ഇന്ത്യയില്‍ നിന്ന് ഭാരതിലേക്ക്: പേരുമാറ്റത്തിന് ചെലവ് ശതകോടികള്‍
എല്ലാ കണ്ണുകളും സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലേക്ക്
'ഇന്ത്യ'യുടെ പേര് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി 'ഭാരത്' എന്ന് മാത്രമാക്കുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ രാജ്യം. സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനം പേര് മാറ്റത്തിന് വേദിയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സെപ്റ്റംബര്‍ 9, 10 തീയതികളിലായി ഡല്‍ഹിയില്‍ നടക്കുന്ന ജി20 സംഗമത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അയച്ച ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് എഴുതിയതിനെ തുടര്‍ന്നാണ് പേര്മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം.
ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും മാദ്ധ്യമങ്ങളും സാമൂഹിക മാദ്ധ്യമങ്ങളുമെല്ലാം അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലാത്തതിനാല്‍ പേര്മാറ്റം അഭ്യൂഹം മാത്രമാകുമെന്ന് കരുതുന്നവരുമുണ്ട്.
വേണം ശതകോടികള്‍
കേവലം പ്രത്യേക ബില്ല് അവതരിപ്പിച്ച്, ഭരണഘടനയില്‍ മാറ്റം വരുത്തി മാത്രം നടപ്പാക്കാവുന്നതല്ല രാജ്യത്തിന്റെ പേര് മാറ്റം. അതിന് ശതകോടികളുടെ ചെലവും കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടി വരും. 2018ലാണ് ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്‍ഡ് 'എസ്വാട്ടിനി' എന്ന് പേര് മാറ്റിയത്. രാജ്യത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 6-10 ശതമാനം ഇതിനായി റീബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് ഇനത്തില്‍ വേണ്ടിവരുമെന്ന് ദക്ഷിണാഫ്രിക്കയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി നിയമവിദഗ്ദ്ധനും ബ്ലോഗറുമായ ഡാരന്‍ ഒലീവിയര്‍ പറയുന്നു.
ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരിന്റെ 2022-23ലെ നികുതി വരുമാനം 23.84 ലക്ഷം കോടി രൂപയാണ്. ഒലീവിയര്‍ തിയറിപ്രകാരം ഇന്ത്യയെ ഭാരത് എന്നാക്കി മാറ്റുമ്പോള്‍ കേന്ദ്രത്തിനുണ്ടാകുന്ന ബാദ്ധ്യത 14,000 കോടി രൂപയോളം വരും.
'ഇന്ത്യ' എന്നതിന് വിലമതിക്കാനാവാത്ത ബ്രാന്‍ഡ് മൂല്യമുണ്ടെന്നും നിലവിൽ ഇന്ത്യയെന്നോ ഭാരത് എന്നോ ഉപയോഗിക്കുന്നതിന് ഭരണഘടനാ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ പേര് മാറ്റം പോലെയുള്ള മണ്ടത്തരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ പ്രതികരിച്ചു.
ബ്രിട്ടീഷ് കൊളോണിയല്‍ സ്വാധീനം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റം ആലോചിക്കുന്നതെന്ന് 'ഭാരതി'നെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
സീലോണ്‍ പിന്നീട് ശ്രീലങ്ക ആയതും സയാം തായ്‌ലന്‍ഡ് ആയതും കൊളോണിയല്‍ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായിയായിരുന്നു.