ആറു ദശകം കൊണ്ട് കേരളത്തിൽ ഒരു ഗ്രാമം പത്തിലൊന്നായി ചുരുങ്ങി. കടലെടുത്തതാണെന്ന് ചിലർ. അല്ല, വര്‍ഷങ്ങളായി നടക്കുന്ന കരിമണല്‍ ഖനനമാണ് നാടിനെ ഇല്ലാതാക്കിയതെന്ന് നാട്ടുകാർ. എന്താണ് യഥാർഥ പ്രശ്‌നം?
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്ക് അടുത്തുള്ള തീരപ്രദേശമാണ് ആലപ്പാട്. 1955-ലെ സര്‍ക്കാരിന്റെ രേഖ പ്രകാരം 89.5 ചതുരശ്ര കിലോ മീറ്റര്‍ ആയിരുന്നു ആലപ്പാടിന്റെ വിസ്‌തൃതി. ഇപ്പോൾ ഈ ഈ പ്രദേശത്തിന്റെ വിസ്താരം വെറും 7.6 ചതുരശ്ര കിലോ മീറ്റര്‍ മാത്രമാണ്.
ആലപ്പാടിലെ വെള്ളനാതുരുത്തിൽ 1965 മുതൽ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡാണ് (ഐ.ആർ.ഇ.) കരിമണൽ ഖനനം നടത്തുന്നത്. കായലിനും കടലിനുമിടയിലുള്ള ഈ സ്ഥലത്തിന്റെ വീതി പണ്ട് മൂന്നരക്കിലോമീറ്റർ ആയിരുന്നു. ഇപ്പോൾ 20 മീറ്റർ അകലം മാത്രമാണ് അവശേഷിക്കുന്നത്.
20,000 ഏക്കറോളം ഇതുവരെ കടലെടുത്തിട്ടുണ്ട്. ശുദ്ധജലത്തിന് വേണ്ടുവോളമുണ്ടായിരുന്ന നാട്ടിൽ ഇപ്പോൾ ഒരു തുള്ളി ശുദ്ധജലം കിട്ടാനില്ല. ഖനനം ഈ നിലയ്ക്ക് തുടര്‍ന്നാല്‍ ഇവിടെയുള്ള 6500 കുടുംബങ്ങളും ദുരിതത്തിലാകും.
വെള്ളനാതുരുത്ത് വാർഡിലെ 82 ഏക്കറിലാണ് ഇപ്പോൾ ഐ.ആർ.ഇ. ഖനനം നടത്തുന്നത്. മറ്റ് വാർഡുകളിലും ഐ.ആർ.ഇ. സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്.
ആലപ്പാട് കടലെടുത്താൽ കുട്ടനാടിനെയും ഇത് ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നെൽ വയലുകളിൽ ഉപ്പുവെള്ളം കയറും. ഇത് കൃഷിയെ സാരമായി ബാധിക്കും.
ഖനനം ഇല്ലാതാക്കിയ ഫിലിപ്പൈൻ ഗ്രാമം
ഖനനമല്ല കാലാവസ്ഥാ വ്യതിയാനമാണ് ആലപ്പാടിനെ ഇല്ലാതാക്കുന്നത് എന്ന് വാദിക്കുന്നവർ നിരവധിയാണ്. എന്നാൽ നാട്ടുകാരുടെ വാദം ശരിവെക്കുകയാണ് ബാരംഗേ കാരോൻ എന്ന ഫിലിപ്പൈൻ ഗ്രാമം. ഗോൺസാഗ ടൗണിന് അടുത്താണ് ലഗൂണുകളാൽ ചുറ്റപ്പെട്ട ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നൂറോളം വീടുകൾ നിന്നിരുന്നിടത്ത് ഇന്ന് കടലാണ്.
ഗോൺസാഗ തീരം കടലെടുക്കാൻ തുടങ്ങിയത് 2010 ലാണ്. ഏകദേശം നാല് മൈനിംഗ് കോർപറേഷനുകൾക്കാണ് ആ വർഷം കരിമണൽ ഖനനം നടത്താൻ അനുമതി ലഭിച്ചത്. 2013-ൽ കൂടുതൽ കമ്പനികൾ എത്തി. അടിക്കടി ഉണ്ടാകുന്ന ചുഴലിക്കാറ്റുകൾക്കും വെള്ളപ്പൊക്കങ്ങൾക്കും കുപ്രസിദ്ധിയാർജിച്ചവയാണ് ഫിലിപ്പൈൻ തീര പ്രദേശങ്ങൾ. ഖനന പ്രവൃത്തികൾ കൂടിയതോടെ ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഇവിടെ സർവ സാധാരണമായി.
അവശേഷിക്കുന്ന കുടുംബങ്ങളും അവരുടെ വീടും കടലെടുക്കുമെന്ന ഭീതിയിലാണ്. നിരവധി നിയമങ്ങൾ ഭരണകൂടങ്ങൾ കൊണ്ടുവന്നെങ്കിലും ഗ്രാമത്തിന് ആ ദുരന്തത്തിൽ നിന്ന് കരകയറാൻ പറ്റിയില്ല.
സമൂഹ മാധ്യമ കാംപെയ്ൻ
സേവ് ആലപ്പാട്, സ്റ്റോപ് മൈനിംഗ് എന്നീ ഹാഷ്ടാഗുകള്‍ വൈറലായതോടെ സിനിമാ താരങ്ങളും പിന്തുണയുമായി എത്തിയിട്ടുണ്ട്. പൃഥ്വിരാജ്, സണ്ണി വെയ്ൻ, ടൊവിനോ തോമസ്, അനു സിത്താര, രജീഷ വിജയന്‍, പ്രിയ വാര്യര്‍ എന്നിങ്ങനെ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി.