സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം, കാരണങ്ങള്‍ ഇവയാണ്

ചൊവ്വാഴ്ച്ച ഔണ്‍സിന് 1821 ഡോളര്‍ വരെ ഉയര്‍ന്നിട്ട് നിലവില്‍ 1805 ഡോളര്‍ നിലവാരത്തില്‍ വിപണനം നടക്കുന്നു. കേരളത്തില്‍ സ്വര്‍ണത്തിന്റെ വില പവന് 35,880 രൂപയായിരുന്നത് ഇപ്പോള്‍ 36280 രൂപയായി.

Update: 2021-12-29 13:16 GMT

സ്വര്‍ണത്തിന്റെ അവധി വ്യാപാരത്തില്‍ അന്താരാഷ്ട്ര വില ചൊവ്വാഴ്ച്ച ഔണ്‍സിന് 1821 ഡോളര്‍ വരെ ഉയര്‍ന്നിട്ട് നിലവില്‍ 1805 ഡോളര്‍ നിലവാരത്തില്‍ വിപണനം നടക്കുന്നു. കേരളത്തില്‍ സ്വര്‍ണത്തിന്റെ വില പവന് 35,880 രൂപയായിരുന്നത് ഇപ്പോള്‍ 36280 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും, ഡോളര്‍ മൂല്യം കുറഞ്ഞതും സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണമായത്.

അവധി വ്യാപാരത്തില്‍ എം സി എക്‌സ് സ്വര്‍ണം 10 ഗ്രാമിന് 47931 രൂപ നിരക്കിലാണ് ബുധനാഴ്ച്ച രാവിലെ വിപണനം നടന്നത്. 47700 നും 48,800 ന് പരിധിയിലാണ് വ്യാപാരം നടക്കാന്‍ സാധ്യത. നവംബറില്‍ ഉത്സവ സീസണ്‍ വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണത്തിന്റെ ആവശ്യകത വര്‍ധിച്ചത് വില സ്ഥിരത കൈവരിക്കാന്‍ കാരണമായി.
അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നത് തടയാന്‍ 2022 ല്‍ മൂന്ന് പ്രാവശ്യം പലിശ വര്‍ധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഫെഡറല്‍ റിസെര്‍വ്വില്‍ നിന്ന് വന്നത് സ്വര്‍ണ്ണ വില താഴുമെന്ന പ്രവചനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില കയറ്റവും തൊഴില്‍ വേതനങ്ങള്‍ വര്‍ധിക്കുന്നതും യഥാര്‍ത്ഥ പലിശ നിരക്ക് കുറയാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നു. ഓഹരി സൂചികകള്‍ ഒരു കുതിപ്പിന് ശേഷം ചുരുങ്ങിയ വ്യാപ്തിയില്‍ നീങ്ങുന്നതും സ്വര്‍ണ വിപണിക്ക് ശക്തി പകരുന്നു.
കോവിഡ് മഹാമാരിയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം കൂടുന്നത് അമൂല്യ ലോഹങ്ങളുടെ വിപണിക്ക് കരുത്ത് നല്‍കുന്നു. ദേശിയ തലത്തില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് അടുത്ത വര്‍ഷം വര്‍ധിക്കുമെന്ന് വിവിധ ഏജന്‍സികളുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആഭരണ കടകള്‍ 2021 പകുതിയോടെ ഊര്‍ജ്ജിതമായി സ്വര്‍ണം റീ സ്റ്റോക്കിംഗ് ആരംഭിച്ചു.


Tags:    

Similar News