അഞ്ചുമാസത്തിനിടെ ഏറ്റവും കുറവ് ഇ-വെ ബില്‍ നവംബറില്‍!
ചരക്ക് നീക്കം കുറയുന്നതിന്റെ സൂചന
രാജ്യത്തെ സമ്പദ് വ്യവസ്ഥ കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് തിരിച്ചുവരവിന്റെ പാതയിലാണെന്നതിന്റെ സൂചനയായി ജി എസ് ടി വരുമാനകണക്ക് ഉയര്‍ത്തിക്കാട്ടുമ്പോഴും, അന്തര്‍സംസ്ഥാന ചരക്ക് നീക്കം കുറയുന്നു. നവംബര്‍ മാസത്തിലെ ഇ-വെ ബില്ലുകളുടെ എണ്ണം കഴിഞ്ഞ അഞ്ചുമാസത്തിനിടെയുള്ള ഏറ്റവും കുറവാണ്. ഉത്സവകാലത്തേക്കുള്ള ചരക്ക് നീക്കത്തിന് ശേഷം പിന്നീട് കാര്യമായ ചരക്ക് കൈമാറ്റം നടന്നിട്ടില്ലെന്നതിന്റെ സൂചന കൂടിയാണിത്. നവംബറില്‍ 6.12 കോടി ഇ - വെ ബില്ലുകളാണുണ്ടായത്. ഒക്ടോബറില്‍ ഇത് 7.35 കോടിയായിരുന്നു. ഈ വര്‍ഷം ജൂണ്‍ മുതല്‍ ഇ-വെ ബില്ലുകളുടെ എണ്ണത്തില്‍ സ്ഥിരമായ വളര്‍ച്ചയാണുണ്ടായിരുന്നത്. മെയ് മാസത്തില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കാലത്ത്, നാല് കോടി ഇ - വെ ബില്ലുകളാണുണ്ടായത്. അവിടെ നിന്ന് ഒക്ടോബറില്‍ 7.35 കോടി എണ്ണം ഇ - വെ ബില്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നെങ്കിലും നവംബറില്‍ 6.12 കോടിയായി കുറഞ്ഞിരിക്കുകയാണ്.