ഇന്ത്യ തിളങ്ങുമെന്ന് ഐ.എം.എഫ്; വളര്‍ച്ചാപ്രതീക്ഷ കൂട്ടി; ലോകത്തെ അതിവേഗം വളരുന്ന സമ്പദ്ശക്തിയായും തുടരും
ചൈനയും അമേരിക്കയും തളരും; സൗദി അറേബ്യ കുതിച്ചുകയറും
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (major) സമ്പദ്‌വ്യവസ്ഥയായി അടുത്ത രണ്ടുവര്‍ഷക്കാലവും ഇന്ത്യ തന്നെ തുടരുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ (IMF) റിപ്പോര്‍ട്ട്. 2023-24ല്‍ ഇന്ത്യ 6.7 ശതമാനം വളരുമെന്നാണ് ഐ.എം.എഫിന്റെ പുതിയ റിപ്പോര്‍ട്ടിലുള്ളത്. നേരത്തേ വിലയിരുത്തിയ 6.3 ശതമാനത്തില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഇക്കുറി ഐ.എം.എഫ് ഉയര്‍ത്തി.
ഏപ്രില്‍-മാര്‍ച്ച് സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വളര്‍ച്ചാപ്രതീക്ഷ ഐ.എം.എഫ് വിലയിരുത്തിയിട്ടുള്ളത്. 2024-25ലും 2025-26ലും ഇന്ത്യ 6.5 ശതമാനം വീതം വളരുമെന്നും ഐ.എം.എഫ് പറയുന്നു. കലണ്ടര്‍ വര്‍ഷം അടിസ്ഥാനമാക്കിയാല്‍ 2024ല്‍ ഇന്ത്യയുടെ വളര്‍ച്ചാപ്രതീക്ഷ 5.7 ശതമാനമാണെന്നും 2025ല്‍ ഇത് 6.8 ശതമാനത്തിലേക്ക് കുതിച്ചുയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേന്ദ്രത്തിന്റെ പ്രതീക്ഷയേക്കാള്‍ കുറവ്
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്ശക്തിയായി ഇന്ത്യ തുടരുമെന്ന ഐ.എം.എഫിന്റെ റിപ്പോര്‍ട്ട് ബജറ്റിന് തൊട്ടുമുമ്പ് എത്തിയത് കേന്ദ്രത്തിന് ആശ്വാസമാണ്. എന്നാലും, കേന്ദ്രത്തിന്റെ വളര്‍ച്ചാപ്രതീക്ഷയേക്കാള്‍ ഏറെക്കുറവാണെന്ന തിരിച്ചടിയുമുണ്ട്. നടപ്പുവര്‍ഷം (2023-24) 7.3 ശതമാനവും അടുത്തവര്‍ഷം (2024-25) 7 ശതമാനവും വളര്‍ച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
ആഭ്യന്തര ഡിമാന്‍ഡ് മെച്ചപ്പെടുന്നതും നിയന്ത്രണ പരിധിക്കുള്ളില്‍ നില്‍ക്കുന്ന പണപ്പെരുപ്പവും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ കരുത്താകുമെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു. ധനക്കമ്മി നിയന്ത്രണവും നേട്ടമാണ്. 2024-25ലേക്ക് ജി.ഡി.പിയുടെ 5.3 ശതമാനമായും 2025-26ല്‍ 4.5 ശതമാനമായും ധനക്കമ്മി (Fiscal Deficit) നിയന്ത്രിക്കുകയാണ് കേന്ദ്ര ലക്ഷ്യം.
മൂന്നുവര്‍ഷത്തിനകം ഇന്ത്യ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്ശക്തിയാകുമെന്നും 2030ല്‍ ഇത് 7 ലക്ഷം കോടി ഡോളറാകുമെന്നും കേന്ദ്ര ധനമന്ത്രാലയം ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. മൂന്നുവര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. ജര്‍മ്മനിയെയും ജപ്പാനെയുമാണ് പിന്തള്ളുക. നിലവില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്താണ്.
തളര്‍ച്ചയുടെ പാതയിലേക്ക് അമേരിക്കയും ചൈനയും
ജി.ഡി.പി വളര്‍ച്ചാനിരക്കില്‍ ഇന്ത്യയേക്കാള്‍ ഏറെ പിന്നിലാണെന്നത് മാത്രമല്ല വരും വര്‍ഷങ്ങളില്‍ വളര്‍ച്ച ഇടിയുമെന്ന വെല്ലുവിളി കൂടിയാണ് അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള മുന്‍നിര രാജ്യങ്ങളെ കാത്തിരിക്കുന്നതെന്ന് ഐ.എം.എഫിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമേരിക്ക 2023ലെ 2.5 ശതമാനം വളര്‍ച്ചയില്‍ നിന്ന് 2024ല്‍ 2.1ലേക്കും 2025ല്‍ 1.7 ശതമാനത്തിലേക്കും തളരും. ചൈന 2023ലെ 5.2 ശതമാനത്തില്‍ നിന്ന് 2024ല്‍ 4.6 ശതമാനത്തിലേക്കും 2025ല്‍ 4.1 ശതമാനത്തിലേക്കുമാണ് തളരുക.
ജര്‍മ്മനി ഇക്കാലയളവില്‍ നെഗറ്റീവ് വളര്‍ച്ചയില്‍ നിന്ന് മെല്ലെ കരകയറും. ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, ജപ്പാന്‍, കാനഡ, റഷ്യ, ബ്രസീല്‍, മെക്‌സിക്കോ, സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവയുടെ വളര്‍ച്ച കുറയുകയോ നാമമാത്രമായി ഒതുങ്ങുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, 2023ലെ നെഗറ്റീവ് 1.1 ശതമാനത്തില്‍ നിന്ന് 2024ല്‍ 2.7 ശതമാനത്തിലേക്കും 2025ല്‍ 5.5 ശതമാനത്തിലേക്കും സൗദി അറേബ്യ കുതിച്ചുകയറുമെന്നും ഐ.എം.എഫ് വിലയിരുത്തുന്നു. അതേസമയം, ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷ 2023ലും 2024ലും 3.1 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. 2024ല്‍ 2.9 ശതമാനം വളരുമെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. 2025ല്‍ പ്രതീക്ഷ 3.2 ശതമാനവുമാണ്.