സൗദിയില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് യൂസഫലി; ലക്ഷ്യം 100 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍

മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കും

Update:2024-04-05 17:49 IST

M. A. Yusuff Ali

സൗദി അറേബ്യയില്‍ ബിസിനസ് സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുടെ കരാറൊപ്പിട്ട് ലുലു ഗ്രൂപ്പ്. മക്കയിലും മദീനയിലും ആണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുക.
ഏഴ് ഘട്ടങ്ങളിലായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ നക്ഷത്ര ഹോട്ടലുകളും അപ്പാര്‍ട്ടുമെന്റുകളും ഉണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ഥാടകരുടെ സൗകര്യം ലക്ഷ്യമാക്കിയുള്ള കൂറ്റന്‍ പദ്ധതിയാണിതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.
സൗദി അറേബ്യയില്‍ 100 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. നിക്ഷേപക രംഗത്ത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലും സാമ്പത്തിക പുരോഗതി യാഥാര്‍ഥ്യമാക്കുന്നതിലും ലുലുഗ്രുപ്പ് ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മക്ക ജബല്‍ ഒമറിലെ സൂഖുല്‍ ഖലീല്‍ 3ല്‍ ആരംഭിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നിര്‍മാണ ചുമതല ജബല്‍ ഒമര്‍ ഡെവലപ്പ്‌മെന്റ് കമ്പനിക്കാണ്. മദീനയിലെ പദ്ധതി അല്‍മനാഖ അര്‍ബന്‍ പ്രൊജക്ടാകും പൂര്‍ത്തിയാക്കുക. മദീനയിലെ ലുലു 23,260 ചതുരശ്ര അടി വിസ്തൃതിയിലാണ് ഉയരുന്നത്.
സൗദിയിലെ വിവിധ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലായി 1,100 സൗദി വനിതകളുള്‍പ്പെടെ മൊത്തം 3,300 സൗദികളാണിപ്പോള്‍ ജോലി ചെയ്യുന്നത്. പുതിയ ഈ രണ്ട് പദ്ധതികള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
ജബല്‍ ഒമര്‍ ഡവലപ്‌മെന്റ് കമ്പനി സി.ഇ.ഒ ഖാലിദ് അല്‍ അമൗദി, അല്‍ മനാഖ അര്‍ബന്‍ പ്രൊജക്ട് ഡവലപ്‌മെന്റ് കമ്പനി സി.ഇ.ഒ എഞ്ചിനീയര്‍ വലീദ് അഹമ്മദ് അല്‍ അഹ്‌മദി, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് എന്നിവര്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിര്‍ദിഷ്ട പദ്ധതികളുടെ സംയുക്ത കരാറില്‍ ഒപ്പ് വെച്ചു.
Tags:    

Similar News