സ്വര്‍ണ വിലയില്‍ വീണ്ടും ഉയര്‍ച്ച; പവന് 35,688 രൂപ

Update:2020-06-23 12:00 IST

ഇന്നലെ റെക്കോഡ് ഭേദിച്ച സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഇന്നു പവന് 8 രൂപയാണു കൂടിയത്, എക്കാലത്തെയും ഉയര്‍ന്ന വിലയായ 35,688 രൂപയിലേക്ക്.

ഗ്രാമിനു വില 1 രൂപ ഉയര്‍ന്ന് 4461 രൂപയായി.ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവില റെക്കോഡ് നിലയിലേക്ക് കുതിക്കാന്‍ മുഖ്യ കാരണങ്ങള്‍. വിലയോട് പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 40000 രൂപയോളം ഉപഭോക്താവ് നല്‍കേണ്ടിവരും.  പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു ജനുവരി ഒന്നിന് വില.

ലാഭമെടുക്കാന്‍ വന്‍ തോതില്‍ വില്‍പ്പനയ്ക്കു നിക്ഷേപകര്‍ തയ്യാറായാല്‍ മാത്രമേ സ്വര്‍ണ വില ഉടന്‍ താഴാന്‍ സാധ്യതയുള്ളൂ എന്നാണ് വിപണിവൃത്തങ്ങളില്‍ നിന്നുള്ള സൂചന. കോവിഡില്‍ മറ്റ് വിപണികള്‍ അനിശ്ചിതത്വത്തിലായതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയ്ക്കിടയാക്കി.

ലോകത്ത് സ്വര്‍ണ ഉപഭോഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. സ്വര്‍ണ ഖനനം താരതമ്യേന കുറച്ചുമാത്രം നടക്കുന്ന ഇന്ത്യയില്‍, ഉപഭോഗത്തിന്റെ ഭൂരിഭാഗവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News