വീണ്ടും 35000 രൂപയിലേക്ക് താഴ്ന്ന് സ്വര്‍ണം

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ 480 രൂപ ഇടിവ്. ഏഴ് മാസത്തിനുശേഷം ഏറ്റവും കുറഞ്ഞ നിരക്ക്. ഇനിയും കുറയുമോ? വില കുറയാന്‍ സഹായിച്ച ഘടകങ്ങളെന്താണ്?

Update: 2021-02-05 10:03 GMT

കേരളത്തില്‍ അടുത്ത കാലത്തെ ഏറ്റവും വലിയ വിലക്കുറവിലേക്ക് സ്വര്‍ണം. ബജറ്റിനുശേഷം തുടര്‍ച്ചയായ വിലക്കുറവ് പ്രകടമാക്കിയ റീറ്റെയ്ല്‍ വിപണിയില്‍ ഇന്ന് പവന് 480 രൂപ കുറഞ്ഞ് 35000 രൂപയായി. ഒരു ഗ്രാമിന് 4375 രൂപയുമായി. പുതുവര്‍ഷത്തിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണ് ഇത്. മാസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരി ഒന്നിനായിരുന്നു സ്വര്‍ണത്തിന് കഴിഞ്ഞ കുറച്ചു കാലത്തെ ഏറ്റവും വലിയ വിലക്കുറവ് രേഖപ്പെടുത്തിയത്. പവന് 36800 രൂപയായിരുന്നു അത്.

എന്നാല്‍ ഇക്കഴിഞ്ഞ നാലു ദിവസത്തെ കുറവ് കൊണ്ട് ആയിരം രൂപയിലേറെ താഴ്ന്ന് പവന് 35000 എന്നതിലേക്കെത്തുകയായിരുന്നു. വിലക്കുറവുമായി ബന്ധപ്പെട്ട് കേരളത്തിലെ റീറ്റെയ്ല്‍ വിപണിയിലും സെയ്ല്‍സ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇ്ത്യന്‍ വിപണികളില്‍ സ്വര്‍ണത്തിന് നേരിയ വര്‍ധനവ് പ്രകടമാണ്. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.3 ശതമാനം ഉയര്‍ന്ന് 46,857 രൂപയിലെത്തി. വെള്ളി വില 0.6 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 67,239 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 10 ഗ്രാമിന് 1,000 രൂപ അല്ലെങ്കില്‍ 2 ശതമാനം കുറഞ്ഞിരുന്നു. വെള്ളി വില 2.1 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 1,500 രൂപ കുറവും രേഖപ്പെടുത്തി.
ആഗോള വിപണികളില്‍ കഴിഞ്ഞ സെഷനില്‍ 2 ശതമാനം ഇടിഞ്ഞതിന് ശേഷം സ്പോട്ട് സ്വര്‍ണ വില ഇന്ന് 0.2 ശതമാനം വര്‍ധിച്ച് 1,795.30 ഡോളറിലെത്തി. ശക്തമായ യുഎസ് ഡോളറും യുഎസ് ട്രഷറി വരുമാനവും സ്വര്‍ണ്ണത്തിന്റെ ആവശ്യം വര്‍ധിപ്പിച്ചു.
സ്വര്‍ണം ഇന്നലെ 1800 ഡോളറിനു താഴെയെത്തി. ഇന്നു രാവിലെ 1794 ഡോളറിലായിരുന്നു ഏഷ്യന്‍ വ്യാപാരം. വിലയിടിവും ചുങ്കം കുറയ്ക്കലും സ്വര്‍ണസ്റ്റോക്കിസ്റ്റുകള്‍ക്കു കനത്ത പ്രഹരമായതായി നിരീക്ഷകര്‍ വ്യക്തമാക്കുന്നു.


Tags:    

Similar News