ഇന്ധന ഉപഭോഗം കുറഞ്ഞു, സംഭരണികള്‍ എല്ലാം നിറഞ്ഞു; യുഎസ്സില്‍ എണ്ണ ശേഖരിക്കാനൊരുങ്ങി ഇന്ത്യ

Update: 2020-05-26 06:36 GMT

രാജ്യത്ത് നിലവിലുള്ള എണ്ണ സംഭരണികളെല്ലാം നിറഞ്ഞതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അതിനാല്‍ തന്നെ കരുതല്‍ എണ്ണ ശേഖരണത്തിനായി യുഎസ്സില്‍ സജ്ജമാക്കിയിരിക്കുന്ന സംഭരണികളില്‍ ശേഖരണം തുടങ്ങാനൊരുങ്ങുകയാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയയുടെ നീക്കത്തിന് സമാനമാണ് പുതിയ തീരുമാനം കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ എണ്ണവില പ്രയോജനപ്പെടുത്തുന്നതിനായി യുഎസ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ സംഭരിക്കാന്‍ ക്രൂഡ് വാങ്ങി അടിയന്തര എണ്ണ ശേഖരം ഉണ്ടാക്കുമെന്ന് ഓസ്ട്രേലിയ കഴിഞ്ഞമാസം പറഞ്ഞിരുന്നു. ഇന്ത്യയുടെ നീക്കവും ഇതേ മാര്‍ഗം പിന്തുടര്‍ന്നു തന്നെ.

ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവും ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ. ഇതിനകം തന്നെ 53.3 ലക്ഷം ടണ്‍ തന്ത്രപരമായി ഇന്ത്യ സംഭരിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ പ്രധാനമായും ഗള്‍ഫില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കപ്പലുകളിലായി 85-90 ലക്ഷം ടണ്‍ വരെ എണ്ണ ഇന്ത്യ സംഭരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍, യാത്രാ നിയന്ത്രണങ്ങള്‍ വന്നതോടെ 2007 മുതലുള്ളതില്‍ വെച്ചേറ്റവും കുറവ് ഇന്ധന ഉപഭോഗമാണ് ഇന്ത്യ ഇത്തവണ രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഇന്ധന ആവശ്യം ഏതാണ്ട് പകുതിയായി കുറഞ്ഞു. മെയ് മാസത്തില്‍ ഇതുവരെയുള്ള പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 60% -65% വരെ വ്യത്യാസമുണ്ടായിട്ടുണ്ട്.

ഇതുവരെ 40 ശതമാനത്തിലധികം ഇടിവാണ് എണ്ണവിലയില്‍ ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ഥിതിയില്‍ മാറ്റമുണ്ടായി. പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങളുടെ സംഘടനയും (ഒപെക്) സഖ്യകക്ഷികളും വിതരണം കുറയ്ക്കുന്നതിനുള്ള ശ്രമം നടത്തിയതിന്റെ ഭാഗമായാണ് വ്യത്യാസമുണ്ടായത്.

ഇന്ത്യന്‍ റിഫൈനര്‍മാരും തങ്ങളുടെ വാണിജ്യ ടാങ്കുകളിലും പൈപ്പ്ലൈനുകളിലും എണ്ണയും സംഭരിച്ചു വെച്ചിട്ടുണ്ട്. അതേസമയം സംഭരിച്ച എണ്ണയും ഉത്പന്നങ്ങളും ഇന്ത്യയുടെ വാര്‍ഷിക ആവശ്യത്തിന്റെ 20% മാത്രമേ വരൂവെന്നും പ്രധാന്‍ പറഞ്ഞു. എണ്ണയുടെ 80 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. 65 ലക്ഷം ടണ്ണായി സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ തന്ത്രപരമായ സംഭരണ രീതികള്‍ സര്‍ക്കാര്‍ ആലോചനയിലുണ്ട്. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Similar News