കേരളത്തിന് ലഭിച്ചത് 'വികസന പാത'
1,100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിനായാണ് 65,000 കോടി അനുവദിച്ചത്
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത് വന്‍പ്രഖ്യാപനങ്ങള്‍. കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പാക്കേജുകളാണ് ബജറ്റില്‍ ഇടം നേടിയത്. ഇവിടങ്ങളിലെ ദേശീയപാത, മെട്രോ തുടങ്ങിയവയുടെ വികസനത്തിന് കൂടുതല്‍ തുക നീക്കിവച്ചു.
കേരളത്തിന്റെ വികസന പാതയ്ക്ക് വേഗത പകരുന്നതിന് 65,000 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 1,100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിനായാണ് 65,000 കോടി അനുവദിച്ചത്. മുംബൈ-കന്യാകുമാരി പാതയ്ക്കായുള്ള 600 കോടി രൂപ ഉള്‍പ്പെടെയാണിത്. ഒപ്പം കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ കൂടി നീട്ടുന്നതിന് രണ്ടാം ഘട്ട വികസനത്തിനായി 1,957 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെന്നൈ മെട്രോ 180 കിലോമീറ്റര്‍ കൂടി ദീര്‍ഘിപ്പിക്കുന്നത് 63,246 കോടി രൂപയാണ് വകയിരുത്തിയത്. കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ വാണിജ്യ ഹബ്ബാക്കി മാറ്റുന്നതിനും പദ്ധതി പ്രഖ്യാപിച്ചു.
കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏപ്രില്‍-മെയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.