മാന്ദ്യമകറ്റാന്‍ 5 നിര്‍ദ്ദേശങ്ങളുമായി മന്‍മോഹന്‍ സിംഗ്;'വാണിജ്യയുദ്ധം മുതലാക്കാന്‍ ഇന്ത്യ തയ്യാറാകണം'

Update:2019-09-12 17:54 IST

അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തിന്റെ ഗുണഫലങ്ങള്‍ മുതലാക്കി കയറ്റുമതി വര്‍ദ്ധിപ്പിക്കുകയെന്നതുള്‍പ്പെടെ അഞ്ച്് കാര്യങ്ങളില്‍ ശ്രദ്ധയൂന്നി വേണം ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കര കയറാനുള്ള  ശ്രമം ഇന്ത്യ നടത്തേണ്ടതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ഈ ദുരവസ്ഥ പെട്ടെന്ന് അവസാനിക്കില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ എടുത്താല്‍ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ.

രാജ്യത്തെ സാമ്പത്തിക മേഖല തകര്‍ന്നത് ചെറിയ പ്രശ്നമായിട്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണുന്നതെന്ന് ഒരു ഹിന്ദി ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ മുന്‍ പ്രധാനമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കാത്ത കാലത്തോളം, പ്രശ്നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. ഇപ്പോഴത്തേത് കൃത്യമായി പറഞ്ഞാല്‍, ഓരോ മേഖലയെയും ശക്തമായി ബാധിച്ചിരിക്കുന്ന പ്രതിസന്ധിയാണ്.

സര്‍ക്കാരിന് ആര്‍ജിക്കാന്‍ കഴിഞ്ഞ വലിയ ജനവിധിയെ ശരിയായി ഉപയോഗപ്പെടുത്തുന്നില്ലെന്നു മന്‍മോഹന്‍ പറഞ്ഞു.ഇത് വന്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരാണ്. അതില്ലാതിരുന്നിട്ടും, രാജ്യത്തിനാവശ്യമായിരുന്ന  സാമ്പത്തിക പരിഷ്‌കാരങ്ങള്‍ താന്‍ സാധ്യമാക്കി. ഈ സര്‍ക്കാരിന് അതിന് സാധിച്ചില്ലെന്ന് മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി.മാന്ദ്യത്തിന്റെ പിടിയിലായവരേയും വിദഗ്ധരേയും  സര്‍ക്കാര്‍ തുറന്ന മനസ്സോടെ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരില്‍ നിന്ന് കേന്ദ്രീകൃതമായ ഒരു സമീപനവും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നതിലുള്ള ഭ്രമത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പുറത്തുവരണം.

അവസാന പാദത്തിലെ 5% വളര്‍ച്ചാ നിരക്ക് ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്നതാണ്. നാമമാത്ര ജിഡിപി വളര്‍ച്ചയും 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഉല്‍പാദനത്തില്‍ കനത്ത ഇടിവുണ്ടായതിനാല്‍ വാഹന മേഖല പ്രതിസന്ധിയിലാണ്. 3.5 ലക്ഷത്തിലധികം ജോലികള്‍ നഷ്ടപ്പെട്ടു. മനേസര്‍, പിംപ്രി-ചിഞ്ച്വാഡ്, ചെന്നൈ എന്നിവിടങ്ങളിലെ ഓട്ടോ ഹബുകളില്‍ ഇതിന്റെ വേദന ഏറ്റവും പ്രകടം. അനുബന്ധ വ്യവസായങ്ങളെയും ഇതു ബാധിക്കുന്നു. ട്രക്ക് നിര്‍മ്മാണത്തിലെ മാന്ദ്യം കൂടുതല്‍ ആശങ്കാജനകമാണ്. ഇത് ചരക്കുകളുടെയും അവശ്യവസ്തുക്കളുടെയും ഡിമാന്‍ഡ് ഇടിഞ്ഞതിന്റെ വ്യക്തമായ സൂചകമാണ്. എല്ലാ മാന്ദ്യവും സേവന മേഖലയില്‍ പിടിമുറുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി കുറച്ചുകാലമായി അനുബന്ധ വ്യവസായങ്ങളായ ഇഷ്ടിക, ഉരുക്ക്, ഇലക്ട്രിക്കല്‍ എന്നിവയെയും ബാധിക്കുന്നു. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതക മേഖലകളിലെ ഇടിവിന് ശേഷം കോര്‍ മേഖല മന്ദഗതിയിലായി. വിളകള്‍ക്കു വില ലഭിക്കാത്തതിനാല്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥ ആകെ വിഷമിക്കുന്നു. 2017-18 ല്‍ തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. സാമ്പത്തിക വളര്‍ച്ചയുടെ വിശ്വസനീയ സൂചകമായ ഉപഭോഗത്തിന്റെ തോത് ആകട്ടെ 18 മാസക്കാലത്തിലെ ഏറ്റവും കുറവും രേഖപ്പെടുത്തി. ഒരു പാക്കറ്റിന് അഞ്ചു രൂപ മാത്രം വില വരുന്ന ബിസ്‌ക്കറ്റിന്റെ വില്‍പ്പനയിലുണ്ടായ ഇടിവ് മുഴുവന്‍ കഥയും വിവരിക്കുന്നു-സിംഗ് പറഞ്ഞു.

സാമ്പത്തിക മേഖല വിചാരിച്ചതിലും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതു മറികടക്കാന്‍ അടിത്തറയിലെ മാറ്റങ്ങളാണ് അത്യാവശ്യം. ധാരാളം സമയം ഇപ്പോള്‍ തന്നെ പാഴായി കഴിഞ്ഞു. നയപരമായി രചനാത്മക തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുമായിരുന്നിട്ടും, അതിനു പകരം വലിയ അബദ്ധങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്, നോട്ടുനിരോധനം പോലെ തന്നെ. അടുത്ത ഘട്ടത്തിലുള്ള സാമ്പത്തിക പരിഷ്‌കരണം ഏറ്റവും ആവശ്യമായ സമയമാണ് കടന്നുപോകുന്നത്. ഇത് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടില്ലെന്നും സിംഗ് പറഞ്ഞു.

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക്  മന്‍മോഹന്‍ മുന്നോട്ട് വയ്ക്കുന്ന അഞ്ച് നിര്‍ദേശങ്ങളില്‍ ആദ്യത്തേത് ജിഎസ്ടി ന്യായമായി നടപ്പാക്കുകയെന്നതാണ്. ഇത് യുക്തിസഹമായി നടപ്പാക്കുമ്പോള്‍ ഹ്രസ്വകാലത്തേക്ക് വരുമാനത്തില്‍ നഷ്ടമുണ്ടാകുമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വരുമാനം വര്‍ധിക്കും. ഉല്‍പ്പാദനം കൂടാനും, തൊഴിലവസരങ്ങള്‍ ഉയരാനും അതു സഹായകമാകും.

ഗ്രാമീണ മേഖലയിലെ ഉപഭോഗം വര്‍ധിപ്പിക്കുകയെന്നതും കാര്‍ഷിക മേഖലയെ ഇതിനായി പുനരുജ്ജീവിപ്പിക്കുകയെന്നതുമാണ് രണ്ടാമത്തെ നിര്‍ദ്ദേശം.തകര്‍ന്ന് കിടക്കുന്ന ഗ്രാമീണ മേഖലയെ പരിപോഷിപ്പിക്കാന്‍ ഇതേ വഴിയുള്ളൂ. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇതിനായി ഉള്‍പ്പെടുത്തിയിരുന്ന നിര്‍ദേശങ്ങള്‍ മോദി സര്‍ക്കാരിന് കടമെടുക്കാവുന്നതേയുള്ളൂ. കാര്‍ഷിക വിപണിയെ വളര്‍ച്ചയിലേക്ക നയിക്കാനാവുന്ന 'ന്യായ്' പദ്ധതിയടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുണ്ടായിരുന്നു.

കടബാധ്യതകളിലൂടെ വന്നുപെട്ടതും വരാനിരിക്കുന്നതുമായ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കണ്ട് പരിഹരിക്കാന്‍ നോക്കണം. പൊതുമേഖലാ ബാങ്കുകള്‍ മാത്രമല്ല, ദേശീയ സാമ്പത്തിക വികസന കോര്‍പ്പറേഷനും കടബാധ്യത കൊണ്ട് പ്രതിസന്ധിയിലാണ്. ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ കണ്ടതായി പോലും ഭാവിച്ചിട്ടില്ല. ബാങ്കുകള്‍ ലയിക്കുന്നത് കൊണ്ട് മാത്രം  സാമ്പത്തിക പ്രശ്നങ്ങള്‍ മാറില്ലെന്നും മന്‍മോഹന്‍ പറഞ്ഞു.മേഖലാ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനുപകരം, മുഴുവന്‍ സാമ്പത്തിക ചട്ടക്കൂടുകളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാന്‍ എത്രയും വേഗം ശ്രമമുണ്ടാകണം.

ടെക്‌സ്‌റ്റൈല്‍സ്, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ്, മിതമായ നിരക്കില്‍ ഭവന നിര്‍മ്മാണം തുടങ്ങിയ പ്രധാന തൊഴില്‍ മേഖലകളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് നാലാമത്തെ നടപടി. ഈ മേഖലകളില്‍ മൂലധന രൂപീകരണത്തിനായി ദ്രവ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്.ചെറുകിട, ഇടത്തരം വ്യാപാര മേഖലയെ വളര്‍ത്തുന്നതിലൂടെ സാമ്പത്തിക മേഖല തനിയെ വളരും. നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ ഇതേ നയങ്ങള്‍ നടപ്പാക്കിയ കാര്യം  മന്‍മോഹന്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം കാരണം ഉയര്‍ന്നുവരുന്ന കയറ്റുമതി അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്നതാണ് സിങ്ങിന്റെ അഞ്ചാമത്തെ നിര്‍ദ്ദേശം. ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് മനുഷ്യന്‍ ഉണ്ടാക്കിയ പ്രതിസന്ധിയാണെന്നു മന്‍മോഹന്‍ പറഞ്ഞു. 'രാജ്യത്തെ സംബന്ധിച്ചിടത്തോളം, ചാക്രികവും ഘടനാപരവുമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ അനിവാര്യമാണ്.അതുണ്ടായാല്‍ 3-4 വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലേക്ക് മടങ്ങാന്‍ കഴിയും.'- സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Similar News