17 വര്‍ഷത്തിന് ശേഷം പലിശനിരക്ക് കൂട്ടി ജപ്പാന്‍; ഇനി നെഗറ്റീവ് പലിശയില്ല!

പൂജ്യത്തിന് താഴെ പലിശനിരക്കുള്ള ഏക രാജ്യമായിരുന്നു ജപ്പാന്‍

Update:2024-03-19 14:49 IST

Image : Canva

നീണ്ട 17 വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ അടിസ്ഥാന പലിശനിരക്ക് വര്‍ദ്ധിപ്പിച്ച് ജപ്പാന്‍. ഇതോടെ, 2016 മുതല്‍ നിലനിന്ന നെഗറ്റീവ് പലിശനിരക്കില്‍ നിന്ന് ജപ്പാന്‍ പുറത്തുകടക്കുകയും ചെയ്തു. ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ജപ്പാനില്‍ മാത്രമായിരുന്നു ലോകത്ത് പൂജ്യത്തിനും താഴെ പലിശനിരക്ക് ഉണ്ടായിരുന്നത്.
നെഗറ്റീവ് 0.1 ശതമാനം മുതല്‍ പൂജ്യം വരെയായിരുന്ന അടിസ്ഥാന പലിശനിരക്ക് പണപ്പെരുപ്പം രണ്ട് ശതമാനത്തിലെത്തിക്കുകയെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകുന്നു എന്ന് വിലയിരുത്തി പൂജ്യം മുതല്‍ പോസിറ്റീവ് 0.1 ശതമാനത്തിലേക്കാണ് ജാപ്പനീസ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്‍ (BoJ) ഉയര്‍ത്തിയത്. ബാങ്കിന്റെ പണനയ നിര്‍ണയ സമിയിലെ 9 അംഗങ്ങളില്‍ 7 പേരുടെ പിന്തുണയോടെയായിരുന്നു തീരുമാനം.
അടിസ്ഥാന പലിശനിരക്ക് വര്‍ദ്ധിച്ചതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്ക് കൂടും. എന്നാല്‍, ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെയോ ഭവനവായ്പകളെയോ പുതുക്കിയ പലിശനിരക്ക് സാരമായി ബാധിക്കില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതിനുമുമ്പ് 2007ലായിരുന്നു അവസാനമായി ജപ്പാന്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്.
ഏറെക്കാലമായി പണച്ചുരുക്കത്തിന്റെ (Deflation) പിടിയിലായിരുന്ന ജപ്പാന്‍ ഇപ്പോള്‍ ഇപ്പോള്‍ മെല്ലെ കരകയറുകയാണ്. പണപ്പെരുപ്പം പൂജ്യത്തിനും താഴെ എത്തുന്ന സ്ഥിതിയാണ് പണച്ചുരുക്കം. ഉയര്‍ന്ന പണപ്പെരുപ്പം പോലെ തന്നെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിക്കുന്നതാണ് പണച്ചുരുക്കവും. തൊഴിലാളികളുടെ വേതനം ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെയാണ് പണച്ചുരുക്കത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ജപ്പാന്‍ ശ്രമിക്കുന്നത്.
സാമ്പത്തികഭദ്രത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി യീല്‍ഡ് കര്‍വ് കണ്‍ട്രോള്‍ (YCC) പദ്ധതിയും റിസ്‌ക് ഏറെയുള്ള ഇ.ടി.എഫുകളുടെ വാങ്ങല്‍ നടപടിയും ഉപേക്ഷിക്കാനും ബാങ്ക് ഓഫ് ജപ്പാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുന്ന പദ്ധതിയായിരുന്നു വൈ.സി.സി.
എന്താണ് നെഗറ്റീവ് പലിശ?
രാജ്യത്തെ വാണിജ്യബാങ്കുകള്‍ നിക്ഷേപങ്ങളിലൂടെയും മറ്റും കൈവശമെത്തുന്ന അധികപ്പണം (surplus liquidity) കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാനില്‍ നിക്ഷേപിക്കാറുണ്ട്. സാധാരണയായി ഈ നിക്ഷേപത്തിന് കേന്ദ്രബാങ്കില്‍ നിന്ന് ബാങ്കുകള്‍ക്ക് പലിശ ലഭിക്കേണ്ടതാണ്. എന്നാല്‍, നെഗറ്റീവ് പലിശയായതിനാല്‍ ഈ നേട്ടം ബാങ്കുകള്‍ക്ക് ലഭിച്ചിരുന്നില്ല.
അധികപ്പണം കേന്ദ്രബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം, വായ്പകളായി ജനങ്ങളിലേക്കും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കാനും അതുവഴി വിപണിയിലേക്കുള്ള പണമൊഴുക്ക് ഉയര്‍ത്തി പണച്ചുരുക്കത്തില്‍ നിന്ന് പുറത്തുകടക്കാനുമാണ് കേന്ദ്രബാങ്ക് ഉദ്ദേശിച്ചത്. ഈ നയത്തില്‍ നിന്നാണ് 2016ന് ശേഷം ആദ്യമായി ജപ്പാന്‍ വ്യതിചലിക്കുന്നത്.
ജാപ്പനീസ് യെന്‍ ഇടിഞ്ഞു
അടിസ്ഥാന പലിശനിരക്ക് കൂട്ടിയ ബാങ്ക് ഓഫ് ജപ്പാന്റെ നടപടിക്ക് പിന്നാലെ ജാപ്പനീസ് കറന്‍സിയായ യെന്നിന്റെ (Japanse Yen) മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ 0.8 ശതമാനം നഷ്ടവുമായി 150.38ലേക്കാണ് യെന്‍ താഴ്ന്നത്. അതേസമയം, പലിശനിരക്ക് വര്‍ദ്ധന ജാപ്പനീസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (bond yield) കൂടാനിടയാക്കിയിട്ടുണ്ട്.
Tags:    

Similar News