ജിഎസ്ടി അതോറിറ്റി വിധിയുടെ പിന്തുണ; സാനിറ്റൈസറിന്റെ 18% നികുതി കുറയ്ക്കില്ല
ഹാന്‍ഡ് സാനിറ്റൈസറിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. നിരക്ക് കുറയ്ക്കുന്നത് ഇറക്കുമതിക്കാര്‍ക്ക് മാത്രമേ ഉപകാരപ്പെടൂവെന്നും പ്രാദേശിക ഉല്‍പ്പാദകര്‍ക്ക് ഗുണം ചെയ്യില്ലെന്നുമുള്ള നിലപാടാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റേത്.സോപ്പ്, ആന്റി ബാക്ടീരിയല്‍ ദ്രാവകങ്ങള്‍, ഡെറ്റോള്‍ മുതലായ അണുനാശിനികളുടെ വിഭാഗത്തിലാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ എന്നതിനാല്‍ 18% ജിഎസ്ടി ചുമത്തേണ്ടതുണ്ടെന്നാണ് വാദം.
ഉപഭോക്തൃ കാര്യ മന്ത്രാലയം ഹാന്‍ഡ് സാനിറ്റൈസറുകളെ അത്യാവശ്യ ചരക്കായി തരംതിരിക്കുന്നതിനാല്‍ ജിഎസ്ടി ഒഴിവാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ നിരാകരിച്ചു.രാസപദാര്‍ത്ഥങ്ങള്‍ അടക്കം ഹാന്‍ഡ് സാനിറ്റൈസറിന്റെ അസംസ്‌കൃത വസ്തുക്കളും 18 ശതമാനം നികുതി സ്ലാബിലാണ്.സാനിറ്റൈസറിന്റെ നികുതി നിരക്ക് കുറച്ചാല്‍ അത് അന്തിമ ഉല്‍പ്പന്നത്തിന്റെ മുകളില്‍ മാത്രമായിരിക്കും. അസംസ്‌കൃത വസ്തുക്കളുടെ നികുതി കുറയില്ല- കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.ഏറെ നാളായി ഈ ആവശ്യം സര്‍ക്കാരിന് മുന്നില്‍ വാണിജ്യ മേഖലയില്‍ നിന്നുള്ളവര്‍ ഉന്നയിക്കുന്നുണ്ട്.
കോവിഡ് വ്യാപനം തടയാനായി അറുപത് ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണമെന്ന സ്ഥിതി നിലനില്‍ക്കെയാണ് സാനിറ്റൈസറുകള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ജിഎസ്ടി ചുമത്തുന്നത്.ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസര്‍ എന്ന കാറ്റഗറിയിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി 18ശതമാനം ചുമത്തണമെന്ന് ജിഎസ്ടി അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗിന്റെ (എഎആര്‍) ഗോവ ബെഞ്ച് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ് വിധി പുറപ്പെടുവിച്ചിരുന്നു. ഗോവ ആസ്ഥാനമായ ആല്‍ക്കഹോള്‍ സാനിറ്റൈസര്‍ നിര്‍മാതാക്കാളായ സ്പ്രിങ്ഫീല്‍ഡ് ഇന്ത്യ ഡിസ്റ്റിലറീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്. ഹാന്‍ഡ് സാനിറ്റൈസറുകളുടെ വര്‍ഗീകരണം സംബന്ധിച്ച് വ്യക്ത തേടിയാണ് സ്പ്രിങ്ഫീല്‍ഡ് ഇന്ത്യ എഎആറിന്റെ ഗോവ ബെഞ്ചിനെ സമീപിച്ചത്.
ഹാന്‍ഡ് സാനിറ്റൈസറുകളെ അത്യാവശ്യ ചരക്കായി തരംതിരിക്കുന്നതിനാല്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആല്‍ക്കഹോളുള്ള സാനിറ്റൈസറുകള്‍ പതിനെട്ട് ശതമാനം ജിഎസ്ടി ആവശ്യമായി വരുന്ന വസ്തുക്കളുടെ പട്ടികയിലാണ് വരുന്നതെന്നും ഉപഭോക്തൃകാര്യ മന്ത്രാലയം ഹാന്‍ഡ് സാനിറ്റൈസറുകളെ അത്യാവശ്യ ചരക്കായാണ് തരംതിരിച്ചിരിക്കുന്നതെങ്കിലും ജിഎസ്ടി നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട വസ്തുക്കളുടെ പ്രത്യേക പട്ടികയുണ്ടെന്നും അതോറിറ്റി പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline