റഷ്യയില്‍നിന്ന് ക്രൂഡ് ഓയ്ല്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ, ഇന്ധനവില കുറയുമോ?

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, മറ്റ് രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വിലക്കിയതോടെയാണ് ഇന്ത്യക്ക് വിലക്കിഴിവില്‍ ക്രൂഡ് ഓയ്ല്‍ നല്‍കുമെന്ന് വാഗ്ദാനവുമായി റഷ്യ രംഗത്തെത്തിയത്

Update:2022-03-17 12:15 IST

റഷ്യ നല്‍കിയ ക്രൂഡ് ഓയ്ല്‍ ഓഫര്‍ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. 2 ദശലക്ഷം ടണ്‍ (എംടി), അല്ലെങ്കില്‍ ഏകദേശം 15 ദശലക്ഷം ബാരല്‍ ക്രൂഡ് ഇന്ത്യ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്‌തേക്കുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വിലക്കിയതോടെയാണ് ഇന്ത്യക്ക് വിലക്കിഴിവില്‍ ക്രൂഡ് ഓയ്ല്‍ നല്‍കുമെന്ന് വാഗ്ദാനവുമായി റഷ്യ രംഗത്തെത്തിയത്.

അതിനിടെ രാജ്യത്തെ മുന്‍നിര എണ്ണ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) വിലക്കിഴിവില്‍ വാഗ്ദാനം ചെയ്ത 3 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ മെയ് മാസം വിതരണം ചെയ്യുന്നതിനായി റഷ്യയില്‍നിന്ന് വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 20-25 ഡോളര്‍ വിലക്കിഴിവിലാണ് ഐഒസി യുറല്‍സ് ക്രൂഡ് വാങ്ങിയതെന്ന് വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ക്രൂഡ് ഓയ്ല്‍ ഇന്ത്യയില്‍ എത്തിക്കണമെന്ന നിബന്ധനയോടെയാണ് റഷ്യയില്‍നിന്ന് വാങ്ങുന്നത്. അതിനാല്‍ തന്നെ ചരക്ക് നീക്കത്തിന്റെ ചെലവ്, ഇന്‍ഷുറന്‍സ് ചെലവ് എന്നിവ റഷ്യന്‍ കമ്പനികള്‍ തന്നെ വഹിക്കേണ്ടിവരും. ഇത് ഇന്ത്യന്‍ ഓയ്ല്‍ കമ്പനികളുടെ ചെലവ് കുറയ്ക്കും.
ഇന്ത്യ എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെ നിറവേറ്റുന്നത്. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍നിന്ന് എണ്ണ ലഭ്യമായാല്‍ രാജ്യത്തെ ഇന്ധനവില കുറയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ ആഗോളതലത്തില്‍ ക്രൂഡ് ഓയ്ല്‍ വില കുത്തനെ ഉയര്‍ന്നപ്പോള്‍ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. നഷ്ടം സഹിച്ചാണ് ഇന്ത്യന്‍ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ എന്നിവ വിതരണം ചെയ്തതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



Tags:    

Similar News