍ബിഎഫ്‌സികള്‍ക്ക് ഗുണകരമാകുമെന്നാണ് ക്രിസില്‍ നിഗമനം.

ആഗസ്തില്‍ ആര്‍ബിഐ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ പണയം വെയ്ക്കുന്ന സ്വര്‍ണത്തിന് ലഭിക്കുന്ന വായ്പാതുകയുടെ പരിധി വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ സ്വര്‍ണാഭരണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും. മുന്‍പ് ഇത് 75 ശതമാനമായിരുന്നു. നിലവില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ഈ ഉയര്‍ന്ന ലോണ്‍ ടു വാല്യുവിന് സാധുതയുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News