സ്വര്‍ണാഭരണ കയറ്റുമതിയില്‍ തിളങ്ങി ഇന്ത്യ
2021-22 ല്‍ 86.8 % വര്‍ധിച്ച് 68026.69 കോടി രൂപയുടെ കയറ്റുമതി വരുമാനം;
സ്വര്‍ണാഭരണങ്ങളുടെയും രത്‌നങ്ങളുടെയും കയറ്റുമതിയില്‍ 2021-22 ല്‍ വന്‍ വര്‍ധനവ്. സ്വര്ണാഭരണങ്ങളുടെ കയറ്റുമതി 86.8 % വര്‍ധിച്ച് 68026.69 കോടി രൂപയായി. സാധാരണ സ്വര്‍ണാഭരണം (plain gold jewellery), സ്റ്റഡെഡ് (studded jewellery) ആഭരണങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് കയറ്റുമതി നടത്തുന്നത്. അതില്‍ സാധാരണ സ്വര്‍ണാഭരണ കയറ്റുമതി 75.41 % ഉയര്‍ന്ന് 28123.39 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 16032.51 കോടി രൂപയായിരുന്നു.
സ്റ്റഡെഡ് ആഭരണങ്ങളുടെ കയറ്റുമതി 95.76 % വര്‍ധിച്ച് 39903.31 കോടി രൂപ നേടി. കഴിഞ്ഞ വര്‍ഷം 20383.94 കോടി രൂപക്ക് കയറ്റുമതി ചെയ്തിരുന്നു. വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 17 .69 % വര്‍ധിച്ച് 20305.81 കോടി രൂപ യായി.
മൊത്തം സ്വര്‍ണ -രത്‌ന ആഭരണങ്ങളുടെ കയറ്റുമതി 55.75 % വര്‍ധിച്ച് 291771.48 കോടി രൂപയായി. നിലവില്‍ മൊത്തം ഉല്‍പന്ന കയറ്റുമതിയില്‍ സ്വര്ണാഭരണങ്ങളുടെ പങ്ക് 10 ശതമാനത്തിനടുത്തെത്തി.
അടുത്തിടെ യു എ ഇ, ആസ്ട്രേലിയ എന്നി രാജ്യങ്ങളുമായി ഒപ്പുവെച്ച വ്യാപാര കരാറുകള്‍ വഴി രണ്ട് രാജ്യങ്ങളില്‍ സ്വര്‍ണ വജ്ര കയറ്റുമതിക്ക് മുന്‍ഗണന ലഭിക്കുമെന്നത് ഇനിയുള്ള വര്‍ഷങ്ങളില്‍ കയറ്റുമതി മെച്ചപ്പെടാന്‍ കാരണമാകുമെന്ന്, ജെംസ് ആന്റ് ജ്യുവല്‍റി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ കോളിന്‍ ഷാ അഭിപ്രായപ്പെട്ടു.