നിയന്ത്രണമില്ലാതെ കോവിഡ്; നിലതെറ്റി രാജ്യത്തെ വ്യാപാര സീസണുകള്‍

Update:2020-07-06 18:45 IST

കോവിഡ് 19 നെ ചെറുക്കാന്‍ വാക്‌സിന്‍ അത്രയെളുപ്പത്തില്‍ രാജ്യത്ത് കൊണ്ടുവരാന്‍ പറ്റില്ലെന്നിരിക്കെ വരുന്ന വ്യാപാര സീസണുകളും കലങ്ങാന്‍ സാധ്യത. നിലവില്‍ കോവിഡ് 19നെ ചെറുക്കാന്‍ ഫലപ്രദമായ മാര്‍ഗമൊന്നേയുള്ളൂ. സാമൂഹികമായ അകലം പാലിക്കല്‍. എന്നാല്‍ ഇന്ത്യയെ പോലുള്ള രാജ്യത്ത് സാമൂഹിക അകലം പാലിക്കല്‍ എല്ലാ രംഗങ്ങളിലും വന്‍തോതില്‍ പ്രത്യാഘാതം സൃഷ്ടിക്കും. സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധിതമാക്കിയാല്‍ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കും. ഇളവുകള്‍ നല്‍കിയാല്‍ കോവിഡ് പിടിപെടും ഇതാണ് ഇന്ത്യയിലെ അവസ്ഥ.

മുന്നറിയിപ്പുമായി മൂഡീസും

മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസിന്റെ ചെയര്‍മാനും രാജ്യത്തെ സ്ഥിതിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് 19 കേസുകള്‍ കുറഞ്ഞില്ലെങ്കില്‍ ഇന്ത്യയിലെ സാമ്പത്തിക വീണ്ടെടുപ്പ് പ്രയാസമാകുമെന്നാണ് ഹെന്‍ട്രി മക്കിന്നൽ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞത്.

കോവിഡ് വാക്‌സിനുവേണ്ടി തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് ഫലപ്രദമായി വരാന്‍ ജനങ്ങള്‍ കരുതുന്നതിനേക്കാള്‍ ഏറെ സമയമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ആഘോഷങ്ങള്‍ വെള്ളത്തിലാകും

ഇന്ത്യയുടെ ആത്മാവ് വൈവിധ്യമാര്‍ന്ന ആഘോഷങ്ങളിലും ഉത്സവങ്ങളിലുമാണ്. കേരളത്തില്‍ ഓണം പോലെ രാജ്യത്തെ മുക്കിലും മൂലയിലും പ്രാദേശികമായി ചെറുതും വലുതുമായ ആഘോഷങ്ങള്‍ ലക്ഷക്കണക്കിനുണ്ട്.

രാജ്യത്തെ വന്‍കിട കമ്പനികളെ മുതില്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ വരെ ചലിപ്പിക്കുന്നതില്‍ ഈ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ള പങ്ക് വളരെ വലുതുമാണ്. ആഘോഷങ്ങളും ഉത്സവങ്ങളും രാജ്യത്തുനിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതോടെ സമസ്ത മേഖലകളിലും സാമ്പത്തിക ഞെരുക്കം ഒരിക്കല്‍ കൂടി പിടിമുറുക്കും.

പ്രാദേശിക ലോക്ക്ഡൗണുകള്‍ പാരയാകും

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോവിഡ് 19 മൂലം രാജ്യത്തിന്റെ രാഷ്ട്രീയ തലസ്ഥാനവും സാമ്പത്തിക തലസ്ഥാനവും അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചിരിക്കുകയാണ്. ടെക്‌നോളജി സിറ്റിയായ ബാംഗ്ലൂരും ഹൈദരാബാദുമെല്ലാം സ്ഥിതി വിഭിന്നമല്ല. ന്യൂഡെല്‍ഹിയില്‍ കോവിഡിനോട് പൊരുതാന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അടുത്ത ജനുവരി എങ്കിലും സാധാരണക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കേണ്ടി വരുമെന്ന തീരുമാനത്തിലാണ്. അതായത് രാജ്യത്തിന്റെ സകല ഭാഗത്തെയും കോവിഡ് സ്തംഭിപ്പിച്ചിരിക്കുന്നു. ഈ സ്ഥിതി ഏതാനും മാസങ്ങള്‍ കൂടി നീണ്ടുപോയാല്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ ഈ ആരോഗ്യ പ്രശ്‌നം, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സാധാരണ നിലയിലേക്കുള്ള തിരിച്ചുപോക്ക് ഏറെ ശ്രമകരമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News