ഇസ്രായേല്‍ യുദ്ധം: ഹോര്‍മൂസിനുമേല്‍ കരിനിഴല്‍; എണ്ണവില കൂടുന്നു

യുദ്ധം മുറുകുന്നത് ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതിയേയും ബാധിച്ചേക്കും

Update:2023-10-09 12:39 IST

Image:canva

ഇസ്രായേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ എണ്ണവില 5% ഉയര്‍ന്നു. ഇസ്രായേലും ഹമാസും തമ്മിലെ യുദ്ധം ആഗോള എണ്ണ വിതരണത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് വരുന്ന മിഡില്‍ ഈസ്റ്റില്‍ പിരിമുറുക്കം വര്‍ധിപ്പിച്ചതോടെയാണ് എണ്ണവില ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ബാരലിന് 87 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ബ്രെന്റ് ക്രൂഡ്, ദുബൈ ക്രൂഡ്, വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു.ടി.ഐ) ക്രൂഡ് എന്നിവയാണ് ആഗോള വിപണിയിലെ എണ്ണകളുടെ വിലനിര്‍ണയത്തിലെ മൂന്ന് പ്രധാന മാനദണ്ഡങ്ങള്‍.

യുദ്ധം രുക്ഷമായാല്‍ വിതരണം തടസ്സപ്പെടും

ഇസ്രായേലില്‍ ഇപ്പോഴുള്ള സ്ഥിതി എണ്ണ വിതരണത്തിന് നിലവില്‍ ഭീഷണി ഉയര്‍ത്തുന്നില്ലെന്നും എന്നാല്‍ യു.എസിനെയും ഇറാനെയും കുഴപ്പത്തിലാക്കുന്ന രീതിയില്‍ ഈ സംഘര്‍ഷം നീങ്ങാനുള്ള അപകടസാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷം അയഞ്ഞതോടെ ഇറാനില്‍ നിന്നുള്ള ക്രൂഡ് കയറ്റുമതി 5 വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ യുദ്ധം രുക്ഷമായാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ സുപ്രധാന ഹബ്ബുകളിലൊന്നായ ഹോര്‍മൂസ് കടലിടുക്കിലീടെയുള്ള എണ്ണ വിതരണ ശൃംഖല തടസ്സപ്പെടാന്‍ ഇടയുണ്ട്.

ഇത് ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണം കുറയാനും വില കൂടാനും വഴിയൊരുക്കും. ഒരോദിവസവും ശരാശരി 170 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇതുവഴി കൊണ്ടുപോകുന്നത്. ഇസ്രായേലിനെതിരായ ആക്രമണത്തിന് മുമ്പ് ക്രൂഡ് വില കുത്തനെ ഇടിഞ്ഞിരുന്നു. ഇത്തരത്തില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്ന സാഹചര്യമുണ്ടായിരിക്കേയാണ് ഇസ്രായേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായതും എണ്ണവില ഉയര്‍ന്നതും.

Tags:    

Similar News