എല്‍ എന്‍ ജിയിലും സി എന്‍ ജിയിലും കൂടുതല്‍ പരീക്ഷണത്തിനൊരുങ്ങി കെ എസ് ആര്‍ ടി സി
കെ എസ് ആര്‍ ടി സിയിലെ 10 ഡ്രൈവര്‍മാരെ എല്‍ എന്‍ ജി ബസുകളിലെ പരിശീലനത്തിനായി ഗുജറാത്തിലേക്ക് അയക്കും
വില കുറഞ്ഞ ഇന്ധനങ്ങളില്‍ ഓടുന്ന ബസുകളിലേക്ക് മാറാനൊരുങ്ങി കെ എസ് ആര്‍ ടി സി. ഗുജറാത്ത് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ മാതൃക കേരളത്തിലും നടപ്പാക്കാനാണ് നിലവില്‍ ലക്ഷ്യമിടുന്നത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് ഗുജറാത്തില്‍ എല്‍ എന്‍ ജി ബസുകള്‍ മാറ്റി നല്‍കിയിരിക്കുന്നത്. എല്‍.എന്‍.ജിയിലേക്ക് മാറ്റിയ ബസുകള്‍ക്ക് ശരാശരി 5.3 കിലോമീറ്റര്‍ മൈലേജ് ഉണ്ട്.
മലിനീകരണം കുറയും
എഞ്ചിന്റെ ശബ്ദവും ഡീസല്‍ ബസുകളെക്കാള്‍ കുറവാണ്. ഡീസലിനേക്കാല്‍ പുള്ളിങ്ങും ഉണ്ട്. മലിനീകരണത്തോത് വളരെ കുറവുമാണ്. അഡ്മിനിസ്ട്രേറ്റീവ് പ്രൈസ് മെക്കാനിസം (APM) അനുസരിച്ച് എല്‍ എന്‍ ജിയുടേയും, സി എന്‍ ജിയുടേയും വില കുറയുമെന്നാണ് പ്രതീക്ഷ. അതിന് അനുസരിച്ചാകും കെഎസ്ആര്‍ടിസി ഇത്തരം ഇന്ധനങ്ങളിലേക്ക് ബസുകള്‍ മാറ്റുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുന്നത്.
ചര്‍ച്ചകള്‍ സജീവം
പുതിയ മാറ്റങ്ങള്‍ക്കായി വഡോദരയില്‍ ഗുജറാത്ത് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (GSRTC) എല്‍ എന്‍ ജിയിലേക്ക് മാറ്റിയിട്ടുള്ള ബസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഗതാഗതമന്ത്രി ആന്റണി രാജുവും, ഗതാഗത സെക്രട്ടറി ബിജുപ്രഭാകറും വിലയിരുത്തി. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തുവാനും കൂടുതല്‍ ചര്‍ച്ച ചെയ്യുവാനും സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഗതാഗത സെക്രട്ടറി ബിജുപ്രഭാകര്‍, ജിഎസ്ആര്‍ടിസിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.
ഗെയിലിന്റെ സഹായം
ഇതിന് വേണ്ടി ഗ്യാസ് അതോറിറ്റി ഉദ്യോഗസ്ഥരുമായി കേരള ഗതാഗത വകുപ്പ് ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സിയിലെ 10 ഡ്രൈവര്‍മാരെ എല്‍ എന്‍ ജി ബസുകളിലെ പരിശീലനത്തിനായി ഗുജറാത്തിലേക്ക് അയക്കും. 5 ബസുകള്‍ എല്‍ എന്‍ ജിയിലേക്ക് മാറ്റാന്‍ കെ എസ് ആര്‍ ടി സി ഗെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബസുകളുടെ സര്‍വീസുകള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.