നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നു, ശ്രമിക് ട്രെയ്ന്‍ വേണ്ടെന്ന് കര്‍ണാടക

Update:2020-05-06 16:31 IST

ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാനുള്ള പ്രത്യേക ട്രെയ്‌നുകളുടെ സേവനം ബുധനാഴ്ച മുതല്‍ വേണ്ടെന്ന് കര്‍ണാടക. സംസ്ഥാനത്തെ പ്രമുഖ ബില്‍ഡര്‍മാരുമായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം അറിയിച്ച് കര്‍ണാടകയിലെ നോഡല്‍ ഓഫീസര്‍ എന്‍. മഞ്ചുനാഥ് പ്രസാദ് ഇന്ത്യന്‍ റെയ്ല്‍വേയ്ക്ക് കത്തെഴുതിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ നിര്‍മാണ ജോലികള്‍ പലതും പുനഃരാരംഭിച്ചിരുന്നു. അതിനിടെ, അവിടെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക് ട്രെയ്‌നുകള്‍ ഓടി തുടങ്ങിയതോടെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചുപോക്ക് ആരംഭിച്ചു. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അവതാളത്തിലായി.

കേരളത്തിലും സ്തംഭിക്കും

കേരളത്തില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പ്രത്യേക ട്രെയ്‌നില്‍ തിരിച്ചുപോക്ക് ആരംഭിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ചെറുകിട, ഇടത്തരം സംരംഭകര്‍, ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം ചെലവില്‍ താമസിപ്പിച്ചിരുന്ന അതിഥി തൊഴിലാളികള്‍ പോലും ഇപ്പോള്‍ തിരിച്ചുപോകുകയാണ്. ആരെയും നിര്‍ബന്ധിച്ച് നാട്ടിലേക്ക് അയക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രത്യേക ട്രെയ്ന്‍ ഏര്‍പ്പാടാക്കിയതോടെ ഭൂരിഭാഗം പേരും തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ തിരിച്ചുപോകുന്ന അതിഥി തൊഴിലാളികള്‍ ഇനി എന്ന് മടങ്ങി വരുമെന്ന കാര്യത്തിലും വ്യക്തതയില്ല. അതിഥി തൊഴിലാളികളെ വന്‍തോതില്‍ ആശ്രയിക്കുന്ന മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കും. നാട്ടിലെത്തേണ്ട അത്യാവശ്യമുള്ളവരെയും നിലവില്‍ കേരളത്തില്‍ തൊഴിലില്ലാതെ നില്‍ക്കുന്നവരെയും മുന്‍ഗണനാക്രമത്തില്‍ തിരിച്ചയച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവില്ലായിരുന്നുവെന്ന് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News