ജര്‍മനിയില്‍ നഴ്‌സുമാര്‍ക്കൊക്കെ വലിയ ശമ്പളമാ. അവളെ കല്യാണം കഴിച്ച് ജര്‍മനിയിലേക്ക് പറക്കണം. അവിടെ ചെന്ന് എങ്ങനെയെങ്കിലും ഒരു ജോലിയില്‍ കയറണം. പിന്നെ അവളെ ഉപേക്ഷിച്ച് നാട്ടില്‍ വന്ന് നമുക്ക് പറ്റിയ ഒരാളെ കല്യാണം കഴിക്കണം കഴിഞ്ഞ ക്രിസ്മസ് സീസണിയില്‍ സംസ്ഥാനത്തെ തീയേറ്ററുകളില്‍ നിറഞ്ഞോടിയ സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ -ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലെ നായകന്‍ പി ആര്‍ ആകാശിന്റെ ഏറ്റവും വലിയ മോഹം കേട്ട് മലയാളികളില്‍ പലരും മനംനിറഞ്ഞു തന്നെ ചിരിച്ചു. കാരണം ചുരുക്കം ചിലരൊക്കെ തമാശയായി നിത്യജീവിതത്തില്‍ ഇതൊക്കെ പറയാറുണ്ട്.
എന്നുമെന്ന പോലെ സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീം, പി ആര്‍ ആകാശ് എന്ന ചെറുപ്പക്കാരനിലൂടെ പകര്‍ത്തിയത് ഇക്കാലത്തെ ശരാശരി മലയാളി യുവത്വത്തെയായിരുന്നു. ജീവിതത്തില്‍ ഇതുവരെ കേള്‍ക്കാത്ത ഭാഷ കഷ്ടപ്പെട്ടാണെങ്കിലും പഠിച്ച്, എന്ത് വഴിയിലൂടെയായാലും വിദേശത്തേക്ക് പോകാന്‍ തത്രപ്പെടുന്ന ആ യുവാവിന്റെ പ്രതിച്ഛായ ഇന്ന് പലരിലും കാണാം.
ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളല്ല മലയാളികളെ മോഹിപ്പിക്കുന്നത്. കാനഡ, ഓസ്‌ട്രേലിയ, അയര്‍ലന്റ്, ന്യൂസിലന്റ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയൊക്കെയാണ്. ഗള്‍ഫിലേക്ക് മലയാളികള്‍ ഒറ്റയ്ക്കാണ് പണി തേടി പോയിരുന്നതെങ്കില്‍ ഇന്ന് കുടുംബത്തെ മുഴുവന്‍ വിദേശത്തേക്ക് പറിച്ചുനടന്നു.
നാട്ടില്‍ പണി കിട്ടാതെ നടന്നവരാണ് മുന്‍പ് പ്രവാസികളാ യിരുന്നതെങ്കില്‍ ഇന്ന് മികച്ച വിദ്യാഭ്യാസ യോഗ്യതയും നാട്ടില്‍ നല്ല ജോലിയും ഉള്ളവരാണ് നാട്ടിലെ വേരുകള്‍ പിഴുത് അന്യരാജ്യത്തേക്ക് കുടിയേറുന്നത്. എന്നെങ്കിലും ഒരിക്കല്‍ സ്വന്തം നാട്ടില്‍ വന്ന് ജിവിക്കണമെന്ന മോഹമായിരുന്നു പണ്ടത്തെ പ്രവാസി മലയാളിക്കെങ്കില്‍ ഇന്നത്തെ യുവജനതയ്ക്ക് അടുത്ത തലമുറ വരെ വിദേശത്ത് വളര്‍ന്നാല്‍ മതിയെന്ന ചിന്തയാണ്.
ഒരു സംഭവകഥ
കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിലെ അസിസ്റ്റന്റ് ജനറല്‍ മനേജരായിരുന്നു അദ്ദേഹം. ഏക മകന്‍ കേരളം ആസ്ഥാനമായൊരു ബാങ്കില്‍ മാനേജരും. ശരാശരി അപ്പര്‍ മിഡില്‍ ക്ലാസ് കുടുംബം. പക്ഷേ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി ആ കുടുംബം ജനിച്ച നാടും വീടും ഉപേക്ഷിച്ച് പോയി. നാട്ടില്‍ ഏറെ ബന്ധങ്ങളും സൗഹൃദങ്ങളെല്ലാമുള്ള ആ കുടുംബ നാഥന്‍ പരിഗണിച്ചതൊന്നേയുള്ളൂ, മകന്റെ നല്ല ഭാവി. അവന്റെ വരും തലമുറയുടെ കാര്യങ്ങള്‍. ഇവിടെ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം യുഎസിലേക്ക് പോകും മുമ്പ് പറഞ്ഞു; അവിടെ വല്ല സൂപ്പര്‍ മാര്‍ക്കറ്റിലും പണിക്കു പോകേണ്ടി വരും. എന്നാലും സാരമില്ല. നമുക്ക് നല്ല ജീവിതം നയിക്കാം. മകനും നല്ലൊരു ഭാവിയുണ്ടാകും.
''കഴിഞ്ഞ രണ്ടു വര്‍ഷമായി വിദേശത്തേക്കുള്ള ഒഴുക്ക് വളരെ കൂടിയിട്ടുണ്ട്. ഡിമാന്റിലും ഞങ്ങള്‍ക്ക് ലഭിക്കുന്ന അന്വേഷണങ്ങളിലും 150 ശതമാനത്തിലേറെ വര്‍ധനയാണ് കാണുന്നത്,'' നൈപുണ്യ ഇന്റര്‍നാഷണല്‍ ഡയറക്റ്റര്‍ ഫാ. വര്‍ഗീസ് പൊന്തേമ്പിള്ളി പറയുന്നു. ഗള്‍ഫ് നാടുകളിലേക്ക് പോകാനുള്ള പ്രലോഭനങ്ങളെ പോലും അതിജീവിച്ച് നിന്ന മുന്‍തലമുറയാണ് മക്കളുടെ ഇഷ്ടാനുസരണം ഇപ്പോള്‍ കാനഡ, ന്യൂസിലന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.
അന്ന്, ഞാന്‍ വിദേശത്തേക്കില്ല, ഇന്ന് കാനഡയില്‍ സകുടുംബം
എംസിഎയ്ക്ക് യൂണിവേഴ്‌സിറ്റി റാങ്കോടെ പാസായപ്പോഴും അവന്‍ പറഞ്ഞു: വിദേശത്ത് ജോലി വേണ്ട, നാട്ടില്‍ മതി. ഓരോ കമ്പനി ചാടി ചാടി കൂടെ പഠിച്ചവരും സഹപ്രവര്‍ത്തകരും കരിയറിന്റെ പടവുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തപ്പോഴും അവനെ അതൊന്നും മോഹിപ്പിച്ചില്ല. ''നല്ല കമ്പനിയാണ്. മാന്യമായ വേതനം ലഭിക്കുന്നുണ്ട്. പിന്നെന്തിന് ചാടണം.'' ഇതായിരുന്നു അവന്റെ തിയറി. ഹയര്‍ സെക്കന്ററി അധ്യാപികയായ ഭാര്യയും രണ്ട് ചെറിയ മക്കളുമായി നാട്ടില്‍ കഴിഞ്ഞ ആ യുവാവ് കഴിഞ്ഞ വര്‍ഷം കാനഡയിലേക്ക് ചേക്കേറി. ''മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടും ഇവിടെ. പിന്നെ അവിടെ കിട്ടുന്ന വേതനത്തിന്റെ 10-15 മടങ്ങ് കിട്ടും. തണുപ്പ് സഹിക്കാന്‍ പറ്റു ന്നില്ലെന്നേയുള്ളൂ. സ്‌കൈപ്പിലൂടെ വീട്ടി ലുള്ളവരുമായി എല്ലാം സംസാരിക്കും. അതുകൊണ്ട് അകല്‍ച്ച തോന്നുന്നില്ല. നമുക്ക് പറ്റുന്ന കാലത്ത് ചില തീരുമാന
ങ്ങളെടുത്തില്ലെങ്കില്‍ പിന്നീട് ദുഃഖിക്കേ ണ്ടി വന്നാലോ. ആ യുവാവ് ചോദിക്കുന്നു.
ഒരു കാലത്തും വിദേശത്ത് പോകില്ല. നാട്ടില്‍ ജോലി ചെയ്യാനാണ് കഷ്ടപ്പെട്ട് ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്‍സി പാസായത് എന്ന് ഘോരഘോരം വാദിച്ചിരുന്ന മറ്റൊരു യുവാവ് രാജ്യാന്തര കണ്‍സള്‍ട്ടിംഗ്, എക്കൗണ്ടന്‍സി സ്ഥാപനത്തിനൊപ്പം
ചേര്‍ന്ന് യു കെയിലേക്കാണ് ചേക്കേറിയത്. എന്തേ തീരുമാനങ്ങള്‍ മാറ്റിയതെന്ന് ചോദിച്ചപ്പോള്‍ മറുപടി വന്നു: എന്റെ നാട്, എന്റെ ഇഷ്ടം എന്നു പറഞ്ഞിരുന്നാല്‍ കാര്യമില്ല. എന്നിലൂടെ എന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മികച്ചൊരു ജീവിത നിലവാരം കിട്ടും. പിന്നെയെന്തിന് മടിച്ചു നില്‍ക്കണം.
ലക്ഷ്യം പെര്‍മനന്റ് റെസിഡന്‍സി
നാട്ടില്‍ പഠിച്ച് ഗള്‍ഫില്‍ പോയി ജോലി ചെയ്യാമെന്ന ചിന്തകളും ഇപ്പോള്‍ മാറിയിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ പഠിച്ച് അവിടെ തന്നെ തൊഴില്‍ പരിചയം നേടി അവിടെ പെര്‍മന്റ് റെസിഡന്‍സി (പി ആര്‍) എടുക്കാനാണ് പുതുതലമുറ ആഗ്രഹിക്കുന്നത്. അതോടെ വിദേശ രാജ്യങ്ങളിലെ പഠന കോഴ്‌സുകള്‍ക്ക് ഡിമാന്റ് ഏറി. ''സ്റ്റുഡന്റ് വിസയ്ക്കുള്ള ഡിമാന്റ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. മാത്രമല്ല കോഴ്‌സുകളുടെ സീറ്റ് ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 2020ലേക്കുള്ള അഡ്മിഷനാണ് നടക്കുന്നത്. വിദേശത്തെ കോഴ്‌സുകളിലേക്ക് 10 - 12 മാസങ്ങള്‍ക്കു മുമ്പേ അപേക്ഷിക്കേണ്ട അവസ്ഥയാണ്,'' ഫാ. വര്‍ഗീസ് പൊന്തേമ്പിള്ളി ചൂണ്ടിക്കാട്ടുന്നു.
പഠനം തന്നെ വിദേശത്താക്കിയാല്‍ പല രാജ്യങ്ങളിലും നിശ്ചിത കാലയളവില്‍ അവിടെ തുടരാന്‍ അനുമതി ലഭിക്കും. ആ കാലയളവില്‍ അവര്‍ക്ക് അവിടെ മികച്ച ജോലി ലഭിക്കാനും സാധ്യത ഏറെയാണ്. ''ഉന്നത നിലവാരത്തിലുള്ള പഠനം, തൊഴില്‍ ലഭിക്കുമെന്ന ഉറപ്പ്, പി ആര്‍ കിട്ടാനുള്ള സാധ്യത എന്നിവയെല്ലാം കൊണ്ട് ന്യൂസിലന്റിലേക്കും ഓസ്‌ട്രേലിയയിലേക്കുമൊക്കെ ഉന്നത പഠനത്തിന് പോകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയിരിക്കുകയാണ്,'' റിയ എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിലെ കൗണ്‍സിലറായ അനു ചെറിയാന്‍ പറയുന്നു.
പഠനത്തിനായി വിദേശത്ത് പോകുന്ന സ്മാര്‍ട്ട് വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം പാര്‍ടൈം ജോലിയും ചെയ്ത് വരുമാനമുണ്ടാ ക്കുന്നുണ്ട്. നാട്ടിലെ വീടും സ്ഥലവും ബാങ്കില്‍ ജാമ്യം നല്‍കി വായ്പയെടുത്ത് വിദേശത്ത് പഠിക്കാന്‍ പോകുന്ന മധ്യവര്‍ഗ കുടുംബത്തിലെ പുതുതലമുറ അവിടത്തെ പഠന കോഴ്‌സിന്റെ പഠന ഭാരവും മറ്റും പരിഗണിച്ച ശേഷം പലവിധ പാര്‍ടൈം ജോലികളില്‍ പ്രവേശിക്കുന്നുണ്ട്.
കാനഡ ഇഷ്ട രാജ്യം
മൈഗ്രേഷന് ഇപ്പോള്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന രാജ്യം കാനഡയാണ്. രണ്ടാം സ്ഥാനം ഓസ്‌ട്രേലിയയ്ക്കും.
പുതിയ ബ്രെക്‌സിറ്റ് നിയമങ്ങളെ തുടര്‍ന്ന് ബ്രിട്ടനിലേക്കും നഴ്‌സുമാര്‍ ഏറെ പോകുന്നുണ്ട്. മുന്‍പും യു കെ നഴ്‌സുമാര്‍ക്ക് ഇഷ്ട രാജ്യമായിരുന്നു. പക്ഷേ ഇപ്പോള്‍ ബ്രിട്ടനില്‍ നിയമം കര്‍ശനമാകു ന്നുണ്ട്. അയര്‍ലന്റ്, ന്യൂസിലന്റ് എന്നീ രാജ്യങ്ങളിലേക്കും അന്വേഷണങ്ങള്‍ നിരവധിയാണ്. ഏറെ പേര്‍ വര്‍ഷാവര്‍ഷം അവിടേക്ക് ചേക്കേറുകയും ചെയ്യുന്നു.
''കാനഡയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് കൂടുതലായി ആളുകള്‍ ഇപ്പോള്‍ ജോലി തേടിപോകുന്നത്. യുകെ ഒരു കാലത്ത് മലയാളികളുടെ ഇഷ്ട രാജ്യമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത്രമാത്രം പ്രിയമില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമാകുകയും പി ആര്‍ ലഭിക്കുന്നത് അപൂര്‍വമാകുകയും ചെയ്തതോടെയാണിത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളായ മാള്‍ട്ട, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളില്‍ അവസരങ്ങളും ഏറെയാണ്. അവിടേക്കുള്ള തൊഴില്‍ അന്വേഷകരും ഏറെയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് ഒഴികെയുള്ള വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്,'' എഡ്യുവേള്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ എം.കെ ലബീബ് ചൂണ്ടിക്കാട്ടുന്നു.
പോളണ്ട്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ജോലി തേടി മലബാറില്‍ നിന്ന് നിരവധി പേര്‍ ഇപ്പോള്‍ പോകുന്നുണ്ടെന്ന് ഓവര്‍സീസ് ജോബ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ എംഎം ഇന്റര്‍ നാഷണലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ എം.എം ഹുസൈന്‍ പറയുന്നു.
എന്തുകൊണ്ടാണ് കുടിയേറ്റം
മികച്ച ജീവിത നിലവാരം തന്നെയാണ് കുടിയേറ്റത്തെ മലയാളിയെ പ്രേരിപ്പിക്കുന്ന ഘടകം. ഗള്‍ഫ് സമ്പദ് വ്യവസ്ഥയില്‍ വന്ന തിരിച്ചടികളാണ് ഇപ്പോള്‍ കൂടുതല്‍ മലയാളികളെയും മറ്റ് രാജ്യങ്ങളിലേക്ക് പോ കാന്‍ പ്രേരിപ്പിക്കുന്നത്. പുറത്തെ അവസര ങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കാനും മികവ് കാണിക്കുന്ന മലയാളി പുതിയ രാജ്യ ങ്ങള്‍ അനുദിനം തങ്ങളുടെ വിഷ് ലിസ്റ്റില്‍ എഴുതി ചേര്‍ക്കുകയും ചെയ്യുന്നു.
ഇന്ന് മക്കളെ വിദേശത്തേക്ക് വിദ്യാഭ്യാസത്തിന് അയക്കാനും മുന്‍പത്തെ പോലെ വിമുഖത മാതാപിതാക്കള്‍ കാണിക്കുന്നില്ല. ലോകത്തിന്റെ ഏത് കോണിലായാലും അനുനിമിഷം ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്. കോഴ്‌സ് ഫീസുകള്‍ കണ്ടെത്താനുള്ള വഴികളുണ്ട്. അവസരങ്ങളെ കുറിച്ചുള്ള അറിവും ഇപ്പോള്‍ ഏറെയാണ്. മാത്രമല്ല ചില വിദേശരാജ്യങ്ങള്‍ ദക്ഷിണേന്ത്യക്കാരെ ഏറെ താല്‍പ്പര്യപ്പെടുന്നുമുണ്ട്. ഇതിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ പല കരിയര്‍, വിദേശ വിദ്യാഭ്യാസ, ജോബ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ മിഥ്യാഭിമാനം വെടിയാന്‍ മടികാണിക്കുന്ന വിദ്യാസമ്പന്നര്‍ വിദേശ രാജ്യങ്ങളില്‍ പെട്രോള്‍ സ്‌റ്റേഷനുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ക്വിക് സര്‍വീസ് റെസ്‌റ്റൊറന്റുകളി ലുമെല്ലാം ഒരു മടിയുമില്ലാതെ പണി ചെയ്യുന്നുണ്ട്. കവി പാലാ നാരായണന്‍ നായര്‍ കേരളം വളരുന്നു എന്ന കവിതയില്‍ പാടിയ പോലെ '' കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍…'' ഇത്തരമൊരു കുടിയേറ്റത്തിന്റെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക തലങ്ങള്‍ ഗൗരവമായ പഠനവും അര്‍ഹിക്കുന്നുണ്ട്.
ജപ്പാനും ജര്‍മനിയും മലയാളിക്കും വഴങ്ങും
തിരുവനന്തപുരത്തെ പ്രമുഖ സ്‌കൂളില്‍ എട്ടാംതരത്തില്‍ പഠിക്കുന്ന കുട്ടി യുടെ അമ്മ അടുത്തിടെ മകന്റെ ഒഴിവുവേളയിലെ വിനോദത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ചെറിയ അത്ഭുതം തോന്നി. യൂ ട്യൂബ് ചാനലുകള്‍ വഴി ജാപ്പനീസ് ഭാഷ പഠിക്കുകയാണ് കുട്ടി. അതിനെ ഏകദേശം വരുതിയിലാക്കി കഴിഞ്ഞു. കാരണം അവന്റെ ഇഷ്ടദേശം ജപ്പാനാണ്. ജോലി ചെയ്യുന്നെങ്കില്‍ ജപ്പാനില്‍ എന്ന ലൈനാണ് അവനുള്ളത്. ജപ്പാനാണ് ഏറ്റവും പുതിയ ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നതെന്ന് എം.കെ ലബീബും പറയുന്നു. ഈയടുത്ത് അഞ്ചുലക്ഷത്തിലേറെ വിദേശ എന്‍ജിനീയര്‍മാരെയാണ് ജപ്പാന്‍ ജോലിക്കായി ക്ഷണിച്ചത്. ''കൊച്ചിയില്‍ കുസാറ്റുമായി ചേര്‍ന്ന് ജപ്പാന്‍ ഭാഷാ പഠന കേന്ദ്രം തുറക്കുകയാണ്. ജപ്പാനില്‍ യുവജനത കുറഞ്ഞു വരുന്നതാണ് തൊഴില്‍ അന്വേഷകര്‍ക്ക് അനുഗ്രഹമായിരിക്കുന്നത്. സുരക്ഷിതമായ രാജ്യം, ആരോഗ്യ - വിദ്യാഭ്യാസ മേഖലയില്‍ പുലര്‍ത്തുന്ന പുരോഗതി, തൊഴില്‍ സുരക്ഷിതത്വം എന്നിവയെല്ലാം കൊണ്ടാണ് ജപ്പാനെ പോലുള്ള രാജ്യങ്ങളിലേക്ക് പോകാന്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നത്,'' എം.കെ ലബീബ് ചൂണ്ടിക്കാട്ടുന്നു.
അതുപോലെ തന്നെ വിദ്യാര്‍ത്ഥികളും തൊഴില്‍ അന്വേഷകരും ഏറെ താല്‍പ്പര്യപ്പെടുന്ന രാജ്യം ജര്‍മനിയാണ്. ബാംഗ്ലൂരില്‍ ഐ.റ്റി രംഗത്ത് മാന്യമായ വേതനത്തോടെ ജോലി ചെയ്തിരുന്നവരൊ യൊക്കെ കണ്ടു കേരളത്തിലെ ജര്‍മന്‍ ഭാഷാ പഠന കേന്ദ്രത്തില്‍. ഗള്‍ഫിലേതു പോലെ അധികം വിദ്യാഭ്യാസമില്ലാത്തവരല്ല ഇത്തരം രാജ്യങ്ങളിലേക്ക് പോകുന്നത്. മിക്ക രാജ്യങ്ങളിലും പ്രൊഫഷണലു കള്‍ക്കാണ് സാധ്യത ഏറെ.
പഠനം, ജോലി എന്നിവയ്ക്കു മാത്രമല്ല ബിസിനസിനും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരും ഇപ്പോള്‍ ഏറെയാണ്. ''ഇപ്പോള്‍ ബിസിനസ് വിസയും എളുപ്പത്തില്‍ ലഭിക്കും. 15 ലക്ഷം രൂപയ്ക്ക് പത്തു വര്‍ഷത്തേക്കുള്ള ബിസിനസ് വിസ നല്‍കുന്ന പല രാജ്യങ്ങളുമുണ്ട്'' എം. കെ ലബീബ് ചൂണ്ടിക്കാട്ടുന്നു.
ഈ മാറ്റം സമ്മാനിക്കുന്നതെന്ത്?
കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് പ്രവാസി മലയാളികള്‍. നാട് വിട്ട് തൊഴില്‍ തേടി പോകുന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരുന്ന മലയാളികള്‍ കൂട്ടത്തോടെ പട്ടാളത്തിലേക്കാണ് ചേക്കേറിയിരുന്നത്. പട്ടാളത്തില്‍ പോകാന്‍ പറ്റാതിരുന്നവര്‍ മലയ, സിലോണ്‍, ബര്‍മ എന്നിവിടങ്ങളിലേക്ക് ചേക്കേറി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കാണ് പിന്നീട് മലയാളികള്‍ ഒഴുകിയത്. ബോംബെ, ഗുജറാത്ത്, കൊല്‍ക്കത്ത എന്നിവിടങ്ങളി ലേക്ക് ഓഫീസ് പേഴ്‌സണലുകളായും ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍, എക്കൗണ്ടന്റ്‌സ്, ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കും നിരവധി മലയാളികള്‍ എത്തി.
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് 2018ല്‍ പുറത്തിറക്കിയ കേരള മൈഗ്രേഷന്‍ സര്‍വെയില്‍ കേരളത്തിലെ അഞ്ചില്‍ ഒരു കുടുംബത്തില്‍ ഒരു പ്രവാസിയുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഈ സര്‍വെ പ്രകാരം കേരളത്തിലേക്ക് പ്രവാസികളില്‍ നിന്ന് പ്രതിവര്‍ഷം 85,092 കോടി രൂപ വരുന്നുണ്ട്.
ഈ തുകയുടെ സിംഹഭാഗവും ഗള്‍ഫ് മലയാളികളുടെ സംഭാവനയാണ്. എന്നാല്‍ ഇന്ന് ഗള്‍ഫിലേക്ക് പോകുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ തിരിച്ചുവരുകയാണ്. ഗള്‍ഫ് മലയാളികള്‍ ഒരിക്കലും അവിടെ സ്ഥിരതാമസം ആഗ്രഹിച്ചിരുന്നില്ല. സാധിക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍ യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, അയര്‍ലന്റ്, ജര്‍മനി, ഹോളണ്ട് എന്നിവിടങ്ങളിലേക്കൊക്കെ പോകുന്നവര്‍ അവിടെ സ്ഥിര പൗരത്വം നേടി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ പതിന്മടങ്ങ് വരുമാനം മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ലഭിക്കുന്നുണ്ട്. അവരില്‍ ചെറിയൊരു ശതമാനം മാത്രമേ കുടുംബത്തെ മുഴുവന്‍ വിദേശത്തേക്ക് പറിച്ചു നടാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ ഇവരുടെ സംഖ്യ, ഗള്‍ഫ് നാടുകളിലെ പ്രവാസി മലയാളികളേക്കാള്‍ കുറവാണെങ്കിലും നാട്ടിലേക്ക് അയക്കുന്ന പണം കൂടുതലായിരിക്കും. വിദേശ രാജ്യങ്ങളിലെ ഉന്നത പഠനവും അവിടെ നിന്നൊക്കെ ലഭിക്കുന്ന അവസരങ്ങളും പുതുതലമുറ മലയാളിയെ കൂടുതല്‍ വൈദഗ്ധ്യമുള്ളവനാക്കുകയും ചെയ്യും.