ജിഎസ്ടി പിരിവ് ഒരു ലക്ഷം കോടി രൂപ കടന്നു

ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് പരോക്ഷ നികുതി ഒരു ലക്ഷത്തിനു മുകളിലായത്

Update: 2020-11-02 03:04 GMT

ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി പിരിവ് ഒരു ലക്ഷം കോടി രൂപയിലധികമായി. ഫെബ്രുവരിക്കു ശേഷം ആദ്യമാണു പരോക്ഷ നികുതി ഒരു ലക്ഷത്തിനു മുകളിലായത്. മുന്‍ വര്‍ഷത്തെ ഒക്ടോബറിനെ അപേക്ഷിച്ചു പത്തു ശതമാനം അധികമാണ് ഈ ഒക്ടോബറിലെ 1,05,155 കോടി രൂപ.

ജി എസ് ടി യില്‍ കുറേ മാസങ്ങളായി കാണിക്കുന്ന ക്രമമായ ഉയര്‍ച്ച സാമ്പത്തിക രംഗം തിരിച്ചു വരുന്നതിന്റെ വ്യക്തായ സൂചനകളാണ് നല്‍കുന്നതെന്ന് കേന്ദ്ര റവന്യു വകുപ്പ് അധികൃതര്‍ പറയുന്നു.

ഏപ്രിലില്‍ 32,172 കോടി മാത്രമായിരുന്നു ജി എസ് ടി പിരിവ്. മേയില്‍ 62,157 കോടി, ജൂണില്‍ 90,917 കോടി, ജൂലൈയില്‍ 87,422 കോടി, ഓഗസ്റ്റില്‍ 86,449 കോടി, സെപ്റ്റംബറില്‍ 95,480 കോടി എന്നിങ്ങനെയായിരുന്നു ഈ സാമ്പത്തിക വര്‍ഷത്തെ ജി എസ് ടി പിരിവ്. ജൂലൈയില്‍ തലേവര്‍ഷത്തേക്കാള്‍ 14 ശതമാനം കുറവായിരുന്ന നികുതി പിരിവ് ഓഗസ്റ്റില്‍ എട്ടു ശതമാനം കുറവിലേക്കു ചുരുങ്ങി. സെപ്റ്റംബറില്‍ അഞ്ചു ശതമാനം വര്‍ധന ഉണ്ടായി. കഴിഞ്ഞ മാസം 10 ശതമാനവും കൂടി.

ഒക്ടോബറലിലെ മൊത്തം ജിഎസ്ടി പിരിവില്‍ 19,193 കോടി രൂപ കേന്ദ്ര ജിഎസ്ടി യും 25,411 കോടിരൂപ സ്റ്റേറ്റ് ജഎസ്ടിയും 52,540 കോടി രൂപ ഇന്റഗ്രേറ്റഡ് ജിഎസ്ടിയുമാണ്.
ഒക്ടോബറില്‍ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 9 ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാന 11 ശതമാനം വര്‍ധിച്ചു.
കേരളത്തിന്റെ ജിഎസ്ടി വരുമാനം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഏഴ് ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 1549 കോടി രൂപയായിരുന്നത് ഈ വര്‍ഷം 1665 കോടി രൂപയായി.

ചരക്കുനീക്കത്തിനുള്ള ഇ-വേ ബില്ലുകള്‍ 21 ശതമാനം വര്‍ധിച്ചെന്നും ഇ -ഇന്‍വോയിസുകള്‍ പ്രതിദിനം 29 ലക്ഷത്തിലേക്ക് ഉയര്‍ന്നെന്നും ഇവ വ്യാപാര ഉണര്‍വിന്റെ തെളിവാണെന്നും റവന്യു സെക്രട്ടറി പറയുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Tags:    

Similar News