ബജറ്റിന് ശേഷം മൂന്നാം ദിവസവും കേരളത്തില്‍ സ്വര്‍ണവില ഇടിവ്

ഇന്നു മാത്രം കുറഞ്ഞത് 320 രൂപ. മൂന്നു ദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപയിലേറെ.

Update:2021-02-03 16:00 IST

തുടര്‍ച്ചയായി മൂന്നാം ദിവസവും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,120 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 4,475 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ച്ച ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം അന്നു തന്നെ 400 രൂപയോളം കുറവു വന്നിരുന്നു. ബജറ്റ് ദിവസം രാവിലെ 36,800 രൂപയായിരുന്നു പവന് വില. തുടര്‍ന്നുള്ള രണ്ടുദിവസംകൊണ്ട് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ 1,000 രൂപയുടെ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് ഈ കുറവ് എന്ന് വിപണി വിദഗ്ധര്‍. നിലവില്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും 12.5 ശതമാനം ഇറക്കുമതി തീരുവയുണ്ട്. ഇത് വരുന്ന ഏപ്രില്‍ മുതല്‍ കുറയ്ക്കാനാണ് തീരുമാനം.
എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) ഏപ്രില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 48,000 രൂപയ്ക്ക് മുകളില്‍ കുതിച്ചത് കാണം (10 ഗ്രാമിന്).കൂടാതെ മാര്‍ച്ചിലെ വെള്ളി ഫ്യൂച്ചറുകള്‍ 2 ശതമാനം ഉയര്‍ന്നിട്ടുമുണ്ട്. രാവിലെ 9.20 സമയം 10 ഗ്രാമിന് 48,024 രൂപ എന്ന നിലവാരത്തിലാണ് എംസിഎക്സില്‍ സ്വര്‍ണവ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയില്‍ ഏപ്രില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 1,833.40 ഡോളര്‍ എന്ന നിലവാരത്തിലെത്തി. മാര്‍ച്ചിലെ വെള്ളി ഫ്യൂച്ചറുകള്‍ ഔണ്‍സിന് 26.40 ഡോളറും കയ്യടക്കി. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിനും വെള്ളിക്കും കാര്യമായ വിലയിടിവ് സംഭവിച്ചിട്ടുണ്ട്. 10 ഗ്രാമിന് 47,751 രൂപ നിലവാരം സ്വര്‍ണവും കിലോയ്ക്ക് 67,541 രൂപ നിലവാരം വെള്ളിയും പുലര്‍ത്തുന്നു.
ചെന്നൈയില്‍ 45,640 രൂപയും കൊല്‍ക്കത്തയില്‍ 48,070 രൂപയും സ്വര്‍ണവില രേഖപ്പെടുത്തുന്നുണ്ട്. മുംബൈയില്‍ 47,580 രൂപയ്ക്കാണ് 10 ഗ്രാം സ്വര്‍ണം വില്‍ക്കപ്പെടുന്നത്. ഡല്‍ഹിയില്‍ 47,290 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 10 ഗ്രാം വെള്ളിക്ക് 675 രൂപയാണ് ബുധനാഴ്ച്ച വില. വെള്ളിയുടെ 10 ഗ്രാം വിലയില്‍ 35 രൂപയുടെ ഇടിവ് സംഭവിച്ചിട്ടുണ്ട്.






Tags:    

Similar News