ഇന്ത്യന്‍ കമ്പനികള്‍ പുലികളാണ്; മൊത്തം അറ്റാദായം കുത്തനെ കൂടി!
ജിഡിപിയില്‍ കോര്‍പ്പറേറ്റ് ലാഭത്തിന്റെ വിഹിതം പത്തുവര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന തലത്തില്‍
ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ വെറും പുലികളല്ല. പുപ്പുലികളാണ്. കോവിഡ് വ്യാപനവും ദേശീയ ലോക്ക്ഡൗണും എല്ലാം ഉണ്ടായിട്ടുപോലും 2020- 21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ മൊത്തം അറ്റാദായത്തില്‍ വന്‍ വര്‍ധന. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ ആകമാന അറ്റാദായം 57.6 ശതമാനം വര്‍ധിച്ച് 5.31 ലക്ഷം കോടി രൂപയിലെത്തി. ഇതോടെ രാജ്യത്തെ ജി ഡി പിയില്‍ കോര്‍പ്പറേറ്റ് ലാഭത്തിന്റെ വിഹിതം പത്തുവര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന തലമായ 2.63 ശതമാനത്തിലെത്തി. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഈ അനുപാതം 1.6 എന്ന റെക്കോര്‍ഡ് താഴ്ചയിലായിരുന്നു. 2011 സാമ്പത്തിക വര്‍ഷത്തില്‍ ജി ഡി പിയില്‍ കോര്‍പ്പറേറ്റ് ലാഭത്തിന്റെ വിഹിതം 3.2 ശതമാനം എന്ന റെക്കോര്‍ഡ് തലത്തിലായിരുന്നു.
ജിഡിപിയില്‍ കോര്‍പ്പറേറ്റ് വരുമാനത്തിന്റെ വിഹിതം തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ ഉയര്‍ച്ച രേഖപ്പെടുത്തി. 33.6 ശതമാനത്തില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 34.4 ശതമാനമായി.
കഴിഞ്ഞ 13 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ അസംസ്‌കൃത വസ്തു, ഇന്ധന ചെലവായിരുന്നു 2021 സാമ്പത്തിക വര്‍ഷത്തിലേത്.
ലാഭം കൂടിയതെങ്ങനെ?
കോവിഡ് മഹാമാരിക്കാലത്ത് കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭം കൂടിയത് സെയ്ല്‍സും വരുമാനവും കൂടിയതുകൊണ്ടല്ല മറിച്ച് ഓപ്പറേറ്റിംഗ്, കാപ്പിറ്റല്‍ ചെലവുകളില്‍ കുത്തനെ കുറവുണ്ടായതിനാലാണ്. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ കമോഡിറ്റി വിലകള്‍ കുത്തനെ ഇടിഞ്ഞിരുന്നു. അതോടെ ഇന്ത്യന്‍ കമ്പനികളുടെ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് 14.1 ശതമാനത്തോളം കുറഞ്ഞു. ഊര്‍ജ്ജ, ഇന്ധന ചെലവുകളിലും 8.2 ശതമാനം കുറവുണ്ടായി. അതോടെ കോര്‍പ്പറേറ്റ് കമ്പനികളുടെ അറ്റ സെയ്ല്‍സിലെ ഓരോ നൂറുരൂപയും എടുത്താല്‍ അതില്‍ അസംസ്‌കൃത വസ്തു, ഊര്‍ജ്ജം, ഇന്ധനം എന്നിവയുടെ പേരിലുള്ള ചെലവ് 51.6 രൂപയായി മാറി. തൊട്ടുമുന്‍വര്‍ഷം ഓരോ നൂറുരൂപയിലും ഈ വിഭാഗത്തിന്റെ പേരിലുള്ള ചെലവ് 56.4 രൂപയായിരുന്നു.കഴിഞ്ഞ 13 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ അസംസ്‌കൃത വസ്തു, ഇന്ധന ചെലവായിരുന്നു 2021 സാമ്പത്തിക വര്‍ഷത്തിലേത്.