ലക്ഷ്യമിട്ടതിലധികം കടം വാരിക്കൂട്ടി സംസ്ഥാനങ്ങള്‍; കേരളം വാങ്ങിയത് ₹1,100 കോടി
ഏറ്റവുമധികം തുക കടമെടുത്തത് തമിഴ്‌നാട്
സംസ്ഥാനങ്ങള്‍ക്ക് കടപ്പത്രങ്ങളിറക്കി കടമെടുക്കാനുള്ള നടപ്പുവര്‍ഷത്തെ (2023-24) മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറിലെ സമയപരിധി അവസാനിച്ചു. ഈ പാദത്തിലെ അവസാനലേലം ഡിസംബര്‍ 26ന് നടന്നു. 12 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് 26ന് 20,759 കോടി രൂപയാണ് കടമെടുത്തതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 24,849 കോടി രൂപ കടമെടുക്കുകയായിരുന്നു ആദ്യ ലക്ഷ്യം. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ കേരളമടക്കം 13 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് 19,692 കോടി രൂപയും കടമെടുത്തിരുന്നു.
മുന്നില്‍ തമിഴ്‌നാട്
ഈയാഴ്ചയിലെ ലേലത്തില്‍ രണ്ട് ഘട്ടങ്ങളിലായി 6,000 കോടി രൂപ കടമെടുത്ത് മുന്നിലെത്തിയത് തമിഴ്‌നാടാണ്. 1,100 കോടി രൂപയാണ് കേരളമെടുത്ത കടം. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ കേരളം 2,000 കോടി രൂപ കടമെടുത്തിരുന്നു. ക്ഷേമ പെന്‍ഷന്‍ വിതരണം, ക്രിസ്മസ്-പുതുവത്സരകാലത്തെ ചെലവുകള്‍ തുടങ്ങിയവയ്ക്കായാണ് കേരള സര്‍ക്കാര്‍ കടമെടുത്തത്.
ഗുജറാത്ത് 2,000 കോടി രൂപയും ഹരിയാന ആയിരം കോടി രൂപയും കഴിഞ്ഞവാരം കടമെടുത്തു. ജമ്മു കശ്മീരും ഗോവയും എടുത്തത് 600 കോടി രൂപ വീതം. ഉത്തര്‍പ്രദേശ് 4,000 കോടി രൂപയും കര്‍ണാടക 3,000 കോടി രൂപയും കടമെടുത്തു. രാജസ്ഥാന്‍ 549 കോടി രൂപ, ഉത്തരാഖണ്ഡ് 500 കോടി രൂപ, ബംഗാള്‍ 1,910 കോടി രൂപ എന്നിങ്ങനെയും കടമാണ് എടുത്തത്. ബംഗാള്‍ പക്ഷേ, 20-വര്‍ഷക്കാലയളവുമായി പുറത്തിറക്കിയ കടപ്പത്രങ്ങളുടെ പകുതിയോളം സമാഹരണം മാത്രമേ തത്കാലം ഉദ്ദേശിക്കുന്നുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു.