ജിഎസ്ടി വരുമാന നഷ്ടത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. വരുമാന നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 1.10 ലക്ഷം കോടി രൂപ കടമെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്ന ഉറപ്പിലും തൃപ്തരാകാതെ സംസ്ഥാനങ്ങള്‍. കേരളവും ഛത്തീസ്ഗഡുമാണ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്തുള്ളത്. ആകെ നഷ്ടമായി കണക്കാക്കിയിട്ടുള്ള 2.35 ലക്ഷം കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ തന്നെ കടമെടുത്ത് നല്‍കണമെന്നാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം.
അതേസമയം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചത് 1.10 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കടമെടുത്ത് നല്‍കാമെന്നും 1.06 ലക്ഷം കോടി രൂപ അതാത് സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ കടമെടുക്കണമെന്നുമാണ്. ഇതോടെ ആകെ നഷ്ടത്തിന്റെ 90 ശതമാനം കണ്ടെത്താനാകും.
എന്നാല്‍ 1.06 ലക്ഷം കോടി രൂപയുടെ കടബാധ്യത ഏറ്റെടുക്കാന്‍ ആവില്ലെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്.
കേന്ദ്രം കടമെടുത്ത് നല്‍കുന്ന 1.10 ലക്ഷം കോടി രൂപയുടെ തിരിച്ചടവ് 2022 വരെ സെസ് പിരിക്കുന്നതിലൂടെ കണ്ടെത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കോവിഡിന്റെ ഭാഗമായല്ലാതെ, ജിഎസ്ടി നടപ്പിലാക്കിയതു മൂലമുള്ള വരുമാന നഷ്ടം നികത്താന്‍ 1.10 ലക്ഷം കോടി കടമെടുക്കാമെന്നും അതില്‍ ഓരോ സംസ്ഥാനത്തിനും അര്‍ഹതപ്പെട്ടത് നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ കടമെടുക്കുമ്പോള്‍ ഉണ്ടാകുന്ന പലിശ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ ഇതുമൂലം ഒഴിവാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം 21 സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ വായ്പയെടുക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ കേരളം കേന്ദ്രം വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine