ഇന്ത്യ-കാനഡ വ്യാപാര ബന്ധം ശക്തിപ്പെടുത്തും; നിക്ഷേപം ആകര്‍ഷിക്കും

ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതിയും ഇറക്കുമതിയും ഉയർന്നു

Update: 2023-05-09 10:30 GMT

Image:@canva

ആറാമത് ഇന്ത്യ-കാനഡ മന്ത്രിതല വ്യാപാര-നിക്ഷേപ ചർച്ചകളുടെ (MDTI) ഭാഗമായി ഇരു രാജ്യങ്ങളിലേയും വാണിജ്യ മന്ത്രിമാര്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതിഅവലോകനം ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

വ്യാപാര-നിക്ഷേപ ചര്‍ച്ച

വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും കാനഡയുടെ സാമ്പത്തിക വികസന മന്ത്രി മേരി എന്‍ജിയും (Mary Ng) ഒട്ടാവയില്‍ നടക്കുന്ന ആറാമത് ഇന്ത്യ-കാനഡ മന്ത്രിതല വ്യാപാര-നിക്ഷേപ ചര്‍ച്ചകള്‍ക്ക്  നേതൃത്വം നല്‍കും. വ്യാപാരം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചും സഹകരണ മേഖലകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു ഉഭയകക്ഷി സംവിധാനമാണ് ഇന്ത്യ-കാനഡ മന്ത്രിതല വ്യാപാര-നിക്ഷേപ ചര്‍ച്ച.

വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്

അവസാനമായി 2022 മാര്‍ച്ചില്‍ നടന്ന എം.ഡി.ടി.ഐ യോഗത്തില്‍ ഒരു ഇടക്കാല കാരാര്‍ (ഏര്‍ലി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റ്) ഉണ്ടാക്കാനുള്ള സാധ്യതയുമായി രണ്ട് മന്ത്രിമാരും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം ചെയ്യുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് ഇത്തരം കരാറുകള്‍. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഇത് സഹായിക്കുന്നു. മാര്‍ച്ചിന് ശേഷം പിന്നീട് ഏഴ് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

കയറ്റുമതിയും ഇറക്കുമതിയും

2022-23 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ കാനഡയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 31,160 കോടി രൂപയാണ് (3.8 ബില്യണ്‍ ഡോളര്‍). 2021-22 ല്‍ ഇത് 30,832 കോടി രൂപയായിരുന്നു (3.76 ബില്യണ്‍ ഡോളര്‍). കാനഡയില്‍ നിന്നുള്ള ഇറക്കുമതി 2021-22ലെ 26,240 കോടി രൂപയില്‍ (3.2 ബില്യണ്‍ ഡോളര്‍) നിന്ന് അവലോകന കാലയളവില്‍ 30,914 കോടി രൂപയായി (3.77 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നു. ടാറ്റ, ആദിത്യ ബിര്‍ള, റിലയന്‍സ്, വിപ്രോ, ഇന്‍ഫോസിസ്, കൂടാതെ ടി.സി.എസ് എന്നിവയാണ് കാനഡയില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ കമ്പനികള്‍. അതുപോലെ കനേഡിയന്‍ കമ്പനികളായ ബൊംബാര്‍ഡിയര്‍, എസ്.എന്‍.സി ലാവലിന്‍, സി.എ.ഇ എന്നിവയ്ക്ക് ഇന്ത്യയില്‍ സാന്നിധ്യമുണ്ട്. 

Tags:    

Similar News