വരും നാളുകളില്‍ സാമ്പത്തിക രംഗത്ത് വരുന്ന വലിയ മാറ്റങ്ങള്‍ ഇവയാണ്
ഡിജിറ്റലൈസേഷനും അമ്പരപ്പിക്കുന്ന സൈബര്‍ തട്ടിപ്പുകളും ചട്ടങ്ങള്‍ കര്‍ശനമായി വരും നാളുകളില്‍ നടപ്പാക്കും
നാടകീയമായ മാറ്റങ്ങള്‍ക്കാണ് രാജ്യത്തെ സാമ്പത്തിക രംഗം ഏതാനും നാളുകളായി സാക്ഷ്യം വഹിക്കുന്നത്. സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റം അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ സാമ്പത്തിക തട്ടിപ്പുകളുടെ രൂപവും ഭാവവും മാറി. മുമ്പെങ്ങുമില്ലാത്ത വിധമുള്ള റിസ്‌കുകള്‍ റെഗുലേറ്ററെ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിനും നിര്‍ബന്ധിതമാക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് തന്നെ വലിയൊരു തുക ഈ രംഗത്തെ സ്ഥാപനങ്ങള്‍ക്ക് വഹിക്കേണ്ടതായും വരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്സ്, ഡാറ്റ അനാലിസിസ് എന്നിവയെല്ലാം വ്യാപകമായി സാമ്പത്തിക രംഗത്ത് ഉപയോഗിച്ചു തുടങ്ങി. ഒപ്പം നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള തട്ടിപ്പുകളും സാധാരണമാകുന്നു.
ഭാവിയില്‍ വരാനിടയുള്ള റിസ്‌കുകളെ വരെ മുന്നില്‍ക്കണ്ടാണ് റെഗുലേറ്റര്‍ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്. രാജ്യത്തിന്റെ ബാങ്കിംഗ് രംഗം ശക്തമാക്കാനുള്ള നീക്കം കൂടിയാണിത്. അതുപോലെ തന്നെ പരിസ്ഥിതി, കമ്പനികളുടെ നടത്തിപ്പ്, സുസ്ഥിരത എന്നിവയ്ക്ക് നല്‍കുന്ന ഊന്നല്‍ പുതിയ പ്രാക്ടീസുകള്‍ ഈ രംഗത്ത് വരാനിടയാക്കുന്നു. ഗ്രീന്‍ ബോണ്ട്, ഗ്രീന്‍ ഡെപ്പോസിറ്റ് പോലുള്ള പുതിയ സാമ്പത്തിക ഉല്‍പ്പന്നങ്ങളും വരുന്നു.
മാറ്റങ്ങള്‍ എന്തൊക്കെ?
ഡിജിറ്റല്‍ രൂപാന്തരീകരണം ഡിജിറ്റലൈസേഷന്‍ വ്യാപകമാക്കുന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഫിന്‍ടെക് ഇന്നൊവേഷനുകള്‍ ഈ രംഗത്തെ നിരന്തരം മാറ്റിമറിക്കുകയാണ്. ഡിജിറ്റല്‍ വാലറ്റ്, യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) എന്നിവ അത്തരത്തിലുള്ളതാണ്. അതുപോലെ ബ്ലോക്ക്‌ചെയ്ന്‍ ആപ്ലിക്കേഷനുകള്‍ ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലും കുറ്റമറ്റതുമാക്കാന്‍ സഹായിക്കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ സാമ്പത്തിക സേവനങ്ങള്‍ കോടിക്കണക്കിനാളുകളിലേക്ക് വ്യാപകമായി എത്തിക്കാന്‍ ഡിജിറ്റലൈേസഷന്‍ സഹായിക്കുന്നു. ചെറുകിട, ഇടത്തരം സംരംഭകര്‍ ഏറെയുള്ള, സാമ്പത്തിക പിന്തുണ അത്യാവശ്യം വേണ്ട കോടിക്കണക്കിനാളുകളുള്ള ഇന്ത്യയെ പോലുള്ള രാജ്യത്ത് അതിവേഗം വായ്പകള്‍ വിതരണം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് വരും നാളുകളില്‍ ഡിജിറ്റല്‍ രൂപാന്തരീകരണത്തിനാകും കൂടുതല്‍ ഊന്നല്‍. ഫിന്‍ടെക് ഇന്നൊവേഷനുകളും വരും.
* ഫിന്‍ടെക്കുകളും നിയോ ബാങ്കുകളും കൂടും
നിങ്ങള്‍ അവസാനമായി എന്നാണ് ബാങ്ക് ശാഖയില്‍ പോയത്? ഓര്‍ത്തെടുക്കേണ്ടി വരും ചിലപ്പോള്‍. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ പോലും എടിഎമ്മുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിലാണ്. ഏറ്റവും പുതിയ ടെക്നോളജിയുടെ ആരാധകരായ യുവ തലമുറയെ കൂടെ നിര്‍ത്താന്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബാങ്കുകള്‍ പോലും ഫിന്‍ടെക്കുകളെയാണ് കൂട്ടുപിടിക്കുന്നത്. അതുകൊണ്ട് ഇനിയും ഫിന്‍ടെക്കുകളുടെയും നിയോ ബാങ്കുകളുടെയും പ്രസക്തി കൂടും. ഈ രംഗത്തേക്ക് കൂടുതല്‍ പേര്‍ വരും. രാജ്യത്തെ ഫിന്‍ടെക് ഇന്‍ഡസ്ട്രി 2025 ഓടെ 150 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് നിഗമനം. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഫിന്‍ടെക്, നിയോ ബാങ്കിംഗ് രംഗത്തെ ശുദ്ധീകരിക്കാനും ശക്തിപ്പെടുത്താനും നടത്തുന്ന നീക്കങ്ങള്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തുണ്ടായിരിക്കുന്ന മുന്നേറ്റം, രാജ്യത്തെ ഗ്രാമീണരുടെ വരെ കൈവശമെത്തിയിരിക്കുന്ന സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഫിന്‍ടെക്, നിയോ ബാങ്ക് എന്നിവയുടെ വളര്‍ച്ചയെ വേഗത്തിലാക്കും.
സാങ്കേതിക മികവോടെ സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക്കുകള്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പരമ്പരാഗത ബാങ്കുകള്‍ക്ക് ഭീഷണിയാകുകയും ചെയ്യും. ഇതിനെ മറികടന്ന് മുന്നേറാന്‍ പരമ്പരാഗത ബാങ്കുകള്‍ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കേണ്ടതായും വരും.
അതുപോലെ തന്നെ വായ്പാ വിതരണത്തിലും പുതിയ മോഡലുകള്‍ വരും. ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കുന്നതിന് ഫിന്‍ടെക്കുകള്‍ പരമ്പരാഗത മാര്‍ഗങ്ങള്‍ മാത്രമല്ല നോക്കുന്നത്. വായ്പാ തുക, ജോലിയുടെ സ്വഭാവം, തിരിച്ചടവ് കാലാവധി തുടങ്ങിയവയെല്ലാം അറിഞ്ഞ് പലിശ നിരക്കും മറ്റും നിശ്ചയിച്ച് അതിവേഗം വായ്പ നല്‍കുന്ന രീതിയാണ് ഫിന്‍ടെക്കുകളുടേത്.
* കര്‍ശനമാകുന്ന ചട്ടങ്ങള്‍
രാജ്യത്തെ റെഗുലേറ്റര്‍മാര്‍ ചട്ടങ്ങള്‍ കര്‍ശനമാക്കുകയാണ്. ആര്‍ബിഐ, സെബി എന്നിവയെല്ലാം തന്നെ സുതാര്യത ഉറപ്പാക്കാനും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്താനും റിസ്‌ക് മാനേജ്മെന്റിനുമായി നിരവധി ചട്ടങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കര്‍ശനമായി ഉറപ്പാക്കുകയും ചെയ്യുന്നു.
* സൈബര്‍ സുരക്ഷയ്ക്ക് നല്‍കുന്ന ഊന്നല്‍
ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നത്, സാങ്കേതിക വിദ്യയിലെ മുന്നേറ്റം അനുസരിച്ച് അതിനെ വെല്ലുന്ന വിധത്തിലുള്ള സൈബര്‍ ഭീഷണികള്‍ തലപൊക്കുന്നത് എന്നിവയെല്ലാം സൈബര്‍ സുരക്ഷയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. തട്ടിപ്പ്തടയുന്നതിനും കണ്ടെത്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങള്‍ക്ക് വരും നാളുകളില്‍ വലിയ പ്രാധാന്യം ലഭിക്കും. ഈ രംഗത്ത് റെഗുലേറ്റര്‍മാര്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരാനും സാധ്യതയുണ്ട്.
സമൂഹത്തില്‍ വിദ്യാസമ്പന്നരായവരും അല്ലാത്തവരുമെല്ലാം ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്. അതുകൊണ്ട് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ ഇനിയുമുണ്ടാകും. ഡാറ്റ സംരക്ഷണ ചട്ടമൊക്കെ ശക്തിപ്പെടുത്തും. ഇത് ഈ രംഗത്തെ സ്ഥാപനങ്ങള്‍ക്ക് ചെലവ് കൂട്ടാനും ഇടയാക്കും.
* ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപകമായി ഉപയോഗിക്കപ്പെടും
തട്ടിപ്പ് കണ്ടെത്താന്‍, റിസ്‌ക് മാനേജ് ചെയ്യാന്‍, ഇടപാടുകാര്‍ക്ക് കസ്റ്റമൈസ്ഡായ സേവനങ്ങള്‍ നല്‍കാന്‍ എന്നിങ്ങനെ പല തലങ്ങളില്‍ എഐ വലിയ തോതില്‍ ഇനി ഉപയോഗിക്കും. ചില ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകള്‍ മാര്‍ക്കറ്റ് ട്രെന്‍ഡ്സ് വിശകലനം ചെയ്യാനും സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ പ്രവചിക്കാനും ഇപ്പോള്‍ തന്നെ എഐ ഉപയോഗിക്കുന്നുണ്ട്. നിഷ്‌ക്രിയാസ്തി കുറയ്ക്കാനൊക്കെ എഐ സാങ്കേതിക വിദ്യയുടെ സഹായം തേടിവരുന്നു.
* ഇഎസ്ജിക്ക് കൂടുതല്‍ പ്രാധാന്യം
സാമ്പത്തിക രംഗത്ത് പരിസ്ഥിതി, നടത്തിപ്പ്, സാമൂഹ്യഘടകങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം വരികയാണ്. ഈ രംഗത്തെ സ്ഥാപനങ്ങളുടെ നടത്തിപ്പ്, നിക്ഷേപം, പ്രവര്‍ത്തന ശൈലി എന്നിവയെ എല്ലാം ഇഎസ്ജി ചട്ടങ്ങള്‍ സ്വാധീനിക്കും. പാരിസ്ഥിതിക സന്തുലനത്തിനുള്ള കാഴ്ചപ്പാടോടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍ തന്നെ ഗ്രീന്‍ ഫിനാന്‍സിംഗിന് മുന്‍തൂക്കം കൊടുക്കുന്നുണ്ട്. അതായത് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ റിന്യൂവബ്ള്‍ എനര്‍ജി പദ്ധതികള്‍, സുസ്ഥിരകൃഷി രീതി, ക്ലീന്‍ ടെക്നോളജി തുടങ്ങിയവയ്ക്കെല്ലാം സാമ്പത്തിക പിന്തുണ നല്‍കുന്നു. ഗ്രീന്‍ ബോണ്ട്, ഗ്രീന്‍ ലോണ്‍, സുസ്ഥിരത ഉറപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള വായ്പകള്‍ എന്നിവയൊക്കെ വരും കാലത്ത് ബാങ്കിംഗ്, ധനകാര്യ രംഗത്തു നിന്ന് ഏറെ കേള്‍ക്കാന്‍ സാധിക്കും.
സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യമേറും. ഇത് പൊതുസമൂഹത്തിന് ഗുണമാകും. അതുപോലെ സ്ഥാപനങ്ങളുടെ നടത്തിപ്പ് കൂടുതല്‍ കുറ്റമറ്റരീതിയിലാക്കും. ഡയറക്റ്റര്‍ ബോര്‍ഡുകള്‍ ഇഎസ്ജിക്ക് പ്രാധാന്യം കൊടുക്കും. നടത്തിപ്പില്‍ കൂടുതല്‍ സുതാര്യത വരും. ചട്ടങ്ങള്‍ ഒന്നും ലംഘിക്കപ്പെടാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കും. ലാഭം നേടാന്‍ വഴിവിട്ട രീതികള്‍ പാടില്ലെന്ന കാഴ്ചപ്പാട് ശക്തമാകും.
'ഇന്ത്യ ഒരു വലിയ ഗ്രാമമാണ്'. കേരളത്തിലെ ഒരു പ്രമുഖ എന്‍ബിഎഫ്സിയുടെ സാരഥി പങ്കുവെച്ച അഭിപ്രായമാണിത്. ഇനിയുമേറെ പേര്‍ ഇപ്പോഴും സംഘടിതമായ സാമ്പത്തിക സേവനങ്ങളുടെ കീഴിലേക്ക് പോലും വരാതെയുണ്ട്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ടുകള്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും അതിലൂടെ സാമ്പത്തിക സേവനങ്ങള്‍ കൂടുതലായി ഇനിയും എത്തണം, പ്രധാനമായും വായ്പകള്‍.
ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഫിന്‍ടെക്കുകളും നിയോ ബാങ്കുകളും എല്ലാം സര്‍വ്വസന്നാഹത്തോടെ ഇറങ്ങും. ഡിജിറ്റല്‍ രംഗത്തെ മുന്നേറ്റവും ഇന്ത്യയെ പോലുള്ള വിപണിയുടെ വിശാലതയും വൈവിധ്യവും വരും കാലത്ത് ഒട്ടേറെ പുതിയ ബിസിനസ് മോഡലുകള്‍ ഉയര്‍ന്നുവരാനും സാങ്കേതികവിദ്യകള്‍ കടന്നുവരാനും ഇടയാക്കുകയും ചെയ്യും.
(Originally published in Dhanam Magazine 30 November 2024 issue.)