രാജ്യത്തോടൊപ്പം വളരാന്‍ എവിടെ നിക്ഷേപിക്കണം

വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയില്‍ യുവാക്കള്‍ എവിടെയൊക്കെ നിക്ഷേപിക്കണം

Update:2024-05-17 15:30 IST

വിവിധ രാജ്യങ്ങളില്‍ മലയാളികള്‍ പൗരത്വം നേടി ജീവിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. പണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ പോയിരുന്ന പ്രവാസികളെ പോലെ ജീവിത സായാഹ്നങ്ങളില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്ന് ജീവിക്കാന്‍ ഇവരില്‍ മിക്കവര്‍ക്കും ഉദ്ദേശ്യമില്ല. അതിനാല്‍ തന്നെ ഇവരുടെ നിക്ഷേപങ്ങളും സ്വപ്നങ്ങളും ലോകമെമ്പാടും പരന്നുകിടക്കുകയാണ്.

കാനഡയില്‍ ഇത്തരത്തില്‍ സ്ഥിരതാമസമാക്കിയ ഒരാള്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗിനായി (സാമ്പത്തിക ആസൂത്രണം) ഞങ്ങളെ സമീപിച്ചു. ഇന്ത്യ ഒരു നല്ല വിപണി ആണെന്നും മറ്റ് ലോക രാജ്യങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ഏറ്റവും നല്ല പ്രകടനങ്ങളില്‍ ഒന്ന് ഈ വിപണി ആണെന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് അവിശ്വസനീയമായി തോന്നി. തുടര്‍ന്ന് ലോകത്തിലെ മുന്‍നിര മാര്‍ക്കറ്റുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഞങ്ങള്‍ ദീര്‍ഘനേരം ചര്‍ച്ച നടത്തി.
മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍
ലോകത്തിന്റെ മൊത്തം വിപണി മൂലധനവല്‍ക്കരണം (മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍) 2024ല്‍ 110 ട്രില്യണ്‍ (ലക്ഷം കോടി) ഡോളറാണ്. ഈ വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് എന്താണ് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ എന്ന് മനസിലാക്കാം. ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ വിപണി മൂല്യത്തെയാണ് നാം അതിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ എന്ന് വിളിക്കുന്നത്. അങ്ങനെ ഒരു രാജ്യത്തിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും വിപണി മൂല്യത്തെ ഒന്നിച്ചു ചേര്‍ക്കുമ്പോള്‍ നമുക്ക് ആ രാജ്യത്തിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ലഭിക്കുന്നു. ഇങ്ങനെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും (അംഗീകൃത സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ മാത്രം) മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ കൂട്ടൂമ്പോള്‍ നമുക്ക് ആഗോള മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ലഭിക്കും.
മിക്കവരും ഇതുവരെ ശ്രദ്ധിക്കാന്‍ വഴിയില്ലാത്ത കാര്യമാണ് ഇനി പറയാന്‍ പോകുന്നത്. ലോകത്തിന്റെ മൊത്തം മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ പകുതിയോടടുത്ത് വരും അമേരിക്കയുടേത്. തൊട്ടടുത്ത സ്ഥാനത്തുള്ള ചൈനയ്ക്ക് അമേരിക്കയുടെ ഏകദേശം പത്തില്‍ ഒന്ന് മാത്രം വലിപ്പമേ ഉള്ളൂ. ഈ അളവുകോല്‍ വെച്ച് നോക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് ജപ്പാനും നാലാം സ്ഥാനത്ത് ഇന്ത്യയുമാണ്. ലോകത്തിലെ ഏറ്റവും വലിയ 15 കമ്പനികളില്‍ പന്ത്രണ്ടും അമേരിക്കന്‍ കമ്പനികള്‍ ആണ്. ഒറ്റയ്ക്ക് എടുത്താല്‍ ഇവ പലതും ഇന്ത്യയുടെ ക്യാപിറ്റലൈസേഷനടുത്ത് മൂല്യമുള്ളവയാണ്.
സായുധശക്തിക്ക് അപ്പുറം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാനും ഏറ്റവും ശക്തമായ കറന്‍സിയുള്ള (US dollar) രാജ്യമാകാനും അമേരിക്കയ്ക്ക് സാധിച്ചത് എങ്ങനെയെന്നത് നമുക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്നും കുറച്ചൊക്കെ മനസിലാക്കാം.


മുകളില്‍ കൊടുത്ത പട്ടികയില്‍ നിന്നും കഴിഞ്ഞ 20 വര്‍ഷം കൊണ്ട് അതാത് രാജ്യങ്ങളുടെ സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികകള്‍ക്ക് ഉണ്ടായ വളര്‍ച്ച നമുക്ക് കാണാം. ഇതില്‍ കൗതുകകരമായി തോന്നാവുന്നത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചു എന്ന് നാം കരുതുന്ന ചൈനയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് ഏറ്റവും ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത് എന്നതാണ്. ഇതില്‍നിന്ന് നമുക്കൊന്നു മനസിലാക്കാം രാജ്യം വളര്‍ച്ച നേടുന്നു എന്നതുകൊണ്ട് അവിടുത്തെ സ്റ്റോക്ക് മാര്‍ക്കറ്റ് വളരണമെന്നില്ല.
രാജ്യ പുരോഗതിയില്‍ പങ്കാളിയാകാം
ഒരു രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാകാന്‍ ഏറ്റവും എളുപ്പത്തില്‍ സാധിക്കുന്ന ഒരേയൊരു മാര്‍ഗമാണ് ഓഹരി നിക്ഷേപം. എന്നാല്‍ ആ രാജ്യത്തിലെ ലിസ്റ്റഡ് ഓഹരികള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു എന്നുണ്ടെങ്കില്‍ മാത്രമേ അതിന്റെ ഫലം നിക്ഷേപകര്‍ക്ക് ലഭിക്കൂ. സുസ്ഥിരമായ ഒരു ജനാധിപത്യ വ്യവസ്ഥ, സ്വതന്ത്രമായ വിപണി, നല്ല നിയമവ്യവസ്ഥ എന്നിവ ഇതിന് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം വിവിധ മേഖലകളില്‍ നിന്നുള്ള പല കമ്പനികളും ലിസ്റ്റ് ചെയ്യപ്പെട്ട ഒരു മാര്‍ക്കറ്റ് ആയിരിക്കണം അത് (good market depth).
ഒരു രാജ്യത്തിന്റെ വികസന പാതയില്‍ ആദ്യഘട്ടങ്ങളില്‍ അതില്‍ പങ്കുചേരാന്‍ കഴിഞ്ഞാല്‍ വലിയ സമ്പത്ത് നേടാനാകും. അതോടൊപ്പം രാജ്യത്തിന്റെ പുരോഗതിയിലും നാം ഭാഗഭാക്കാണ് എന്നതില്‍ നിക്ഷേപകന് അഭിമാനിക്കാനുമാകും. വികസനത്തിന്റെ ആദ്യകാലങ്ങളില്‍ അമേരിക്കന്‍ മാര്‍ക്കറ്റുകളിലുണ്ടായ നിക്ഷേപങ്ങളുടെ അത്ഭുതകരമായ വളര്‍ച്ച എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. വലിയ വികസന കുതിപ്പിന് തയാറായി നില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ മാര്‍ക്കറ്റിലും ഇതേ അത്ഭുതം ചില ദശകങ്ങള്‍ക്കപ്പുറം നമുക്ക് കാണാനാകും. ഇന്ത്യയിലെ ഇന്നത്തെ യുവതലമുറ ഈ അര്‍ത്ഥത്തില്‍ ഭാഗ്യം ചെയ്തവരാണ്.
സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് നല്ല മ്യൂച്വല്‍ ഫണ്ടുകളിലോ ഓഹരികളിലോ നിക്ഷേപിച്ച് വര്‍ഷങ്ങള്‍ കാത്തിരുന്നാല്‍ ഉറപ്പായും സമ്പന്നതയിലേക്ക് വളരാന്‍ അവര്‍ക്കാകും.

(This article was originally published in Dhanam Business Magazine May 15th issue)

Tags:    

Similar News