കേന്ദ്രത്തിന്റെ ഗിഫ്റ്റ്! ഇന്ത്യൻ കമ്പനികൾക്ക് ഇനി അന്താരാഷ്ട്ര എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യാം,​ ഈസിയായി

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ഉള്ള രണ്ട് അന്താരാഷ്ട്ര എക്‌സ്ചേഞ്ചുകൾ വഴിയാണ് ഇത് സാധ്യമാകുന്നത്

Update:2024-01-26 09:45 IST

ഇനി മുതല്‍ ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികള്‍ക്കും പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ക്കും വിദേശ മൂലധനം വിദേശ കറന്‍സിയില്‍ സമാഹരിക്കാനുള്ള സൗകര്യം ഗുജറാത്തിലെ ഗിഫ്റ്റ് (ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്ക്) സിറ്റിയിലെ രണ്ട് അന്താരാഷ്ട്ര എക്‌സ്ചേഞ്ചുകൾ വഴി സാധ്യമാകും.

ബി.എസ്.ഇ ഇന്ത്യ ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച്, എന്‍.എസ്.ഇ ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് എന്നിവ വഴിയാണ് വിദേശ ലിസ്റ്റിംഗ് സാധ്യമാകുന്നത്. ഇത് സംബന്ധിച്ച പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ സെബി പുറത്തിറക്കും.
നിലവില്‍ ഇന്ത്യയിലെ നിര്‍ദിഷ്ട പബ്ലിക്
 ലിമിറ്റഡ് കമ്പനികളുടെ ഓഹരികള്‍ ചില വിദേശ രാജ്യങ്ങളിലെ ഓഹരി എക്സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ അനുവാദം ഉണ്ട്. ഇത് 2023 ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2023 ജൂലൈ 28ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗിഫ്റ്റ് സിറ്റിയില്‍ ലിസ്റ്റ് ചെയ്യാന്‍ അനുവാദം നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി വിദേശ വിനിമയ മാനേജ്മെന്റ് (കടമല്ലാത്ത ആസ്തികള്‍) നിയമം 2019 ഭേദഗതി ചെയ്തു. അങ്ങനെയാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗിഫ്റ്റ് സിറ്റിയില്‍ അന്താരാഷ്ട്ര എക്സ്‌ചേഞ്ചുകള്‍ വഴി ലിസ്റ്റ് ചെയ്യാനുള്ള സാഹചര്യവും ഒരുക്കിയത്.
പുതിയ സംവിധാനത്തിലെ നേട്ടങ്ങള്‍
ഗിഫ്റ്റ് സിറ്റിയിലെ അന്താരാഷ്ട്ര എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നത് വഴി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും  സൺറൈസ് സെക്ടെഴ്സ് എന്നറിയപ്പെടുന്ന വിഭവങ്ങളിലെ ഓഹരികൾക്കും ആഭ്യന്തര ഓഹരി വിപണിക്ക് പുറത്തും മൂലധനം സമാഹരിക്കാന്‍ സാധിക്കും. ഇതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മൂല്യനിര്‍ണയം ലഭിക്കാനും ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ മൂലധന പ്രവാഹം ഉണ്ടാകാനും അവസരങ്ങള്‍ വര്‍ധിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ ഇന്ത്യന്‍ കറന്‍സിയിലും അന്താരാഷ്ട്ര വിപണിയില്‍ നിന്ന് വിദേശ കറന്‍സിയിലും മൂലധന സമാഹാരണം സമാന്തരമായി സാധ്യമാകും.
 ആഗോള ധനകാര്യ ഹബ്ബുകളായ ദുബൈ, സിംഗപ്പൂര്‍ എന്നിവയെ വെല്ലാന്‍ ഉദ്ദേശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താത്പര്യം എടുത്ത പ്രധാന പദ്ധതികളില്‍ ഒന്നായ ഗിഫ്റ്റ് സിറ്റിയെ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗത്തുള്ള നിയമങ്ങളും നികുതികളും ഇവിടെ ബാധകമല്ല.
Tags:    

Similar News