കേരളത്തിന്റെ കടം 3.90 ലക്ഷം കോടി,ബാധ്യതയില്‍ എഴാം സ്ഥാനം
2017 മുതല്‍ ആര്‍ബിഐ നിശ്ചയിച്ച പരിധിക്കും മുകളിലാണ് കേരളത്തിന്റെ കടം. മിസോറാം ആണ് മുന്നില്‍
സംസ്ഥാനത്തിന്റെ പൊതുകടം ആഭ്യന്തര ഉള്‍പ്പാദനത്തിന്റെ (ജിഎസ്ഡിപി) 39.1 ശതമാനം ആണ്. ശതമാനക്കണക്കില്‍, ബാധ്യതയില്‍ ഏഴാമതാണ് കേരളം. 3.90 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടം. റിസര്‍വ് ബാങ്ക് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നിയമസഭയില്‍ സര്‍ക്കാര്‍ അറിയിച്ചത് കേരളത്തിന്റെ കടം 3.32 ലക്ഷം കോടിയാണെന്നാണ്. ആറുമാസം കൊണ്ട് ബാധ്യത ഉയരുകയായിരുന്നു. ധനപരമായ ഉത്തരവാദിത്തവും ബജറ്റ് മാനേജ്‌മെന്റും സംബന്ധിച്ച ആക്ട് അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ കടബാധ്യത ജിഎസ്ഡിപിയുടെ 29 ശതമാനത്തില്‍ കൂടരുതെന്നാണ്. എന്നാല്‍ 2017 മുതല്‍ തുടര്‍ച്ചയായി കേരളത്തിന്റെ കടം ഈ പരിധിക്കും മുകളിലാണ്. 2018ല്‍ ഈ പരിധി 20 ശതമാനത്തില്‍ താഴെയാക്കണമെന്ന് എന്‍.കെ സിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയാണ് കടം കുറഞ്ഞ സംസ്ഥാനം. ജിഎസ്ഡിപിയുടെ 23.4 ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ കടം. തെലങ്കാന-28.2 %, തമിഴ്‌നാട്- 32 %, പുതുച്ചേരി-32.2 ശതമാനം ആന്ധ്രപ്രദേശ്- 33 % എന്നിങ്ങനെയാണ് കണക്കുകള്‍.
കടബാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം മിസോറാം ആണ്. ബാധ്യത ജിഎസ്ഡിപിയുടെ 55.7 ശതമാനം ആണ്. ജിഎസ്ഡിപിയുടെ പകുതിയല്‍ അധികം കടമുള്ള ഏക സംസ്ഥാനമാണ് മിസോറാം. പഞ്ചാബ്-48.4%, നാഗാലാന്‍ഡ്- 43.5%, മേഘാലയ- 41.7 %, അരുണാചല്‍ പ്രദേശ്- 41.4% എന്നീ സംസ്ഥാനങ്ങളാണ് മിസോറാമിന് പിന്നാലെ ആദ്യ അഞ്ചിലുള്ളത്.