ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; കേരളത്തിന് ₹8,700 കോടി വായ്പ എടുക്കാന്‍ കേന്ദ്രാനുമതി, ഇന്നെടുക്കും ₹5,000 കോടി

₹19,370 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി

Update:2024-03-12 10:38 IST

Image : Canva and Dhanam file

സാമ്പത്തിക ഞെരുക്കത്താല്‍ പൊറുതിമുട്ടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 5,000 കോടി രൂപ വായ്പ എടുക്കും. ക്ഷേമ പെന്‍ഷന്‍ കുടിശിക വീട്ടാനുള്ള തുകയും ഇതില്‍ നിന്ന് സര്‍ക്കാര്‍ കണ്ടെത്തുമെന്നത് 58 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക് നേട്ടമാകും. ഏകദേശം 900 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് വേണ്ടത്.
ഈ മാസം ആറിനാണ് 13,608 കോടി രൂപ കടമെടുക്കാന്‍ കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. സുപ്രീം കോടതിയില്‍ കേരളം സമര്‍പ്പിച്ച ഹര്‍ജിയുടെ പശ്ചാത്തലത്തിലായിരുന്നു അത്. മൊത്തം 26,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ 13,608 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്നും ബാക്കിത്തുക സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കൂ എന്നുമാണ് കോടതി നിര്‍ദേശിച്ചത്.
ഈ 13,608 കോടി രൂപയില്‍ നിന്ന് ആദ്യഘട്ടമെന്നോണം 8,742 കോടി രൂപ കടമെടുക്കാനാണ് ഇപ്പോള്‍ കേന്ദ്രം അനുവദിച്ചത്. ഇതില്‍ നിന്നാണ് 5,000 കോടി രൂപ ഇന്ന് കടമെടുക്കുന്നത്.
ഇന്നാണ് ലേലം; കേരളം വീണ്ടും കോടതിയിലേക്ക്
റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ പോര്‍ട്ടലില്‍ ഇന്നാണ് കടപ്പത്രങ്ങളിറക്കി കേരളം 5,000 കോടി രൂപ സമാഹരിക്കുന്നത്. 10, 20, 30 എന്നിങ്ങനെ വര്‍ഷക്കാലാവധികളുള്ള കടപ്പത്രങ്ങളാണിറക്കുന്നത്.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേരളവും കേന്ദ്രവും കഴിഞ്ഞദിവസവും ചര്‍ച്ച നടത്തിയിരുന്നു. സുപ്രീം കോടതി നിര്‍ദേശിച്ച 13,608 കോടി രൂപ ഉള്‍പ്പെടെ മൊത്തം 19,370 കോടി രൂപ കടമെടുക്കാന്‍ അനുവദിച്ചണമെന്ന് ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളി. കേന്ദ്രത്തിനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചേക്കും.
14 സംസ്ഥാനങ്ങള്‍, കടമെടുപ്പ് 35,500 കോടി
കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളാണ് ഇന്ന് ഇ-കുബേറില്‍ കടപ്പത്രങ്ങളിറക്കി വായ്പ എടുക്കുന്നത്. മൊത്തം 35,544 കോടി രൂപയാണ് ഇവര്‍ വായ്പ എടുക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
അരുണാചല്‍ പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, കര്‍ണാടക, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവയാണ് കേരളത്തിന് പുറമേ കടമെടുക്കുന്നവ. 6,000 കോടി കടമെടുക്കുന്ന കര്‍ണാടകയാണ് പട്ടികയില്‍ മുന്നില്‍.
ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം
കഴിഞ്ഞ ആറ് മാസത്തിലേറെയായി ക്ഷേമ പെന്‍ഷന്‍ കുടിശികമൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് കേരളം കടമെടുക്കുന്നത് ആശ്വാസമാകും. ഈ മാസം 15 മുതൽ ക്ഷേമപെൻഷനിലെ ഒരു ഗഡു വിതരണം ആരംഭിക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. മസ്റ്ററിംഗ് നടത്തിയ എല്ലാവർക്കും പെൻഷൻ ലഭ്യമാക്കും. കഴിഞ്ഞമാസം വരെയുള്ള കണക്കുപ്രകാരം മാത്രം ഓരോരുത്തര്‍ക്കും 9,600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ കുടിശികയുണ്ട്.
Tags:    

Similar News