ജിഎസ്ടി വന്നേ...പാലും തൈരും വെണ്ണയും മാത്രമല്ല ബാങ്ക് പണമിടപാടുകള്‍ക്ക് വരെ ഇന്ന് മുതല്‍ നിരക്കുയരും

ആശുപത്രി മുറി വാടകയിലും ഇന്നു മുതല്‍ വര്‍ധനവ്

Update: 2022-07-18 11:04 GMT

പരിഷ്‌കരിച്ച ജിഎസ്ടി ( Goods&Services Tax) ചരക്ക് സേവന നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. ഇതോടെ രാജ്യത്ത് വിവിധ സാധനങ്ങളുടെ വില ഉയരും. ചണ്ഡീഗഡില്‍ നടന്ന 47-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് വീട്ടുപകരണങ്ങള്‍, ഹോട്ടലുകള്‍, ബാങ്ക് സേവനങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി സാധങ്ങള്‍ക്ക് ചരക്ക് സേവന നികുതി (GST) ഉയര്‍ത്തിയത്.

മുന്‍കൂട്ടി പായ്ക്ക് ചെയ്തതും മുന്‍കൂട്ടി ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉത്പന്നങ്ങളുടെ വില വര്‍ധിച്ചു. തൈര്, ലസ്സി, വെണ്ണ, പാല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം മുതല്‍ നിരക്ക് വര്‍ധനവുണ്ട്. കൂടാതെ ചെക്കുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസില്‍ ഇന്ന് മുതല്‍ 18 ശതമാനം ജിഎസ്ടി ചുമത്തും. 5,000 രൂപയില്‍ കൂടുതലുള്ള ആശുപത്രി മുറി (ഐസിയു ഒവികെ) ഉപയോഗിക്കുന്നതിനും നികുതി ഉണ്ടാകും.
പ്ലാനിംഗ് ഇല്ലാത്ത പരിഷ്‌കരണം
ജിഎസ്ടി നിരക്കിലെ ആവശ്യമില്ലാത്ത കൂട്ടിച്ചേര്‍ക്കലുകളും മറ്റും ഇന്നു മുതല്‍ തലവേദനയാക്കും. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാണ് ഇത്തരം മാറ്റങ്ങള്‍ വരുത്തേണ്ടത്. സെയ്ല്‍സ് ബില്ലുകള്‍, അക്കൗണ്ടിംഗ് കാര്യങ്ങള്‍ എല്ലാം ഇത്തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ വരുമ്പോള്‍ തകിടം മറിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇത്തരം പരിഷ്‌കാരങ്ങള്‍ ടാക്‌സ് പ്രൊഫഷണലുകള്‍, കച്ചവടക്കാര്‍, ചെറുകിട സംരംഭകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം തലവേദനയാകും. 40 രൂപ വിലയുള്ള അരിക്ക് ഒറ്റ ദിവസം കൊണ്ട് നികുതി വന്നപ്പോള്‍ 42 രൂപയായി കൂടും, പാക്കിംഗ് മെറ്റീരിയല്‍ ചാര്‍ജും മറ്റുമെത്തുമ്പോള്‍ വീണ്ടും ഉയരും. സാമ്പത്തിക ഞെരുക്കത്തിന്റെ ഈ സമയത്ത് ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാകും ഓരോ കുടുംബത്തിനും വരുത്തി വയ്ക്കുകയെന്ന് ജിഎസ്ടി വിദഗ്ധനായ അഡ്വ. കെ എസ് ഹരിഹരന്‍ വിശദമാക്കുന്നു.
നിത്യജീവിതത്തിലെ ഏതൊക്കെ ഉപഭോഗവസ്തുക്കളെ ബാധിക്കും?
പാലും പാക്കറ്റ് പലഹാരങ്ങളും മുതല്‍ ആശുപത്രിവാസം വരെ ഇനി ചെലവേറും. കട്ടിംഗ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ കത്തികള്‍, പെന്‍സില്‍ ഷാര്‍പ്നറുകള്‍, ബ്ലേഡുകള്‍, തവികള്‍, ഫോര്‍ക്കുകള്‍, ലാഡറുകള്‍, സ്‌കിമ്മറുകള്‍, കേക്ക്-സെര്‍വറുകള്‍ തുടങ്ങിയവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനമാക്കി ഉയര്‍ത്തി. സൈക്കിള്‍ പമ്പുകള്‍, സെന്‍ട്രിഫ്യൂഗല്‍ പമ്പുകള്‍, കുഴല്‍ കിണര്‍ ടര്‍ബൈന്‍ പമ്പുകള്‍, പവര്‍ ഡ്രൈവ് പമ്പുകള്‍ എന്നിവയുടെയെല്ലാം നികുതി 18 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
പ്രിന്റിംഗ്/റൈറ്റിംഗ് (ഡ്രോയിംഗ്) മഷി, എല്‍ഇഡി ലാമ്പുകള്‍, ലൈറ്റുകള്‍, മെറ്റല്‍ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. സോളാര്‍ വാട്ടര്‍ ഹീറ്ററുകളുടെയും സിസ്റ്റങ്ങളുടെയും ജിഎസ്ടി നിരക്ക് 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി.
റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ, മെട്രോ, മാലിന്യ സംസ്‌കരണ പ്ലാന്റ്, ശ്മശാനം തുടങ്ങിയ സര്‍ക്കാരിന് വേണ്ടി പോലും ചെയ്യുന്ന കരാര്‍ ജോലികള്‍ക്ക് ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തി.
കട്ട് ഡയമണ്ട്‌സ് അഥവാ മുറിച്ച് മിനുക്കിയ വജ്രങ്ങളുടെ നിരക്ക് 0.25 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായും വര്‍ധിപ്പിച്ചു. കല്ലുകള്‍ പതിപ്പിച്ചതും അധികം ആഡംബരം വരുന്ന ഇനാമല്‍ ആഭരണങ്ങളും ഇതില്‍ പെട്ടേക്കും. ഭൂപടങ്ങളുടെയും അറ്റ്ലസുകള്‍, മാപ്പുകള്‍, ടോപ്പോഗ്രാഫിക്കല്‍ പ്ലാനുകള്‍, ഗ്ലോബുകള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി ഉയര്‍ത്തി. ഇതുകൂടാതെ ജിഎസ്ടി നടപടിക്രമങ്ങളില്‍ ഒരുപാട് പരിഷ്‌കാരങ്ങളും ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകളനുസരിച്ച് നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടുണ്ട്.
5 വര്‍ഷം കൊണ്ട് ആയിരക്കണക്കിന് ഭേദഗതികള്‍, അത് നിരക്കിലായാലും നടപടി ക്രമങ്ങളിലായാലും ജിഎസ്ടി പലോുള്ള ഒരു നിയമത്തില്‍ വരുന്നത് വ്യക്തമായ കാഴ്ചപ്പാടില്ലാതെ നിയമങ്ങള്‍ നടപ്പിലാക്കുമ്പോളാണ് വരുന്ന കുറവുകള്‍ തന്നെയാണ്. ഇതില്‍ ഏറ്റവുമധികം കഷ്ടപ്പെടേണ്ടി വരുന്നത് വ്യാപാര വ്യവസായ സമൂഹത്തിനാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജിഎസ്ടി വിദഗ്ധനുമായി ബന്ധപ്പെടാം: 9895069926


Tags:    

Similar News