കേരളത്തിന്റെ വളര്‍ച്ച 12 ശതമാനം, 10 വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം

സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തില്‍ 19.94 ശതമാനം വര്‍ധനവാണ് 2022-23ല്‍ കണക്കാക്കുന്നത്

Update: 2023-02-02 10:39 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) കേരളത്തിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പാദനം (ജിഎസ്ഡിപി) മുന്‍വര്‍ഷത്തെക്കാള്‍ 12.01 ശതമാനം വളര്‍ച്ച നേടിയതായി സാമ്പത്തിക അവലോകന സര്‍വേ. 2012-13ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം സമ്പദ്‌ വ്യവസ്ഥ 8.43 ശതമാനം ചുരുങ്ങുകയാണ് ചെയ്തത്. 2021-22 കാലയളവില്‍ എല്ലാ മേഖലയും വളര്‍ച്ച നേടി.

കാര്‍ഷിക മേഖലയിലെ വളര്‍ച്ച 4.6 ശതമാനം ആണ്. വ്യവസായ മേഖല 3.8 ശതമാനവും സേവന മേഖല 17.3 ശതമാനവും വളര്‍ച്ച നേടി. കേരളത്തിന്റെ പ്രതിശീര്‍ഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനം 1,62,992 രൂപയാണ്. 1,07,670 ആണ് ദേശീയ ശരാശരി. റവന്യു കമ്മി 0.22 ശതമാനം ഇടിഞ്ഞ് ജിഎസ്ഡിപിയുടെ 2.29 ശതമാനം ആയി. ധനക്കമ്മി 0.46 ശതമാനം കുറഞ്ഞു. ഇക്കാലയളവിലെ ധനക്കമ്മി 4.57 ശതമാനം ആണിത്. നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി 3.91 ശതമാനം ആയി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.

20,000 കോടിയുടെ രണ്ട് സാമ്പത്തിക പായ്‌ക്കേജുകള്‍, ചെറുകിട വ്യവസായങ്ങള്‍ക്ക് അനുവദിച്ച 5650 കോടി രൂപയും വളര്‍ച്ചയില്‍ ഗുണം ചെയ്‌തെന്നും സര്‍വേ പറയുന്നു.

കടം വര്‍ധിച്ചു

കേരളത്തിന്റെ ആഭ്യന്തര കടം 2021-22 വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.67 ശതമാനം ഉയര്‍ന്നു. സംസ്ഥാനത്തിന്റെ പൊതു കടബാധ്യതയില്‍ 95.93 ശതമാനവും ആഭ്യന്തര കടമാണ്. 2021-22 അവസാനത്തില്‍ സംസ്ഥാനത്തിനു കുടിശികയുള്ള പൊതുകടം 2,19,974,54 കോടി രൂപയായിരുന്നു. പൊതുകടത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 4.18 ശതമാനം കുറഞ്ഞ് 2021-22ല്‍ 10.16 ശതമാനം ആയി

മൊത്ത വരുമാനം 19.94 ശതമാനം ഉയരും

നടപ്പ് സാമ്പത്തിക വര്‍ഷം ജിഎസ്ഡിപിയുടെ 12.86 ശതമാനം ആയിരിക്കും റവന്യൂ വരുമാനം എന്നാണ് വിലയിരുത്തല്‍. നികുതി വരുമാനം ജിഎസ്ടിഡിപിയുടെ 27.01 ശതമാനവും നികുതിയേതര വരുമാനം 12.49 ശതമാനവും ആയിരിക്കുമെന്നും സര്‍വേ പറയുന്നു. അതായത് സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തില്‍ 19.94 ശതമാനം വര്‍ധനവാണ് കണക്കാക്കുന്നത്. 2022-23ല്‍ ജിഎസ്ടിഡിപിയുടെ 3.08 ശതമാനമായി മൂലധനച്ചെലവ് കുറയും. 4.93 ശതമാനം നീക്കിയിരിപ്പുള്ള സ്ഥാനത്താണിത്.

2.2 ലക്ഷം തൊഴിലവസരങ്ങള്‍

സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2022-23 കാലയളവില്‍ ഡിസംബര്‍ ഏഴാംതിയതി വരെയുള്ള കണക്കുകള്‍ പ്രകാരം 6,274 കോടി നിക്ഷേപവും 2,20,285 തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിച്ചു. 2021-22 കാലയളവില്‍ 507 ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങി. ആകെ ടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 3650 ആണ്. ഐടി കമ്പനികളുടെ എണ്ണവും ഉയര്‍ന്നു. 2022ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം 12.5 ലക്ഷമാണ്. അതില്‍ 44.8 ശതമാനവും പൊതുമേഖലയിലാണ് ജോലി നോക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില് രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ എണ്ണം 28.4 ലക്ഷമാണ്.

2021-22 ലെ ഭൂവിനിയോഗ ഡാറ്റ പ്രകാരം, കേരളത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ(38.86 ലക്ഷം ഹെക്ടര്‍)52.22 ശതമാനംമാത്രമാണ് കൃഷി. അതില്‍ 65.8 ശതമാനവും കശുവണ്ടി, റബ്ബര്‍, കുരുമുളക്, തെങ്ങ്, ഏലം, തേയില, കാപ്പി എന്നിവയുള്‍പ്പെടെയുള്ള നാണ്യവിളകളാണ്. 10.51 ശതമാനം മാത്രമാണ് ഭക്ഷ്യവിളകള്‍.

Tags:    

Similar News