ആറ് മാസത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയുമായി സേവന മേഖല; കാരണങ്ങള്‍ ഇവയാണ്

ഉയര്‍ന്ന ചെലവുകള്‍ക്കിടയിലും ബിസിനസ് ശുഭാപ്തിവിശ്വാസം ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.

Update:2023-01-04 12:36 IST

2022 ഡിസംബറില്‍ ശക്തമായ ഡിമാന്‍ഡിനെ തുടര്‍ന്ന് ഇന്ത്യയുടെ സേവന വ്യവസായം (services industry) ആറ് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ പ്രവര്‍ത്തനം കാഴ്ച്ചവച്ചതായി എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസ് റിപ്പോര്‍ട്ട്. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (PMI) 56.4 ല്‍ നിന്ന് ഡിസംബറില്‍ 58.5 ലേക്ക് ഉയര്‍ന്നതായി എസ് ആന്റ് പി ഗ്ലോബല്‍ അറിയിച്ചു. തുടര്‍ച്ചയായ 17-ാം മാസത്തെ വളര്‍ച്ചയാണിത്. ഉയര്‍ന്ന ചെലവുകള്‍ക്കിടയിലും ബിസിനസ് ശുഭാപ്തിവിശ്വാസം  ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.

2023-ലേക്ക് എത്തുമ്പോള്‍, കമ്പനികള്‍ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ശക്തമായ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നതായി എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ സാമ്പത്തികശാസ്ത്ര അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ അഭിപ്രായപ്പെട്ടു. പുതിയ ബിസിനസുകളുടെ തുടര്‍ച്ചയായ വളര്‍ച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ നിലവിലെ ആവശ്യകതകളെ നേരിടാന്‍ ശേഷി പര്യാപ്തമാണെന്ന് ചില കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തയായും ഡി ലിമ കൂട്ടിച്ചേര്‍ത്തു.

ശക്തമായ ഡിമാന്‍ഡ് ബിസിനസ് ആത്മവിശ്വാസത്തെ പിന്തുണയ്ക്കുന്നത് തുടര്‍ന്നു. ആഗോള വളര്‍ച്ച മന്ദഗതിയിലാകുകയും മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്നു. അതിനാല്‍ മറ്റ് പല സമ്പദ് വ്യവസ്ഥകളേക്കാളും വേഗത്തിലുള്ള വളര്‍ച്ച പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുമെന്നും എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസ് റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Similar News