കേരളം എവിടെ?, ഇന്ത്യയിലെ ഏറ്റവും സമ്പന്നവും ദരിദ്രവുമായ സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്

Update:2024-09-18 15:55 IST

Image Courtesy: Canva

ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ പരിഷ്കൃത സമൂഹത്തിന്റെ അടയാളങ്ങളായ സൂചികകളില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുമ്പിലാണെന്ന് അഭിമാനിക്കുന്നവരാണ് മലയാളികള്‍. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളുടെയും ദരിദ്രമായ സംസ്ഥാനങ്ങളുടെയും പട്ടിക പുറത്തു വിട്ടിരിക്കുകയാണ് കേന്ദ്രം.

ജി.ഡി.പിയുടെ 30 ശതമാനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വക

സാമൂഹ്യ ജീവിതത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും സമ്പത്തിന്റെ പട്ടികയില്‍ കേരളം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഡല്‍ഹി, തെലങ്കാന, കര്‍ണാടക, ഹരിയാന, കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്നാട് എന്നിവയാണ് ആദ്യ അഞ്ചില്‍ ഇടം നേടിയിട്ടുളളത്.
അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ- കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് എന്നിവ ഇന്ത്യയുടെ ജി.ഡി.പിയുടെ പ്രധാന സംഭാവനക്കാരായി ഉയർന്നു. 2024 മാർച്ചിലെ കണക്കനുസരിച്ച് ഈ സംസ്ഥാനങ്ങൾ ഇന്ത്യയുടെ ജി.ഡി.പിയുടെ 30 ശതമാനമാണ് സംഭാവന ചെയ്തത്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയാണ് (ഇഎസി-പിഎം) ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രകടനം സംബന്ധിച്ച പട്ടിക പുറത്തുവിട്ടിരിക്കുന്നത്. 2014 ൽ രൂപീകൃതമായ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ച് ഈ പട്ടികയില്‍ ഇടം നേടി.

1991 നു ശേഷം വലിയ മാറ്റങ്ങള്‍

1991 നു മുമ്പ് അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിശീർഷ വരുമാനം (കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട്) ദേശീയ ശരാശരിയേക്കാൾ കുറവായിരുന്നു. എന്നാല്‍ 1991 ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഉദാരവൽക്കരണ നയങ്ങള്‍ക്കു ശേഷം, ഈ അഞ്ച് സംസ്ഥാനങ്ങൾ കുതിച്ചുചാട്ടത്തിലൂടെ വലിയ വളർച്ചയാണ് കാഴ്ചവെച്ചത്.
എന്നാല്‍ ഇവയില്‍ മിക്കവയും പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നില്ല.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ 
മുംബൈ ഉള്‍ക്കൊള്ളുന്ന മഹാരാഷ്ട്രയായിരുന്നു
 ജി.ഡി.പിയില്‍ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സംസ്ഥാനം. രാജ്യത്തിന്റെ ജി.ഡി.പിയിൽ മഹാരാഷ്ട്രയുടെ വിഹിതം കഴിഞ്ഞ ദശകത്തിൽ കുറയുന്നതായാണ് വ്യക്തമാകുന്നത്.
ഏകദേശം ഒന്നര പതിറ്റാണ്ട് മുമ്പ് ഇന്ത്യയുടെ ജി.ഡി.പിയുടെ 15 ശതമാനത്തിലധികം സംഭാവന ചെയ്തിരുന്നത് ഈ സംസ്ഥാനമായിരുന്നു. ഇപ്പോഴത് 13.3 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. അതേസമയം പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ മഹാരാഷ്ട്രയ്ക്ക് ആദ്യ അഞ്ചിൽ ഇടം നേടാനും സാധിച്ചില്ല.

ദരിദ്ര സംസ്ഥാനങ്ങള്‍ ഇവ

ആളോഹരി വരുമാനത്തിൽ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളുടെ പട്ടികയും കേന്ദ്രം പുറത്തു വിട്ടിട്ടുണ്ട്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പുര്‍, അസം എന്നിവയാണ് അവ.
2011 ലെ സെൻസസ് പ്രകാരം ഉത്തർപ്രദേശിനും മഹാരാഷ്ട്രയ്ക്കും ശേഷം രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ബിഹാർ. എന്നിട്ടും ബിഹാറിന് ജി.ഡി.പിയുടെ 4.3 ശതമാനം മാത്രമാണ് സംഭാവന ചെയ്യാന്‍ സാധിക്കുന്നത്.
1960 കളിലെ ഹരിതവിപ്ലവത്തിൽ നിന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സംസ്ഥാനം പഞ്ചാബാണ്. പഞ്ചാബിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്.
മറ്റൊരു കാര്‍ഷിക സംസ്ഥാനമായ ഹരിയാനയുടെ ആളോഹരി വരുമാനവും വര്‍ധിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ സമ്പന്ന വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റവും സംസ്ഥാനത്തിന്റെ സമ്പന്നമായ കാര്‍ഷിക പൈതൃകവും ഹരിയാനയുടെ മെച്ചപ്പെട്ട സ്ഥിതിക്കുളള കാരണങ്ങളാണ്.
Tags:    

Similar News