ഇന്ത്യന്‍ ടൂറിസം മേഖല ഈ വര്‍ഷം 20% വളരുമെന്ന് പ്രതീക്ഷ

2023ല്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 20.7 ശതമാനം

Update: 2023-06-23 10:27 GMT

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ പങ്കാളിത്തം 2023ല്‍ 20.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ കൊവിഡിന് മുമ്പത്തേക്കാള്‍ മികച്ച നിലയിലെത്തുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ (ഡബ്ല്യു.ടി.ടി.സി) റിപ്പോര്‍ട്ട്.

2022ല്‍ 15.7 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ വരുമാനം. 2023ല്‍ ഇത് 16.5 ലക്ഷം കോടി രൂപയാകും. അടുത്ത പത്തുവര്‍ഷത്തിനകം ഇത് 37 ലക്ഷം കോടി രൂപയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 3.72 കോടിപ്പേരാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്തിരുന്നത്. 2023 അവസാനത്തോടെ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 3.9 കോടി കടക്കും.
ചെലവിടലും കൂടുന്നു 
2022ല്‍ ആഭ്യന്തര സന്ദര്‍ശകര്‍ ഇന്ത്യയില്‍ ചെലവിട്ടത് 12.3 ലക്ഷം കോടി രൂപയും വിദേശികള്‍ ചെലവിട്ടത് 1.6 ലക്ഷം കോടി രൂപയുമാണ്. ഈ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ ചെലവാക്കല്‍ 12.6 ലക്ഷം കോടി രൂപയായേക്കും. വിദേശ സഞ്ചാരികള്‍ ചെലവിടുന്ന തുക രണ്ട് ലക്ഷം കോടി രൂപയും കവിയുമെന്ന് ഡബ്ല്യു.ടി.ടി.സി അഭിപ്രായപ്പെടുന്നു.
അടുത്ത ദശാബ്ദത്തോടെ ആഭ്യന്തര സഞ്ചാരികളുടെ ചെലവ് 28.7 ലക്ഷം കോടി രൂപയും വിദേശ സഞ്ചാരികളുടെ ചെലവ് 4.1 ലക്ഷം കോടി രൂപയുമാകും. കൊവിഡിന് മുമ്പ് (2019ല്‍) ഇന്ത്യയുടെ ജി.ഡി.പിയില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ പങ്ക് 7 ശതമാനമായിരുന്നു. കൊവിഡില്‍ (2020) ഇത് 4.3 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.
2023ല്‍ പങ്കാളിത്തം വീണ്ടും 7 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷ. വരുമാനം 2019ലെ 15.7 ലക്ഷം കോടി രൂപയില്‍ നിന്ന് 2020ല്‍ 9.2 ലക്ഷം കോടി രൂപയിലേക്ക് കുറഞ്ഞിരുന്നു;  41.7 ശതമാനം പേര്‍ക്ക് തൊഴിലും നഷ്ടമായിരുന്നു.
Tags:    

Similar News