മണിക്കൂറില്‍ 46 മില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍, ചരക്ക് കയറ്റുമതിയില്‍ 400 ബില്യണ്‍ ഡോളര്‍ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ
37 ശതമാനം വളര്‍ച്ചയാണ് കയറ്റുമതിയില്‍ രാജ്യം നേടിയത്
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, 400 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതി എന്ന ലക്ഷ്യം കൈവരിച്ച് ഇന്ത്യ. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒമ്പത് ദിവസം ബാക്കി നിക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2020-21 കാലയളവില്‍ 292 ബില്യണ്‍ ഡോളറിന്റേതായിരുന്നു കയറ്റുമതി. 37 ശതമാനം വളര്‍ച്ചയാണ് കയറ്റുമതിയില്‍ രാജ്യം നേടിയത്.
India set an ambitious target of $400 Billion of goods exports & achieves this target for the first time ever. I congratulate our farmers, weavers, MSMEs, manufacturers, exporters for this success.
— Narendra Modi (@narendramodi) March 23, 2022
This is a key milestone in our Aatmanirbhar Bharat journey. #LocalGoesGlobal pic.twitter.com/zZIQgJuNeQ
ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം രാജ്യം 400 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതി നടത്തുന്നത്. കയറ്റുമതി ലക്ഷ്യം നേടാന്‍ സാഹായിച്ച കര്‍ഷകര്‍, നെയ്ത്തുകാര്‍, എംഎസ്എംഇകള്‍, നിര്‍മാതാക്കള്‍ തുടങ്ങിയവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഓരോ മണിക്കൂറിലും 46 മില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ഇന്ത്യ കയറ്റി അയക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 650 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതില്‍ സേവനങ്ങളുടെ കയറ്റുമതിയിലൂടെ 250 ബില്യണ്‍ ഡോളറാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സേവന കയറ്റുമതിയുടെ വിശദാംശങ്ങള്‍ കേന്ദ്രം പുറത്തുവിട്ടിട്ടില്ല.