ജി.ഡി.പി വളര്‍ച്ച പ്രവചനങ്ങളെ കടത്തിവെട്ടും; മുന്നില്‍ നിന്ന് നയിക്കാന്‍ കേരളവും

മൂലധനച്ചെലവില്‍ മുന്‍നിരയിലുള്ള സംസ്ഥാനങ്ങളില്‍ കേരളവും

Update:2023-08-23 17:04 IST

Image : Canva

നടപ്പു സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (GPD/ജി.ഡി.പി) വളര്‍ച്ചാനിരക്ക് റിസര്‍വ് ബാങ്കിന്റെ പ്രവചനത്തെയും കടത്തിവെട്ടുമെന്ന് എസ്.ബി.ഐ റിസര്‍ച്ചിന്റെ എക്കോറാപ്പ് റിപ്പോര്‍ട്ട് (SBI Research Ecowrap).

ഇന്ത്യ ഏപ്രില്‍-ജൂണില്‍ 7.8 മുതല്‍ 8 ശതമാനം വരെ വളര്‍ന്നേക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. എന്നാല്‍, വളര്‍ച്ച 8.3 ശതമാനം ആയേക്കാമെന്ന് എസ്.ബി.ഐ റിസര്‍ച്ച് പറയുന്നു. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ ഇന്ത്യ വളര്‍ന്നത് 6.1 ശതമാനമാണ്. 2022-23ലെ ഏപ്രില്‍-ജൂണില്‍ വളര്‍ച്ച 13.5 ശതമാനമായിരുന്നു.
മുന്നില്‍ കേരളവും
നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ വളര്‍ച്ചാനിരക്ക് 8.3 ശതമാനം വരെ ഉയരുമെന്നതിന് എസ്.ബി.ഐ റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്ന മുഖ്യഘടകം കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളുടെ ഉയര്‍ന്ന മൂലധനച്ചെലവാണ്.
കേന്ദ്രസര്‍ക്കാരിന്റെ മൂലധനച്ചെലവ് ആദ്യപാദത്തില്‍ ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 27.8 ശതമാനത്തിലെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശാണ് 40.8 ശതമാനവുമായി സംസ്ഥാനങ്ങളില്‍ മുന്നില്‍.
26.6 ശതമാനം വീതവുമായി തെലങ്കാനയും മദ്ധ്യപ്രദേശും രണ്ടാംസ്ഥാനത്തുണ്ട്. 20.9 ശതമാനവുമായി കേരളമാണ് മൂന്നാമത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിന്റെ പശ്ചാത്തലത്തിലാണ് തെലങ്കാന, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ചെലവ് ഉയര്‍ത്തിയതെങ്കില്‍ കേരളം നിലവില്‍ ഇത്തരം പശ്ചാത്തലമില്ലാതെ തന്നെ മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കുകയായിരുന്നു.
മറ്റ് കരുത്തുകള്‍
മാനുഫാക്ചറിംഗ് മേഖല സുസ്ഥിര വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയെന്ന് വ്യാവസായിക ഉത്പാദന സൂചിക (IIP), വാഹന വില്‍പന, പി.എം.ഐ ഡേറ്റ എന്നിവയുടെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. കാര്‍ഷികോത്പാദന വില്‍പന മെച്ചപ്പെട്ടതും നേട്ടമാണ്.
വൈദ്യുത വിതരണം മികച്ച ഉയരത്തിലാണെന്നത് വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നതിന് തെളിവാണ്. വ്യോമ യാത്രികരുടെയും വ്യോമ ചരക്കുനീക്കത്തിലെയും വളര്‍ച്ച ജി.ഡി.പിയുടെ കുതിപ്പിന് സഹായകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍-ജൂണ്‍പാദത്തിലെ ഔദ്യോഗിക ജി.ഡി.പി വളര്‍ച്ചാക്കണക്ക് ഈമാസം അവസാനം കേന്ദ്രം പുറത്തുവിടും.
Tags:    

Similar News