ഇന്ത്യയുടെ ജി.ഡി.പി ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 16.5 ശതമാനം ചുരുങ്ങിയേക്കുമെന്ന നിരീക്ഷണവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നേരത്തെ 20 ശതമാനം വരെ ചുരുങ്ങിയേക്കുമെന്നായിരുന്നു പ്രവചനം.അതേസമയം, കോര്‍പ്പറേറ്റ് ജി വി എയില്‍ (മൊത്ത മൂല്യവര്‍ദ്ധനവ്) ആശങ്കപ്പെട്ട രീതിയിലുളള ഇടിവില്ല എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് എസ്ബിഐയുടെ ഗവേഷണ റിപ്പോര്‍ട്ടായ ഇക്കോറാപ്പില്‍ പറയുന്നു.
ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഫലങ്ങളെ സംബന്ധിച്ചിടത്തോളം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ച രീതിയിലുളള വളര്‍ച്ചാ മുരടിപ്പ് ഉണ്ടായിട്ടില്ലെന്ന് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.ലിസ്റ്റുചെയ്ത ആയിരത്തോളം കമ്പനികള്‍ ഇതുവരെ ജൂണ്‍ പാദത്തിലെ ഫലം പ്രഖ്യാപിച്ചു. വരുമാനത്തില്‍ 25 ശതമാനത്തിലധികം ഇടിവും ലാഭത്തില്‍ 55 ശതമാനത്തിലധികം ഇടിവുമാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും കോര്‍പ്പറേറ്റ് ജിവിഎയുടെ ഇടിവ് 14.1 ശതമാനം മാത്രമാണ്.
കോവിഡ് മൂലമുള്ള മൊത്തം ജി എസ് ഡി പി (മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം) നഷ്ടം ജി എസ് ഡി പിയുടെ 16.8 ശതമാനമാണെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. മൊത്തം ജിഡിപി നഷ്ടത്തിന്റെ 73.8 ശതമാനം 10 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് സംസ്ഥാന തിരിച്ചുള്ള വിശകലനം സൂചിപ്പിക്കുന്നു.ആന്ധ്രാ പ്രദേശിനെയും മഹാരാഷ്ട്രയെയുമാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചത്.
മൊത്തം നഷ്ടത്തിന്റെ 14.2 ശതമാനം മഹാരാഷ്ട്രയിലാണ്. തമിഴ്നാട് (9.2 ശതമാനം), ഉത്തര്‍പ്രദേശ് (8.2 ശതമാനം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യയിലെ മൊത്തത്തിലുളള ആളോഹരി നഷ്ടം 27,000 രൂപയാണ്. തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, ദില്ലി, ഹരിയാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരാള്‍ക്ക് 40,000 രൂപയില്‍ കൂടുതല്‍ നഷ്ടം കാണിക്കുന്നു.
കൃഷി, വനം, മത്സ്യബന്ധനം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങള്‍, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, പ്രതിരോധം, മറ്റ് സേവനങ്ങള്‍ എന്നിവ കൂടാതെ മറ്റെല്ലാ മേഖലകളിലും സങ്കോചത്തിന്റെ പ്രവണത പ്രകടമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 41 ഉയര്‍ന്ന ഫ്രീക്വന്‍സി ലീഡിംഗ് സൂചകങ്ങളില്‍ 11 എണ്ണം ഒഴികെ ബാക്കി എല്ലാ സൂചകത്തിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ആഭ്യന്തര ട്രാക്ടര്‍ വില്‍പ്പന, ബിറ്റുമിന്‍ ഉപഭോഗം, എ എസ് സി ബി ബാങ്ക് നിക്ഷേപം എന്നിവ ഒഴികെ എല്ലാം സമ്മര്‍ദ്ദത്തിലാണ്.
ഗ്രാമീണ മേഖലയിലെയും ഉള്‍പ്രദേശങ്ങളിലെയും കൊറോണ വൈറസ് കേസുകള്‍ അതിവേഗം ഉയരുന്നതിനെക്കുറിച്ച് ഇക്കോറാപ്പ് ആശങ്ക രേഖപ്പെടുത്തി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൊറോണ വൈറസ് ഗ്രാമപ്രദേശങ്ങളില്‍ ഗണ്യമായി വര്‍ധിക്കുകയാണ്. ഗ്രാമീണ ജില്ലകളിലെ കേസുകള്‍ ഓഗസ്റ്റില്‍ 54 ശതമാനമായി ഉയര്‍ന്നു. പത്തില്‍ താഴെ കേസുകളുള്ള ഗ്രാമീണ ജില്ലകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും സമ്പദ്ഘടനയ്ക്ക് ആഘാതം സൃഷ്ടിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline