ചൈനയോടുള്ള ഇന്ത്യയുടെ വ്യാപാര ആശ്രയത്വം കൂടി, സൗദിയോട് കുറഞ്ഞു: യു.എന്‍
യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ആശ്രയത്വത്തിലും വര്‍ധന;
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ക്കും കമ്പനികള്‍ക്കും കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോഴും ചൈനയോടുള്ള ഇന്ത്യയുടെ വ്യപാര ആശ്രയത്വം കൂടുന്നു. 2023ല്‍ ചൈനയോടുള്ള ഇന്ത്യയുടെ വ്യാപാര ആശ്രയത്വം 1.2 ശതമാനം ഉയര്‍ന്നുവെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ഡെവലപ്മെന്റ് (UNCTAD) വ്യക്തമാക്കി.
2023ല്‍ സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ആശ്രയത്വം 0.6 ശതമാനം താഴ്ന്നുവെന്നും യു.എന്‍.സി.റ്റി.എ.ഡി പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ട്രേഡ് അപ്ഡേറ്റ് റിപ്പോര്‍ട്ടിലുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ വ്യാപാര ആശ്രയത്വവും 2023ല്‍ കൂടിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വ്യാപാരത്തില്‍ ഉണര്‍വുമായി ഇന്ത്യ
ഇന്ത്യയടക്കം നിരവധി വലിയ സാമ്പത്തിക ശക്തികള്‍ (Major economies) 2023ലെ നാലാംപാദമായ ഒക്ടോബര്‍-ഡിസംബറില്‍ രാജ്യാന്തര വ്യാപാര രംഗത്ത് മികച്ച വളര്‍ച്ച നേടിയെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. ചൈനയുടെ ഇറക്കുമതിയും ഇന്ത്യയുടെ കയറ്റുമതിയും 5 ശതമാനം വളര്‍ച്ച ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തി.
ആഫ്രിക്ക, കിഴക്കനേഷ്യ, തെക്ക്-കിഴക്കനേഷ്യ എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളുടെ വ്യാപാരത്തിലും ഉണര്‍വുണ്ടായി. 2023ല്‍ ആഗോള വ്യാപാരം പക്ഷേ മൂന്ന് ശതമാനം താഴ്ന്നു. എന്നാല്‍, ആഗോള സേവനമേഖല മുന്‍വര്‍ഷത്തേക്കാള്‍ 8 ശതമാനം വളര്‍ച്ച നേടി. ചരക്ക് വ്യാപാരം 5 ശതമാനം കുറഞ്ഞു. അമേരിക്കയും ചൈനയും തമ്മിലെ വ്യാപാര ഇടപാടുകളും കഴിഞ്ഞവര്‍ഷം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.