ഫ്രോസണ്‍ ഫുഡ് വിപണിയില്‍ ചൈനയ്ക്കു ശനിദശ; പുതിയ അവസരം മുതലാക്കാന്‍ ഇന്ത്യ

Update: 2020-06-15 07:32 GMT

കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച വിവാദത്തില്‍ ആഗോള വികാരം  ചൈനയെ പ്രതിക്കൂട്ടിലാക്കവേ ഫ്രോസണ്‍ ഫുഡ് വിപണിയിലെ മുന്‍തൂക്കം അവര്‍ക്കു നഷ്ടമാകുന്നതു മനസിലാക്കി ഇന്ത്യ രംഗത്തേക്ക്.കൂടുതല്‍ കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങളും ശീതീകരിച്ച കണ്ടെയ്നര്‍ (റീഫര്‍) വാഹനങ്ങളും ഒരുക്കാനായി എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.

ചൈനയ്ക്ക് പിന്നിലായി, ലോകത്ത് ഭക്ഷ്യോത്പാദനത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണെങ്കിലും സംസ്‌കാരണ രംഗത്ത് സ്ഥ്തി ഒട്ടും മെച്ചമല്ല. മൊത്തം ഉത്പാദനത്തിന്റെ 10 ശതമാനത്തോളം മാത്രമാണ് ഇന്ത്യ സംസ്‌കരിക്കുന്നത്. കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് കാരണം.നിലവില്‍, ഇന്ത്യയുടെ മൊത്തം കാര്‍ഷിക കയറ്റുമതിയില്‍ 25 ശതമാനം മാത്രമാണ് ഭക്ഷ്യ സംസ്‌കരണ മേഖലയുടെ പങ്ക്.

ഭക്ഷ്യസംസ്‌കരണ രംഗത്തെ സംരംഭകരുമായി സഹകരിച്ച് കൂടുതല്‍ മെഗാ ഫുഡ് പാര്‍ക്കുകള്‍ സജ്ജമാക്കുമെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യവും ഇതുമായി സംയോജിപ്പിക്കും. ഇതുവഴി, കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയും മികച്ച വിദേശനാണയ വരുമാനവും നേടാനാകുമെന്നും ബാദല്‍ പറഞ്ഞു.

ഫ്രോസണ്‍ ഫുഡ്, റെഡി ടു ഈറ്റ് ആഗോള വിപണിയിലെ ചൈനയുടെ മുന്നേറ്റത്തിന് കൊറോണ വൈറസ് വലിയ പ്രതിരോധമാണുണ്ടാക്കിയിട്ടുള്ളത്. ഈ സാഹചര്യം ഇന്ത്യക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ പ്രതീക്ഷ്. ഇന്ത്യയുടെ മൊത്തം കാര്‍ഷിക കയറ്റുമതി വരുമാനം 2022 ല്‍ 60 ബില്യണ്‍ ഡോളര്‍ ആക്കാനാണ് ലക്ഷ്യമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു. 2017-18 ല്‍ വരുമാനം 39.4 ബില്യണ്‍ മാത്രമായിരുന്നു. സംസ്‌കരിച്ച സമുദ്ര വിഭവങ്ങളുടെ കാര്യത്തില്‍ രാജ്യത്തിനു വലിയ സാധ്യതയുണ്ട്.ഈ രംഗത്ത് 456.8 മില്യണ്‍ ഡോളര്‍ ആയിരുന്നു 2019-20 ലെ കയറ്റുമതി വരുമാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News