ലോക്ഡൗണില്‍ പൂര്‍ണ്ണവേതനം നിര്‍ബന്ധിതമാക്കിയ ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

Update: 2020-05-19 05:55 GMT

ബിസിനസ് സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് ലോക്ഡൗണ്‍ സമയത്തെ പൂര്‍ണ്ണ വേതനം നല്‍കുന്നത് നിര്‍ബന്ധിതമാക്കി നേരത്തെ ഇറക്കിയ ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചു. ലോക്ഡൗണ്‍ നാലാം ഘട്ടത്തിനായുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെയാണ് ആദ്യ ഉത്തരവ് അസാധുവാക്കിയത്.

വേതനം സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ സുപ്രീം കോടതി വിലക്കിയ നടപടിക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കാതെ തന്നെ അത് പിന്‍വലിക്കുകയായിരുന്നു.ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്  ലംഘിച്ചാല്‍ ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്നതായിരുന്നു അവസ്ഥ.

ഉത്തരവിനെ ചോദ്യം ചെയ്ത് നിരവധി ബിസിനസ്സ് സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ഇതേത്തുടര്‍ന്നാണ് കമ്പനികള്‍ക്കെതിരെ  നടപടികളൊന്നും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ലോക്ഡൗണ്‍ കാരണം പാപ്പരത്തത്തിന്റെ വക്കിലെത്തുന്ന ചെറുകിട, സ്വകാര്യ സംരംഭങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം മുഴുവന്‍ വേതനവും നല്‍കുന്നത് പ്രായോഗികമല്ലെന്ന് മൂന്നംഗ ബെഞ്ച് സൂചിപ്പിച്ചു.

അതേസമയം ആദ്യ ഉത്തരവ് പിന്‍വലിച്ചത് തൊഴിലാളികള്‍ക്ക് നേരെയുള്ള അനീതിയാണെന്ന് ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുമ്പോള്‍ മറ്റു തൊഴിലാളികള്‍ക്ക് പ്രത്യേക നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ല. ലോക്ഡൗണ്‍ കാലയളവില്‍ ഉപജീവനവും വേതനവും ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News