ജി.ഡി.പിയില്‍ 7.6% അപ്രതീക്ഷിത വളര്‍ച്ച; പ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യൻ മുന്നേറ്റം
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി തുടർന്ന് ഇന്ത്യ
റിസര്‍വ് ബാങ്കിന്റെ ഉള്‍പ്പെടെയുള്ള പ്രവചനങ്ങളെ നിഷ്പ്രഭമാക്കി ഇന്ത്യയുടെ ജി.ഡി.പിക്കുതിപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 7.6 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (Gross Domestic Product/GDP) വളര്‍ച്ചയാണ് ഇന്ത്യന്‍ സാമ്പത്തിക മേഖല കുറിച്ചതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. മുന്‍വര്‍ഷത്തെ (2022-23) സമാനപാദത്തിലെ വളര്‍ച്ച 6.3 ശതമാനമായിരുന്നു.
അതേസമയം, നടപ്പുവര്‍ഷം ആദ്യപാദമായ ഏപ്രില്‍-ജൂണിലെ 7.8 ശതമാനത്തെ അപേക്ഷിച്ച് കഴിഞ്ഞപാദ വളര്‍ച്ച കുറഞ്ഞു. നാല് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയായിരുന്നു ഏപ്രില്‍-ജൂണിലേത്. 2022-23ലെ ഒന്നാംപാദത്തില്‍ 13.5 ശതമാനം, രണ്ടാംപാദത്തില്‍ 6.3 ശതമാനം, മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറില്‍ 4.4 ശതമാനം, നാലാംപാദമായ ജനുവരി-മാര്‍ച്ചില്‍ 6.1 ശതമാനം എന്നിങ്ങനെയായിരുന്നു വളര്‍ച്ച.
കാറ്റില്‍പ്പറന്ന് പ്രവചനങ്ങള്‍
ഇന്ത്യ രണ്ടാംപാദത്തില്‍ 6.5 ശതമാനം വളരുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ പ്രവചനം. ഇതിനെ ബഹുദൂരം കവച്ചുവച്ച് പ്രതീക്ഷകളേക്കാള്‍ മികച്ച വളര്‍ച്ച കഴിഞ്ഞപാദത്തില്‍ നേടാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കഴിഞ്ഞു. എസ്.ബി.ഐ റിസര്‍ച്ച് 6.9 മുതല്‍ 7.1 ശതമാനം വരെ, ബ്രോക്കറേജ് സ്ഥാപനമായ ബര്‍ക്ലെയ്‌സ് 6.8 ശതമാനം, റേറ്റിംഗ് ഏജന്‍സികളായ ഇക്ര 7 ശതമാനം, ഇന്ത്യ റേറ്റിംഗ്‌സ് 6.9 ശതമാനം, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് 6.7 ശതമാനം എന്നിങ്ങനെയും വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. ഇവയെയെല്ലാം നിഷ്പ്രഭമാക്കുന്ന കണക്കുകളാണ് ഇന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ടത്.
കുതിപ്പായി മാനുഫാക്ചറിംഗ്, ഖനനം, നിര്‍മ്മാണം
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായ മാനുഫാക്ചറിംഗ്, ഖനനം (മൈനിംഗ്), നിര്‍മ്മാണം (കണ്‍സ്ട്രക്ഷന്‍) എന്നിവ മികച്ച പ്രകടനം കാഴ്ചവച്ചത് ജി.ഡി.പിയുടെ വളര്‍ച്ചാക്കുതിപ്പിന് വളമായി. പക്ഷേ, കാര്‍ഷിക മേഖല വളര്‍ച്ചാ ഇടിവ് രേഖപ്പെടുത്തിയത് ഈ നേട്ടങ്ങളുടെ ശോഭയും കെടുത്തി.
വാര്‍ഷികാടിസ്ഥാനത്തില്‍ നെഗറ്റീവ് 3.8ല്‍ നിന്ന് പോസിറ്റീവ് 13.9 ശതമാനമായി മാനുഫാക്ചറിംഗ് മേഖല വളര്‍ന്നു. 5.7 ശതമാനത്തില്‍ നിന്ന് 13.3 ശതമാനത്തിലേക്കാണ് നിര്‍മ്മാണമേഖലയുടെ വളര്‍ച്ച. വൈദ്യുതി, ഗ്യാസ്, ജലവിതരണം എന്നിവയുടെ വളര്‍ച്ച 6 ശതമാനത്തില്‍ നിന്ന് 10.1 ശതമാനമായി. ഖനന മേഖല നെഗറ്റീവ് 0.1ല്‍ നിന്ന് 10 ശതമാനത്തിലേക്ക് വളര്‍ച്ച കഴിഞ്ഞപാദത്തില്‍ മെച്ചപ്പെടുത്തി.
2.5 ശതമാനത്തില്‍ നിന്ന് കാര്‍ഷിക മേഖലയുടെ വളര്‍ച്ച 1.2 ശതമാനമായി ഇടിഞ്ഞു. വ്യാപാരം, ഗതാഗതം, കമ്മ്യൂണിക്കേഷന്‍ മേഖലയുടെ വളര്‍ച്ചയും താഴേക്കായിരുന്നു; 15.6 ശതമാനത്തില്‍ നിന്ന് 4.3 ശതമാനത്തിലേക്ക്. ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ച 7.1ല്‍ നിന്ന് 6 ശതമാനത്തിലേക്കും ഇടിഞ്ഞു. പൊതുഭരണം, പ്രതിരോധ മേഖലയുടെ വളര്‍ച്ച 5.6ല്‍ നിന്ന് 7.6 ശതമാനമായി മെച്ചപ്പെട്ടു.
₹41.74 ലക്ഷം കോടി
നടപ്പുവര്‍ഷം ജൂലൈ-സെപ്റ്റംബറില്‍ ഇന്ത്യന്‍ ജി.ഡി.പിയുടെ മൂല്യം 41.74 ലക്ഷം കോടി രൂപയാണ്. 2022-23ലെ സമാനപാദത്തിലെ 38.78 ലക്ഷം കോടി രൂപയേക്കാള്‍ 7.6 ശതമാനം വളര്‍ച്ച. ഇതാണ് ജി.ഡി.പി വളര്‍ച്ച. നടപ്പുവര്‍ഷം ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ മൂല്യം 40.37 ലക്ഷം കോടി രൂപയായിരുന്നു.
ഇന്ത്യ തന്നെ ഒന്നാമത്; നേട്ടങ്ങള്‍ നിരവധി
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ (Major Economy) എന്ന പട്ടം ഇന്ത്യ കഴിഞ്ഞപാദത്തിലും നിലനിറുത്തി. നിരവധി പ്രമുഖ രാജ്യങ്ങള്‍ നെഗറ്റീവ് വളര്‍ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് തിളക്കത്തോടെ ഇന്ത്യയുടെ മുന്നേറ്റമെന്നത് ശ്രദ്ധേയമാണ്.
സാമ്പത്തിക രംഗത്തെ ബദ്ധവൈരിയായ ചൈനയുടെ വളര്‍ച്ച 4.9 ശതമാനമാണ്. അമേരിക്ക 5.3 ശതമാനം വളര്‍ന്നു. യു.കെ. 0.6 ശതമാനവും ഇന്‍ഡോനേഷ്യ 4.94 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഫ്രാന്‍സ് (-0.1%), ജര്‍മ്മനി (-0.1%), ജപ്പാന്‍ (-2.1%), സൗദി അറേബ്യ (-4.5%) എന്നിവ കുറിച്ചത് നെഗറ്റീവ് വളര്‍ച്ചയാണ്.
ജി.ഡി.പി വളര്‍ച്ച മെച്ചപ്പെട്ടതും ലോകത്തെ ഏറ്റവും വേഗം വളരുന്ന മേജര്‍ സമ്പദ്‌വ്യവസ്ഥയെന്ന പെരുമ നിലനിറുത്തിയതും ഇന്ത്യക്ക് വലിയ നേട്ടങ്ങളുണ്ടാക്കും. ഇന്ത്യ സുസ്ഥിര വളര്‍ച്ചയുള്ള രാജ്യമെന്നത് പരിഗണിച്ച് ആഗോള നിക്ഷേപകലോകം വന്‍തോതില്‍ ഇന്ത്യയിലേക്ക് നിക്ഷേപമൊഴുക്കാന്‍ തയ്യാറാകും. ആഗോള കമ്പനികളും ഇന്ത്യയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉഷാറാക്കും.