ജി.ഡി.പിയില്‍ ഇന്ത്യ തന്നെ തിളങ്ങും; ചൈനയും സൗദിയും പിന്നിലേക്ക്
ഇന്ത്യയുടെ വളര്‍ച്ചാപ്രതീക്ഷ ഉയര്‍ത്തി ഐ.എം.എഫ്
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജര്‍) സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തന്നെ തുടരുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (IMF). 2022ല്‍ ഇന്ത്യയെ പിന്നിലാക്കിയ സൗദി അറേബ്യയും സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ബദ്ധവൈരിയായ ചൈനയുമെല്ലാം ഈ വര്‍ഷവും അടുത്തവര്‍ഷവും പിന്നിലാവുമെന്ന് ഐ.എം.എഫ് പുറത്തുവിട്ട 'വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് ഗ്രോത്ത് പ്രൊജക്ഷന്‍സ്' റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇന്ത്യയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചാപ്രതീക്ഷ ഐ.എം.എഫ് 0.20 ശതമാനം ഉയര്‍ത്തി 6.3 ശതമാനമാക്കിയിട്ടുമുണ്ട്. ഏപ്രില്‍-ജൂണ്‍ കാലയളവിലെ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഉപഭോഗ വളര്‍ച്ചയാണ് ഇതിനായി ഐ.എം.എഫിനെ പ്രേരിപ്പിച്ചത്. ധനമന്ത്രാലയവും റിസര്‍വ് ബാങ്കും പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് പക്ഷേ 6.5 ശതമാനമാണ്.
സൗദിയും ചൈനയും പിന്നിലേക്ക്; ഇന്ത്യ മുന്നോട്ട്
2023ലെ ആഗോള ജി.ഡി.പി വളര്‍ച്ചാപ്രതീക്ഷ ഐ.എം.എഫ് 3 ശതമാനത്തില്‍ നിലനിറുത്തി. 2024ലെ വളര്‍ച്ചാപ്രതീക്ഷ 0.10 ശതമാനം താഴ്ത്തി 2.9 ശതമാനമാക്കി.
2022ല്‍ മൂന്ന് ശതമാനമായിരുന്ന ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 5 ശതമാനമായി കൂടുമെങ്കിലും ഇന്ത്യയേക്കാള്‍ ഏറെ പിന്നിലായിരിക്കും. 2024ല്‍ ചൈനീസ് വളര്‍ച്ച 4.2 ശതമാനമായും കുറയും. ചൈന ഈ വര്‍ഷം 5.2 ശതമാനം വളരുമെന്നായിരുന്നു ഐ.എം.എഫ് നേരത്തേ പ്രവചിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം 8.7 ശതമാനം വളര്‍ന്ന സൗദി ഈവര്‍ഷം കുറിച്ചേക്കുക വെറും 0.8 ശതമാനം വളര്‍ച്ചയാണ്. അടുത്തവര്‍ഷം വളര്‍ച്ച 4 ശതമാനമായി ഉയരും.
അമേരിക്ക 2023ല്‍ 2.1 ശതമാനവും 2024ല്‍ 1.4 ശതമാനവുമാണ് വളരാന്‍ സാധ്യത. ജര്‍മ്മനി ഈ വര്‍ഷം നെഗറ്റീവിലേക്ക് വീഴും. ഫ്രാന്‍സ്, ഇറ്റലി, യൂറോ ഏരിയ, ജപ്പാന്‍, യു.കെ., കാനഡ, റഷ്യ, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, നൈജീരിയ, മൊറോക്കോ എന്നിവയുടെ വളര്‍ച്ചയും ഇന്ത്യയേക്കാള്‍ ഈ വര്‍ഷവും 2024ലും പിന്നിലായിരിക്കുമെന്ന് ഐ.എം.എഫ് പറയുന്നു.
പണപ്പെരുപ്പത്തെ ഭയക്കണം
ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാപ്രതീക്ഷ കൂട്ടിയെങ്കിലും രാജ്യത്ത് പണപ്പെരുപ്പ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു. 2023-24ല്‍ 5.5 ശതമാനം റീട്ടെയില്‍ പണപ്പെരുപ്പമാണ് ഇന്ത്യയില്‍ ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്; അടുത്തവര്‍ഷം 4.6 ശതമാനവും. പണപ്പെരുപ്പം 4 ശതമാനത്തിനടുത്ത് നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷ്യം.
യുദ്ധം വെല്ലുവിളി
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന് മുമ്പ് തയ്യാറാക്കിയതാണ് ഐ.എം.എഫിന്റെ റിപ്പോര്‍ട്ട്. യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് പരിശോധിക്കുകയാണെന്ന് ഐ.എം.എഫ് വ്യക്തമാക്കി. യുദ്ധത്തില്‍ സൗദിയും അമേരിക്കയും പക്ഷംപിടിച്ചാല്‍ അത് ക്രൂഡോയില്‍ വില കുതിച്ചുയരുന്നതിലേക്ക് അടക്കം കാര്യങ്ങളെ നയിക്കുമെന്നും ഇത് ആഗോളതലത്തില്‍ വെല്ലുവിളിയാകുമെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി.