പൊതുകടം 147.19 ലക്ഷം കോടി, ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞു

കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബാധ്യതകളുടെ 89.1 ശതമാനവും പൊതുകടമാണ്. 6.97 ലക്ഷം കോടിയാണ് എല്ലാ ബാങ്കുകളുടെയും ചേര്‍ത്തുള്ള മൊത്തം കിട്ടാക്കടം

Update:2022-12-28 10:10 IST

നടപ്പ് സാമ്പത്തിക വര്‍ഷം (FY23) രണ്ടാംപാദ കണക്കുകള്‍ അനുസരിച്ച് 147.19 ലക്ഷം   കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം(Public Debt) . മുന്‍പാദത്തെ അപേക്ഷിച്ച് കടം ഉയര്‍ന്നത് ഒരു ശതമാനത്തോളം ആണ്. കഴിഞ്ഞ പാദത്തില്‍ 145.72 ലക്ഷം കോടി രൂപയായിരുന്നു പൊതുകടം.

ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബാധ്യതകളുടെ (Total Liabilities) 89.1 ശതമാനവും പൊതുകടമാണ്. ഇതില്‍ 2.87 ശതമാനം തുക ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്ത് തീര്‍ക്കണം. 29.6 ശതമാനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടവയും. രണ്ടാം പാദത്തില്‍ കേന്ദ്രം തിരിച്ചടച്ചത് 92,371 കോടി രൂപയാണ്.

ഇക്കാലയളവില്‍ ദീര്‍ഘകാല ബോണ്ടുകള്‍ വഴി 4,06,000 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചത്. 4,22,000 കോടി സമാഹരിക്കാന്‍ ആണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. 53,266 കോടി രൂപയാണ് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം.

അതേ സമയം രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ (ജിഎന്‍പിഎ) തോതും തട്ടിപ്പുകളും കുറഞ്ഞതായി ആര്‍ബിഐ. 5.8 ശതമാനം ആയാണ് ജിഎന്‍പിഎ കുറഞ്ഞത്. മാര്‍ച്ച് 2022ലെ കണക്കുകള്‍ പ്രകാരം പൊതുമേഖലാ ബാങ്കുകളുടെ ജിഎന്‍പിഎ 5.07 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 5.76 ലക്ഷം കോടി ആയിരുന്നു. എല്ലാ ബാങ്കുകളുടെയും ചേര്‍ത്തുള്ള മൊത്തം കിട്ടാക്കടം 6.97 ലക്ഷം കോടിയാണ്. എന്നാല്‍ വിദേശ ബാങ്കുകളുടെ ജിഎന്‍പിഎ 0.2ല്‍ നിന്ന് 0.5 ശതമാനമായി ഉയര്‍ന്നു.

Tags:    

Similar News