ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇനി 'ഇരപിടിയന്‍' ഡ്രോണുകള്‍ പറക്കും; ചെലവ് 25,000 കോടി

അമേരിക്കയുമായി 2,011 ന് ശേഷം ഇന്ത്യ ഒപ്പിടുന്ന ഏറ്റവും വലിയ കരാര്‍

Update:2023-06-17 14:42 IST

Representational Image from Canva 

ഇന്ത്യന്‍ അതിര്‍ത്തിക്ക് അതീവ സുരക്ഷാവലയം തീര്‍ത്ത് പുതിയ 'ഇരപിടിയന്‍' ഡ്രോണുകള്‍ എത്തും. അമേരിക്കയില്‍ നിന്നും എം.ക്യു 9 (MQ 9 drones) എന്ന ഇരപിടിയന്‍ (predator drones) ഡ്രോണുകളെയാണ് ഇന്ത്യ വാങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് സന്ദര്‍ശിക്കാനിരിക്കവെയാണ് പുതിയ ഇന്ത്യ-യു.എസ് കരാറില്‍ ഒപ്പു വച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്.

യു.എസിലെ ജനറല്‍ ആറ്റൊമിക്സാണ് 'പ്രെഡേറ്റര്‍ ഡ്രോണുകള്‍' നിര്‍മ്മിച്ചിരിക്കുന്നത്. താലിബാനും ഐ.എസ്.ഐ.എസ് ഭീകരര്‍ക്കുമെതിരായ അമേരിക്കന്‍ യുദ്ധത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കണ്ടെത്തുന്നതിനുള്ള ഏറ്റവും വിജയകരമായ ആയുധ സംവിധാനങ്ങളിലൊന്നാണിത്. ഇതാണ് ഇന്ത്യന്‍ അതിര്‍ത്തികളില്‍ സഞ്ചരിക്കാനൊരുങ്ങുന്നത്.

കുഞ്ഞന്‍ വിമാനങ്ങള്‍ പോലെയുള്ള ഇവ ദീര്‍ഘദൂര സമുദ്ര നിരീക്ഷണത്തിനും വ്യോമാക്രമണം നേരത്തെ തിരിച്ചറിയാനും തടയാനും സഹായിക്കുന്നതുമാണ്. 31 ഡ്രോണുകളാണ് ഇന്ത്യ ഇപ്പോള്‍ വാങ്ങുന്നത്. നിലവില്‍ ഇവയുടെ രണ്ടെണ്ണം പാട്ടക്കരാറില്‍ (lease) ഇന്ത്യന്‍ നാവിക സേന ഉപയോഗിക്കുന്നുണ്ട്.

2011-ന് ശേഷം യു.എസുമായി ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായതിനാല്‍ ഒപ്പിടുന്നതിന് മുമ്പ് സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ (സി.സി.എസ്) അംഗീകാരം ആവശ്യമാണ്. അതിന് ശേഷമായിരിക്കും ഡ്രോണുകള്‍ രാജ്യത്തെത്തുക.

Similar News