മാസം ₹3,300 കോടി അധിക വരുമാനം ! ബംഗ്ലാദേശ് പ്രതിസന്ധി ഇന്ത്യയിലെ ഈ വ്യവസായ മേഖലയ്ക്ക് ബമ്പർ ലോട്ടറി

ഓഹരി വിപണിയിൽ കിറ്റക്സ് ഗാർമെന്റ്സ് അടക്കമുള്ള കമ്പനികൾക്ക് നേട്ടം

Update:2024-08-06 15:35 IST
Image credit: canva
ബംഗ്ലാദേശിലെ ഭരണ പ്രതിസന്ധിയും പ്രക്ഷോഭങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് രാജ്യത്തെ ടെക്സ്റ്റൈൽ വ്യവസായത്തെയെന്ന് റിപ്പോർട്ട്. തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ബംഗ്ലാദേശ് . പ്രതിസന്ധി മറികടക്കാൻ ലോകോത്തര കമ്പനികളുടെ നിർമാണ യൂണിറ്റുകൾ ഇന്ത്യയിലെ തിരുപ്പൂർ പോലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നത് അടക്കമുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് ആലോചന തുടങ്ങി. ബംഗ്ലദേശിലെ 10 - 11 ശതമാനം വിദേശ ഇടപാടുകൾ ഇന്ത്യയിലേക്ക് വന്നാൽ പ്രതിമാസം 300 - 400 മില്യൺ ഡോളർ വരെ (ഏകദേശം 2400 - 3300 കോടി രൂപ വരെ) അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷത്തേക്കാൾ 10% അധിക ഓർഡറുകൾ ഇത്തവണ തിരുപ്പുരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. പ്രതിവർഷം 4,000 കോടി ഡോളറിന്റെ തുണിത്തരങ്ങളാണ് ബംഗ്ലാദേശ് കയറ്റുമതി ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങൾ, യു.കെ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ബംഗ്ലാദേശിൽ നിന്നുളള തുണിത്തരങ്ങൾക്ക് മികച്ച വിപണി സാന്നിധ്യവുമുണ്ട്. 1,500 കോടി ഡോളറിന്റെ തുണിത്തരങ്ങളാണ് ഇന്ത്യ വിദേശത്തേത്ത് കയറ്റുമതി ചെയ്യുന്നത്. നിലവിലെ പ്രശ്നങ്ങൾ തുടർന്നാൽ കമ്പനികൾക്ക് ബംഗ്ലാദേശ് വിപണിയിലെ വിശ്വാസം നഷ്ടപ്പെടുമെന്നും ഇത് ഓർഡറുകൾ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിന് വഴിവയ്ക്കുമെന്നുമാണ് വിലയിരുത്തൽ. പ്രതിവർഷം 5,000 കോടി ഡോളറിന്റെ കയറ്റുമതിയെന്ന നേട്ടം ഈ വർഷം നേടാനിരിക്കെയാണ്  ബംഗ്ലാദേശിൽ പ്രതിസന്ധി രൂപപ്പെട്ടത്.
ഇന്ത്യൻ കമ്പനികളും തിരികെയെത്തും
ബംഗ്ലാദേശിൽ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളും ഇന്ത്യയിലേക്ക് പ്രവർത്തനം മാറ്റാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ബംഗ്ലാദേശിലെ ഏതാണ്ട് കാൽ ഭാഗം കമ്പനികളും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണക്ക്.
ഓഹരി വിപണിയിൽ ടെക്സ്റ്റൈൽ കമ്പനികൾക്ക് നേട്ടം
അതേസമയം , ബംഗ്ലാദേശിലെ പ്രതിസന്ധി ഇന്ത്യൻ ടെക്സ്റ്റൈൽ കമ്പനികളുടെ ഓഹരി വില ഉയർത്തി. ഇന്ന് രാവിലെ പ്രമുഖ ടെക്സ്റ്റൈൽ കമ്പനികളായ കിറ്റക്സ് ഗാർമെന്റ്സ്, ഗോകൽദാസ് എക്സ്പോർട്സ്, സെഞ്ചുറി എൻക, എസ് പി അപാരൽസ് എന്നിവയുടെ ഓഹരി വില ശരാശരി 18% വരെ ഉയർന്നു.
Tags:    

Similar News